കുവൈറ്റ് സിറ്റി: ചൂട് കൂടുതലുള്ള രാജ്യങ്ങളിൽ വേനൽക്കാലത്ത് വിവാഹമോചനം വർധിക്കുന്നതായി പഠന റിപ്പോർട്ട്. കുവൈത്ത് സർവകലാശാലയിലെ മനശാസ്ത്ര വിഭാഗം തലവൻ ഡോ. ഖാദർ അൽ ബാറൗന്റെ പഠന റിപ്പോർട്ടിലാണ് ഇതു സംബന്ധിച്ചു പരാമർശങ്ങളുള്ളത്.
അനിയന്ത്രിതമായ ചൂട് ഗൾഫ് രാജ്യങ്ങളിലെ കുടുംബ ബന്ധങ്ങളിൽ വലിയ ആഘാതമാണ് ഏൽപ്പിക്കുന്നത്. ചൂടുകാലത്ത് മനുഷ്യൻ വികാരങ്ങൾക്കു കൂടുതൽ അടിമപ്പെടും, പ്രതികരിക്കാനുള്ള ത്വര വർധിക്കും. ഇത് കുടുംബബന്ധങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നാണ് അൽ ബാറൗൻ ചൂണ്ടിക്കാട്ടുന്നത്.
മഞ്ഞു കാലങ്ങളിൽ കുറ്റകൃത്യങ്ങൾ തീരെ ഇല്ലാതാകുകയും ചൂടുകാലത്തു കുറ്റകൃത്യങ്ങളിൽ വർധന രേഖപ്പെടുത്തുകയും ചെയ്യുന്ന യുഎസ് ഇതിന് വലിയ ഉദാഹരണമാണെന്ന് അദ്ദേഹം പറയുന്നു. മറ്റ് 40 ഉദാഹരണങ്ങളും തന്റെ പഠനറിപ്പോർട്ടിൽ അദ്ദേഹം പ്രസിദ്ധീകരിച്ചു.
ഗൾഫ് രാജ്യമായ കുവൈറ്റിൽ വിവാഹമോചനം നേടുന്നവരുടെ എണ്ണം വർധിക്കുന്നതായാണു റിപ്പോർട്ട്. കഴിഞ്ഞ വർഷം മാത്രം 5641 പേർ വിവാഹമോചനം നേടിയതായാണ് ഔദ്യോഗിക കണക്കുകൾ പറയുന്നത്.