വിനയന്റെ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു ആകാശഗംഗ. ആ ചിത്രത്തിന്റെ രണ്ടാം ഭാഗം തീയറ്ററുകളിലേക്ക് എത്തുകയാണ്. ഈ അവസരത്തിൽ ആകാശ ഗംഗയിലെ നായിക ദിവ്യ ഉണ്ണി രണ്ടാം ഭാഗത്തിൽ തന്നെ പരിഗണിക്കാത്തതിൽ പരിഭവമില്ലായെന്നാണ് പറഞ്ഞിരിക്കുന്നത്. ഈ അടുത്ത് നൽകിയ അഭിമുഖത്തിലായിരുന്നു ദിവ്യ ഉണ്ണി മനസ് തുറന്നത്.
“എന്റെ ഹൃദയത്തോട് ചേർന്നു നിൽക്കുന്ന ചിത്രമാണ് ആകാശഗംഗ. എന്റെ കരിയറിലെ ഏറ്റവും വ്യത്യസ്തമായ കഥാപാത്രങ്ങളിലൊന്നായിരുന്നു ചിത്രത്തിലേത്. ആകാശഗംഗയുടെ രണ്ടാംഭാഗം പുറത്തിറങ്ങുമ്പോൾ വലിയ ആകാംക്ഷയാണുള്ളത്.
വിനയനങ്കിളിന്റെ ചിത്രമാകുമ്പോൾ അത് പ്രേക്ഷകരെ നിരാശപ്പെടുത്തില്ല എന്ന കാര്യത്തിൽ തർക്കമില്ല. ആകാശഗംഗയുടെ രണ്ടാംഭാഗത്തിൽ അഭിനയിക്കാൻ കഴിയാത്തതിൽ വിഷമമൊന്നുമില്ല. മറിച്ച് സന്തോഷം മാത്രമേയുള്ളൂ. ആദ്യഭാഗം ജനങ്ങൾ ഏറ്റെടുത്തതു കൊണ്ടാണല്ലോ അതിന് രണ്ടാം ഭാഗമുണ്ടായത്.” ആദ്യചിത്രത്തിന്റെ വിജയത്തിൽ നിർണായക പങ്കുവഹിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ദിവ്യ പറഞ്ഞു.