തിരുവനന്തപുരം: വ്യാജ ഗൈനക്കോളജിസ്റ്റ് ചമഞ്ഞ യുവതി പിടിയിൽ. മെഡിക്കൽ കോളജ് എസ്എടി ആശുപത്രിയിൽ നിന്നും വ്യാജ ഗൈനക്കോളജിസ്റ്റ് ചമഞ്ഞ നെടുമങ്ങാട് കല്ലറ പച്ചയിൽ ചിഞ്ചുഭവനിൽ ആര്യ(24)യാണ് മെഡിക്കൽ കോളജ് പോലീസിന്റെ പിടിയിലായത്. ഇന്നലെ ഉച്ചയോടെ എസ്എടി ആശുപത്രിയിലെ പിജി ഡോക്ടർമാരുടെ റസ്റ്റ് റൂമിൽ നിന്നുമാണ് ഇവരെ പിടികൂടിയത്. രണ്ടുദിവസം മുൻപ് ഇതേ മുറിയിൽ വച്ച് ഒരു പിജി ഡോക്ടറുടെ ബാഗിൽ നിന്നും രണ്ടായിരം രൂപ നഷ്ടപ്പെട്ടിരുന്നു.
ആ സമയം സംശയാസ്പദമായ സാഹചര്യത്തിൽ ഒരു യുവതി അവിടെ ഉണ്ടായിരുന്നു. ഇവരോട് ചോദിച്ചപ്പോൾ പിജി ഡോക്ടറാണെന്ന് പറഞ്ഞ് ഇറങ്ങി പോകുകയായിരുന്നു. തുടർന്ന് ബുധനാഴ്ചയും ഈ യുവതിയെ കണ്ടപ്പോൾ പിജി ഡോക്ടർമാർ സുരക്ഷാ വിഭാഗത്തെ കാര്യമറിയിക്കുകയായിരുന്നു. ഇവർ മെഡിക്കൽ കോളജ് പോലീസിൽ വിവരം അറിയിച്ചതിനെത്തുടർന്ന് പോലീസ് സ്ഥലത്തെത്തി. ഐഡന്റിറ്റി കാർഡ് കാണിക്കാൻ ആവശ്യപ്പെട്ടപ്പോൾ അവർ അതിന് തയാറായില്ല. തുടർന്ന് ഇവരുടെ ബാഗ് പരിശോധിച്ചപ്പോൾ വ്യാജ ഐഡന്റിറ്റികാർഡ്, പത്തുരോഗികളുടെ ചികിത്സാ വിവരങ്ങൾ അടങ്ങിയ കേസ് ഷീറ്റുകൾ, എസ്എടി റൈറ്റിംഗ് പാഡ് ചുരുക്കം ചില ഡോക്ടർമാർ മാത്രം ഉപയോഗിക്കുന്ന വിദേശനിർമിതമായ സ്റ്റെതസ്കോപ്പ് എന്നിവ ഇവരിൽ നിന്നും കണ്ടെത്തി. പ്ലസ് ടു പഠനം കഴിഞ്ഞ് ജനറൽ നഴ്സിംഗ് പാസായതിനു ശേഷം പ്രൈവറ്റ് ആശുപത്രിയിൽ ജോലി നോക്കി വരവെ മെഡിക്കൽ കോളജ് ആശുപത്രിയിൽ താത്ക്കാലികമായി നഴ്സുമാരെ നിയമിക്കുന്നതായി പത്രവാർത്ത കണ്ടു അപേക്ഷ അയച്ചെങ്കിലും ജോലി ലഭിച്ചില്ല. എന്നാൽ വീട്ടിലും നാട്ടിലും തനിക്ക് മെഡിക്കൽ കോളജിൽ ജോലി ലഭിച്ചു എന്ന് പറഞ്ഞ് ഇവർ സ്ഥിരമായി ആശുപത്രിയിൽ വരാറുണ്ട്.
തുടർന്ന് ഇവരെ പോലീസ് ചോദ്യം ചെയ്തതിൽ നിന്നും കഴിഞ്ഞ ഒരു വർഷക്കാലമായി മെഡിക്കൽ കോളജ് ആശുപത്രിയിൽ സ്ഥിരമായി വരാറുണ്ടെന്നും സ്റ്റെതസ്കോപ്പ് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നും മോഷ്ടിച്ചതാണെന്നും ഡിസ്ചാർജ് കേസ് ഷീറ്റുകൾ എസ്എടിയിലെ വാർഡുകളിൽ നിന്നും എടുത്തതാണെന്നും പോലീസിനോട് പറഞ്ഞു. പ്രഥമദൃഷ്ട്യാ പിജി ഡോക്ടറാണെന്ന് തോന്നിക്കുന്ന രീതിയിലാണ് യുവതി മെഡിക്കൽ കോളജ് ആശുപത്രിയിൽ കറങ്ങി നടന്നത്. ഇവർ ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യം നടത്തിയിട്ടുണ്ടോയെന്നും ഡോക്ടറാണെന്ന് പറഞ്ഞ് ആരെയെങ്കിലും കബളിപ്പിച്ചിട്ടുണ്ടോയെന്നും ആശുപത്രിയിൽ ഇവർക്ക് സഹായികളാരെങ്കിലുമുണ്ടോയെന്നും പോലീസ് അന്വേഷിച്ചു വരുന്നുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.