യാത്ര പോകുന്പോൾ വളർത്തുമൃഗങ്ങളെ കൂടെക്കൂട്ടാൻ കഴിയാതെ വിഷമിക്കുന്ന നിരവധി മൃഗസ്നേഹികൾ ചുറ്റുമുണ്ട്. എന്നാൽ, താൻ എവിടെപ്പോയാലും തന്റെ വളർത്തുനായ്ക്കളെയും കൂടെക്കൂട്ടുന്ന ഒരു സഞ്ചാരപ്രിയയുണ്ട് ഡൽഹിയിൽ. പേര് ദിവ്യ ദുഗാർ. ദിവ്യ എവിടേക്കു യാത്രചെയ്താലും വളർത്തുനായ്ക്കളും ഒപ്പം കാണും.
ഫ്രീലാൻസ് ജേണലിസ്റ്റായ ദിവ്യക്ക് തെരുവിൽനിന്നു ലഭിച്ചതാണ് ഈ നായകളെ. ടൈഗ്രസ്, പോണ്ടി, മാർക്കോപോളോ എന്നിങ്ങനെ മൂന്നു നായ്ക്കളായിരുന്നു ദിവ്യയുടെ യാത്രകളിൽ ഒപ്പമുണ്ടായിരുന്നത്. ഇതിൽ പോണ്ടി കഴിഞ്ഞ വർഷം ചത്തു. നായ്ക്കളെ കൂട്ടി ഇന്ത്യ മുഴുവൻ കറങ്ങുന്നതിനൊപ്പം തെരുവുനായ്ക്കളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ദിവ്യയും ഭർത്താവും ബോധവത്കരണ പ്രവർത്തനങ്ങളും നടത്തുന്നുണ്ട്.
നായ്ക്കളെ കൂട്ടി യാത്ര ചെയ്യുന്നത് ബുദ്ധിമുട്ടല്ലേ എന്നു ചോദിച്ചാൽ ലോകത്തിൽ ഒട്ടും മൃഗസൗഹൃദമല്ലാത്ത രാജ്യം ഇന്ത്യയാണെന്നേ ദിവ്യ പറയൂ. നായ്ക്കളെ കാണുന്പോൾ ജനങ്ങൾക്കു പുച്ഛമാണ്. വാഹനങ്ങൾ വാടകയ്ക്കെടുക്കാൻപോലും കഴിഞ്ഞില്ല. ഇവിടെയാണ് ഇന്ത്യൻ റെയിൽവേ സഹായിച്ചത്. നായ്ക്കളെ യാത്രയിൽ ഒപ്പം കൂട്ടാൻ റെയിൽവേ അധികൃതർ അനുവദിച്ചു. മാർക്കോപോളോയ്ക്കും ടൈഗ്രസിനും ട്രെയിൻ യാത്രയോട് വളരെ താത്പര്യമാണെന്നു ദിവ്യ പറയുന്നു. ജനലരികിൽ ഇരുന്ന് കാഴ്ചകൾ കാണുകയാണ് ഇരുവരെയും യാത്രയിലെ പ്രധാന വിനോദം.