അനുമതിയില്ലാതെ അവര്‍ എന്റെ ചിത്രം പരസ്യത്തിനായി ഉപയോഗിച്ചു, പരാതിയുമായി ദിവ്യ എസ് അയ്യര്‍, കോട്ടയം അസിസ്റ്റന്റ് കലക്ടര്‍ ആയിരുന്നപ്പോള്‍ എടുത്ത ചിത്രം ദുരുപയോഗം ചെയ്തു

തിരുവനന്തപുരം സബ് കലക്ടര്‍ ദിവ്യ എസ് അയ്യരുടെ ചിത്രം പരസ്യത്തിനുപയോഗിക്കുന്നതായി പരാതി. തന്റെ ചിത്രം സ്വകാര്യകമ്പനി പരസ്യത്തിന് ഉപയോഗിക്കുന്നതായി ദിവ്യ തന്നെയാണ് പരാതി നല്‍കിയത്. സ്മാര്‍ട്ട്‌വേ ഇന്ത്യ എന്ന ഓണ്‍ലൈന്‍ ഷോപ്പിങ് കമ്പനി സമൂഹമാധ്യമങ്ങളില്‍ പരസ്യത്തിനായി സബ് കലക്ടറുടെ ചിത്രം ഉപയോഗിക്കുന്നതായാണ് ആരോപണം.

ദിവ്യ കോട്ടയം അസിസ്റ്റന്റ് കലക്ടര്‍ ആയിരുന്നപ്പോള്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കവെ ചില യുവാക്കളോടൊപ്പം എടുത്ത ചിത്രമാണ് ഇത്തരത്തില്‍ ദുരുപയോഗം ചെയ്തത്. സംഭവത്തില്‍ ദിവ്യ ഡിജിപിക്ക് പരാതി നല്‍കി.

കമ്പനി തകര്‍ച്ചയിലാണെന്ന വാര്‍ത്ത സമൂഹമാധ്യമത്തില്‍ പ്രചരിച്ചതിനെതുടര്‍ന്നാണ് ഈ ചിത്രമുപയോഗിച്ച് ദിവ്യയും കമ്പനിയില്‍ പങ്കാളിയാണെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്. ഡി ജി പി പരാതി കമ്മിഷണര്‍ക്ക് കൈമാറി. കമ്മിഷണറുടെ നിര്‍ദേശപ്രകാരം പേരൂര്‍ക്കട പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. ശബരീനാഥന്‍ എംഎല്‍എയുടെ ഭാര്യയാണ് ദിവ്യ.

 

Related posts