ഇന്ത്യന് യുവതയുടെ നെഞ്ചിലേക്ക് ജ്വലിക്കുന്ന സൗന്ദര്യവുമായി ഉദിച്ചുയര്ന്ന താരമായിരുന്നു അന്തരിച്ച ദിവ്യ ഭാരതി.
നടി ശ്രീദേവിയുമായുണ്ടായിരുന്ന രൂപസാദൃശ്യം വളരെപ്പെട്ടെന്നു തന്നെ ആളുകളെ ദിവ്യയിലേക്കാകര്ഷിച്ചു.
സൗന്ദര്യം കൊണ്ടും അഭിനയ ചാതുര്യം കൊണ്ടും ശ്രീദേവിയ്ക്കൊത്ത പകരക്കാരിയായിരുന്നു ദിവ്യ.
എന്നാല് കൗമാരപ്രായത്തില് തന്നെ വിടര്ന്ന് ജീവിതത്തില് നിന്ന് കൊഴിഞ്ഞു പോകാനായിരുന്നു ദിവ്യയുടെ വിധി.
ഇന്നും ചുരുളഴിയാത്ത രഹസ്യമായി നിലനില്ക്കുന്നതാണ് ദിവ്യ ഭാരതിയുടെ മരണം. 1993 ല് തന്റെ 19ാം വയസ്സിലാണ് ദിവ്യ ഭാരതി മരിക്കുന്നത്.
അഞ്ചാം നിലയിലെ ഫ്ലാറ്റില് നിന്ന് വീണായിരുന്നു മരണം. നടി വീണതാണോ ആരെങ്കിലും തള്ളിയിട്ടതാണോ എന്ന അഭ്യൂഹം ഏറെ നാള് നിലനിന്നു.
കോളിളക്കം സൃഷ്ടിച്ച കേസായി ദിവ്യ ഭാരതിയുടെ മരണം നിലനിന്നു. 1998ഓടെ കേസന്വേഷണം അവസാനിച്ചു.
പക്ഷെ ദുരൂഹതകള് ഇന്നും തുടരുന്നു. 16-ാം വയസ്സില് അഭിനയ ജീവിതം തുടങ്ങിയ ദിവ്യ മൂന്ന് വര്ഷം മാത്രമേ കരിയറില് നിന്നുള്ളൂ.
എന്നാല് ഇന്നും അഭിനയിച്ച സിനിമകളിലൂടെയും നിറഞ്ഞാടിയ ഗാനരംഗങ്ങളിലൂടെയും യുവതയുടെ മനസ്സില് നിത്യസാന്നിദ്ധ്യമായി ദിവ്യ ജീവിക്കുന്നു.
ആ സമയത്തെ ഏറ്റവും തിരക്കേറിയ താരമായി കരിയറില് തിളങ്ങി നില്ക്കുമ്പോഴുള്ള മരണം ഏവരെയും ഞെട്ടിച്ചു കളഞ്ഞു. നടി അഭിനയിച്ച് കൊണ്ടിരുന്ന സിനിമകള് മുടങ്ങി.
ഇവയിലേക്ക് പകരം നായികമാരെത്തി. ലാഡ്ല ഉള്പ്പെടെയുള്ള സിനിമകളില് ശ്രീദേവി നായികയാവുന്നത് ദിവ്യ ഭാരതിയുടെ മരണത്തോടെയാണ്.
ദിവ്യ ഭാരതിയുടെ വ്യക്തി ജീവിതം സംബന്ധിച്ചും ചില അഭ്യൂഹങ്ങളുണ്ടായിരുന്നു. ഫിലിം മേക്കര് സാജിദ് നാദിയാ വലയായിരുന്നു ദിവ്യ ഭാരതിയുടെ ഭര്ത്താവ്.
ഇരുവരും വീട്ടുകാരുടെ എതിര്പ്പ് മൂലം രഹസ്യമായാണ് വിവാഹം നടത്തിയത്. ദിവ്യക്ക് 18 വയസ്സായപ്പോള് തന്നെ വിവാഹവും നടന്നു.
വിവാഹ ശേഷം നടി മതം മാറിയെന്നും പേര് സന നാദിയത്വാല എന്നാക്കിയെന്നും റിപ്പോര്ട്ടുകള് വന്നിരുന്നു.
വിവാഹം കഴിഞ്ഞ് ഒരു വര്ഷത്തിനുള്ളില് ദിവ്യ മരിച്ചു. സാജിദിനെ ഇത് വലിയ രീതിയില് ബാധിച്ചു.
പിന്നീട് ചെയ്ത സിനിമകളെല്ലാം അദ്ദേഹം തന്റെ പ്രിയതമയ്ക്കായി സമര്പ്പിച്ചു. ജേര്ണലിസ്റ്റായ വര്ദ ഖാനെയാണ് സാജിദ് പിന്നീട് വിവാഹം ചെയ്തത്.
ദിവ്യ ഭാരതിയുടെ ഫോട്ടോ ഭര്ത്താവ് ഇപ്പോഴും പഴ്സില് സൂക്ഷിക്കുന്നുണ്ടെന്ന് വര്ദ മുമ്പൊരിക്കല് പറഞ്ഞിരുന്നു.
സാജിദിനെക്കുറിച്ചുള്ള പുതിയ വിവരമാണിപ്പോള് പുറത്ത് വരുന്നത്. മുംബൈയില് ജുഹുവില് 31 കോടിയുടെ സ്ഥലം വാങ്ങിയിരിക്കുകയാണത്രെ സാജിദ്.
തന്റെ പ്രൊഡക്ഷന് കമ്പനിക്കായാണിത്. നാദിയാവാല ഗ്രാന്റ്സണ്സ് എന്റെര്ടെയ്ന്മെന്റ് എന്ന പ്രൊഡക്ഷന് ഹൗസിന്റെ ഉടമയാണ് സാജിദ്.
സത്യ പ്രേം കി കഥ എന്ന സിനിമയാണ് ഇദ്ദേഹം പുതിയതായി നിര്മ്മിക്കാന് പോവുന്നത്. കാര്ത്തിക് ആര്യന് കിയര അദ്വാനി എന്നിവരാണ് സിനിമയിലെപ്രധാന താരങ്ങള്.
ഇതിനകം 200 ഓലം സിനിമകള് നാദിയാവാല ഗ്രാന്റ്സണ്സ് എന്റര്ടെയ്ന്മെന്റ് നിര്മ്മിച്ചിട്ടുണ്ട്. ബാഗി, ജഡ്വ, ഹൗസ്ഫുള് തുടങ്ങിയ സിനിമകള് ഇതില് ഉള്പ്പെടുന്നു.
ആദ്യ സിനിമയായ സുലം കി ഹുകുമത് എന്ന ചിത്രം നിര്മ്മിക്കുമ്പോഴാണ് ദിവ്യ ഭാരതിയെ ആദ്യമായി ഇദ്ദേഹം നേരില് കാണുന്നത്.
പിന്നീട് ഇവര് സൗഹൃദത്തിലാവുകയും സൗഹൃദം പ്രണയത്തിലേക്ക് വഴി മാറുകയും ചെയ്തു. കരിയറില് ഏറെനാള് താരമായി തിളങ്ങേണ്ട നടിയായിരുന്നു ദിവ്യ ഭാരതി.
തെന്നിന്ത്യന് സിനിമകളില് നിന്നുമാണ് ദിവ്യ ഭാരതി ഹിന്ദിയിലേക്ക് കടക്കുന്നത്. മരണത്തില് പോലും ശ്രീദേവിയും ദിവ്യയും തമ്മില് സമാനതകള് ഉണ്ടായിരുന്നെന്നത് കൗതുകകരമാണ്. 2018ലാണ് ശ്രീദേവി മരിക്കുന്നത്.
സിനിമാ ലോകത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു ശ്രീദേവിയുടെ അപ്രതീക്ഷിത വിയോഗം. ബന്ധുവിന്റെ വിവാഹത്തിന് ദുബായിലെത്തിയ നടിയെ ഹോട്ടലിന്റെ ബാത്ത്ടബ്ബില് മരിച്ച നിലയില് കണ്ടെത്തുകയായിരുന്നു. മരണത്തെ സംബന്ധിച്ച് പല ആരോപണങ്ങളും ഉയര്ന്നിരുന്നു.