കട്ടപ്പന: നത്തുകല്ലിനു സമീപം ഭർതൃവീട്ടിൽ തമിഴ്നാട് സ്വദേശിനിയായ യുവതി തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ ദുരൂഹതയെന്നു ബന്ധുക്കൾ.
വെള്ളിയാഴ്ച വൈകുന്നേരമാണ് നത്തുകല്ലിനു സമീപം വാടകയ്ക്കു താമസിക്കുന്ന ശങ്കരശേരിൽ വിഷ്ണുവിന്റെ ഭാര്യ ദിവ്യ (26) യെ വീടിനുള്ളിൽ ഉത്തരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
തമിഴ്നാട് ഈറോഡ് ജില്ലയിലെ ഗുരുപ്പ നായക്പാളയം സ്വദേശി വേലു ചാമിയുടെയും ചന്ദ്രയുടെയും മകളാണ് ദിവ്യ. വിഷ്ണുവും കുടുംബവും നാലര വർഷമായി നത്തുകല്ലിനു സമീപം വാടകവീട്ടിലാണ് താമസിക്കുന്നത്.
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട വിഷ്ണുവും ദിവ്യയും ഒന്നര വർഷം മുൻപാണ് വിവാഹം കഴിച്ചത്. ഇവർക്ക് ഒൻപതു മാസം പ്രായമുള്ള പെൺകുഞ്ഞുണ്ട്.
വിവരമറിഞ്ഞ് തമിഴ്നാട്ടിൽനിന്നെത്തിയ ദിവ്യയുടെ ബന്ധുക്കളാണ് മരണത്തിൽ ദുരൂഹത ആരോപിച്ചിരിക്കുന്നത്.
ഭർതൃവീട്ടിൽ യുവതിക്ക് പ്രശ്നങ്ങളുണ്ടായിരുന്നതായും ഒരു മാസം മുന്‍പ് ഇതുസംബന്ധിച്ച് ദിവ്യ കട്ടപ്പന പോലീസിൽ പരാതി നല്‍കിയിരുന്നതായും യുവതിയുടെ ബന്ധുക്കൾ പറയുന്നു.
സബ് കളക്ടറുടെ നേതൃത്വത്തിൽ പോലീസ് ഇൻക്വസ്റ്റ് നടത്തിയ ശേഷം ഇടുക്കി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി.
സംഭവത്തിൽ അന്വേഷണമാവശ്യപ്പെട്ട് പോലീസിൽ പരാതി നല്‍കുമെന്നും യുവതിയുടെ ബന്ധുക്കൾ അറിയിച്ചു.