കാട്ടാക്കട: അമ്മയെയും കുഞ്ഞിനെയും കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി പൂവാർ സ്വദേശി മാഹീൻ കണ്ണ്, ഭാര്യ റുക്കിയ എന്നിവർ പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ.
പൂവച്ചൽ വേങ്ങവിളയിൽ നിന്നും ഊരുട്ടമ്പലം വെള്ളൂർകോണത്ത് വാടകയ്ക്ക് താമസിച്ചിരുന്ന ദിവ്യ(വിദ്യ)യെയും മകളെയും കൊലപ്പെടുത്തിയ കേസിലാണ് 11 വർഷത്തിനു ശേഷം പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തത്.
ദിവ്യയേയും മകളെയും 2011 ഓഗസ്റ്റ് 11മുതലാണ് കാണാതായത്. ഇരുവരെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയെന്ന് മാഹിൻകണ്ണ് പോലീസിനോട് സമ്മതിച്ചു.
ദിവ്യയെയും മകൾ ഗൗരിയെയും മാഹിൻകണ്ണ് കൂട്ടിക്കൊണ്ടുപോയ ശേഷം കാണാതാവുകയായിരുന്നു.
2011 ഓഗസ്റ്റ് 18 നാണ് ഇരുവരെയും പ്രതി കൊലപ്പെടുത്തിത്. മാഹിൻകണ്ണിന്റെ ഭാര്യ റുഖിയയ്ക്കും കൊലപാതകത്തെക്കുറിച്ച് അറിയാമെന്നും പോലീസ് കണ്ടെത്തി.
ദിവ്യയെയും കുഞ്ഞിനെയും പിറകിൽ നിന്ന് തള്ളി കടലിലേക്കിട്ടു എന്നാണ് മാഹിൻകണ്ണ് പോലീസിനു നൽകിയ മൊഴി.
കൂലിപ്പണിക്കാരനായിരുന്ന ജയചന്ദ്രന്റെയും രാധയുടെയും മൂത്തമകളായിരുന്നു ദിവ്യ. പൂവാർ സ്വദേശി മാഹിൻ കണ്ണുമായുള്ള ദിവ്യയുടെ പ്രണയത്തെ തു ടക്കംമുതൽ വീട്ടുകാർ എതിർത്തിരുന്നു.
എന്നാൽ 2008 മുതൽ ദിവ്യയ്ക്കൊപ്പം വാടകവീട്ടിൽ താമസം ആരംഭിക്കുകയായിരുന്നു മാഹീൻ കണ്ണ്.
വിവാഹം രജിസ്റ്റർ ചെയ്യാൻ ദിവ്യ പലതവണ ആവശ്യപ്പെട്ടിട്ടും മാഹിൻകണ്ണ് ഒഴിഞ്ഞുമാറി. ദിവ്യ ഗർഭിണിയായതോടെ മാഹിൻകണ്ണ് വിദേശത്തേക്ക് കടന്നു. 2009 മാ ർച്ച് 14ന് ദിവ്യ പെൺകുഞ്ഞിനെ പ്രസവിച്ചു.
ഒന്നര വർഷത്തിനു ശേഷമാണ് മാഹിൻകണ്ണ് വിദേശത്തുനിന്നും തിരിച്ചെത്തിയത്. ഇതിനിടെയാണ് ഇയാൾക്ക് വേറെ ഭാര്യയും കുട്ടികളുമുണ്ടെന്ന് ദിവ്യ അ റിയുന്നത്.
ഇതേചൊല്ലി ഇരുവരും തമ്മിൽ നിരന്തരം വഴക്കുണ്ടായി. എന്നാൽ തന്ത്രപൂർവം ഇയാൾ ദിവ്യയുമായി വീണ്ടും ബന്ധം സ്ഥാപിച്ച് ഊരുട്ടമ്പലത്ത് താമസം തുടങ്ങി.
ഇതിനു ശേഷം 2011 ഓഗസ്റ്റ് 11ന് വൈകുന്നേരമാണ് ദിവ്യയേയും മകളെയും പുറത്തേക്ക് കൂട്ടികൊണ്ടുപോയത്. അതിനുശേഷം ദിവ്യയെയും കുഞ്ഞിനെയും ആരും കണ്ടിട്ടില്ല.
മകളെ കാണാതായതിന്റെ നാലാം ദിവസം അമ്മ രാധയും അച്ഛൻ ജയചന്ദ്രനും ചേർന്ന് മാറനല്ലൂർ പോലീസിലും പൂവാർ സ്റ്റേഷനിലും പരാതി നൽകിയിരുന്നു.
ഇവിടെ പരാതി നൽകി പുറത്തിറങ്ങിയ രാധ അപ്രതീക്ഷിതമായി മാഹീൻ കണ്ണിനെ കണ്ടു. ഇയാളെ അവർ കൈയോടെ പിടികൂടി സ്റ്റേഷനിലെത്തിച്ചു.
ദിവ്യ യേയും മകളെയും വേളാങ്കണ്ണിയിൽ താമസിപ്പിച്ചിരിക്കുന്നു എന്നായിരുന്നു മാഹീൻ പോലീസിനോട് പറഞ്ഞത്.
വേളാങ്കണ്ണിയിൽ നിന്ന് അവരെ കൂട്ടി കൊണ്ടു വരാമെന്നു സമ്മതിച്ചതോടെ മാഹിൻ കണ്ണിനെ പോലീസ് വിട്ടയയ്ക്കുകയായിരുന്നു.
അന്ന് വിദേശത്തേക്ക് മുങ്ങിയ ഇയാൾ വർഷങ്ങൾക്കുശേഷം തിരിച്ചെത്തി പൂവാറിൽ ഭാര്യയ്ക്കും കുടുംബത്തിനുമൊപ്പം കഴിയുകയായിരുന്നു.
വിദ്യയെയും കുഞ്ഞിനെയും കാണാതായ കേസ് പത്ത് മാസം കഴിഞ്ഞപ്പോൾ മാറനല്ലൂർ പോലീസ് പൂഴ്ത്തി.
മകളെ കാണാതായ ദുഃഖത്തിൽ പിതാവ് ജയച ന്ദ്രൻ കഴിഞ്ഞ വർഷം തൂങ്ങി മരിക്കുകയും ചെയ്തിരുന്നു.
എന്നാൽ അമ്മ രാധ പരാതികളുമായി സ്റ്റേഷനുകൾ കയറിയിറങ്ങി. ജില്ലാ പോലീസ് സൂപ്രണ്ടായി ഡി. ശില്പ ചുമതല ഏറ്റതോടെ രാധയുടെ പരാതി അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു.
നെയ്യാറ്റിൻകര അസി.പോലീസ് സൂപ്രണ്ട് പരാഷിന്റെ നേതൃത്വത്തിൽ ക്രൈംബ്രാഞ്ച്, ഡിസിആർബി ഡിവൈഎസ്പിമാരും പൂവാർ, മാറനല്ലൂർ, സൈബർ സെൽ ഇൻസ്പെക്ടർമാരും അടങ്ങുന്ന 15 അംഗ സംഘത്തിനായിരുന്നു അന്വേഷണ ചുമതല. ഇവർ നടത്തിയ അന്വേഷണമാണ് ഇപ്പോൾ പ്രതിയിലേക്ക് എത്തിയത്.