ഇടതുപക്ഷത്തോട് ചേര്‍ന്നു നില്ക്കുന്ന നടനാണ് അലന്‍സിയര്‍ ലോപ്പസ്. പക്ഷേ മീ ടു ലൈംഗിക ആരോപണത്തില്‍ കുടുങ്ങിയതോടെ ബുദ്ധിജീവികളായ ഇടതുപക്ഷക്കാര്‍ പലരും നടനെ കൈയ്യൊഴിഞ്ഞ മട്ടാണ്. നടി ദിവ്യാ ഗോപിനാഥിന്റെ തുറന്നുപറച്ചിലാണ് ആദ്യം അലന്‍സിയറിന്റെ മുഖംമൂടി അഴിഞ്ഞുവീഴാന്‍ കാരണമായത്. എന്നാല്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം താരത്തിനെതിരേ ആറോളം ജൂണിയര്‍ ആര്‍ട്ടിസ്റ്റുകള്‍ പരാതിയുമായി രംഗത്തെത്തുമെന്നാണ്.
അലന്‍സിയറില്‍ നിന്ന് മോശം അനുഭവം ഉണ്ടായ നടി ദിവ്യ സിപിഎം നേതാവും സിഐടിയു സംസ്ഥാന സെക്രട്ടറിയുമായ കെ.എന്‍. ഗോപിനാഥിന്റെ മകളുമാണ്. അലന്‍സിയറിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ദിവ്യ. തന്നോട് മാത്രമല്ല മറ്റ് ഒട്ടേറെ സ്ത്രികളോട് അലന്‍സിയര്‍ മോശമായി പെരുമാറിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കാര്യങ്ങള്‍ തുറന്ന് പറയാന്‍ തീരുമാനിച്ചത്. വെളിപ്പെടുത്തലിന് സിനിമ രംഗത്ത് നിന്ന് തനിക്ക് പിന്തുണ ലഭിക്കുന്നുണ്ടെന്നും ദിവ്യ അവകാശപ്പെട്ടു.
താന്‍ മാത്രമല്ല അലന്‍സിയറില്‍ നിന്നും മോശം അനുഭവം നേരിടേണ്ടി വന്നത്. പലരോടും അലന്‍സിയര്‍ മോശമായി പെരുമാറിയതിന്റെ വിവരങ്ങള്‍ തനിക്ക് ലഭിച്ചു. ഈ സാഹചര്യത്തിലാണ് താന്‍ സംഭവങ്ങള്‍ തുറന്ന് പറഞ്ഞത്. സിനിമ രംഗത്തെ പ്രശ്നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിഷനെ സമീപിച്ചെന്നും ആവശ്യമെങ്കില്‍ പൊലീസില്‍ പരാതി നല്‍കുന്നതടക്കമുളള നിയമനടപടികള്‍ സ്വീകരിക്കുമെന്നും ദിവ്യ വ്യക്തമാക്കി. കാര്യങ്ങള്‍ തുറന്നു പറഞ്ഞതു കൊണ്ട് സിനിമയില്‍ അവസരങ്ങള്‍ നിഷേധിക്കപ്പെടുമെന്ന് കരുതുന്നില്ല. മഞ്ജുവാര്യരും, വിമന്‍ സിനിമ കലക്ടീവിന്റെ ഭാഗമായ നടിമാരും ഉള്‍പ്പെടെ തനിക്ക് പിന്തുണ അറിയിച്ചിട്ടുണ്ടെന്നും നടി പറയുന്നു.