തിരുവനന്തപുരം: വർക്കലയിൽ സർക്കാർ ഭൂമി സ്വകാര്യവ്യക്തിക്കു കൈമാറാൻ ഉത്തരവു നൽകിയ സംഭവവുമായി ബന്ധപ്പെട്ടു തിരുവനന്തപുരം സബ് കളക്ടർ ദിവ്യ എസ്. അയ്യരെ സ്ഥലംമാറ്റി. തദ്ദേശ വകുപ്പു ഡെപ്യൂട്ടി സെക്രട്ടറിയായാണു മാറ്റിയത്.തിരുവനന്തപുരം സബ് കളക്ടറായി ഇംപ ശേഖറെ നിയമിച്ചു. നിലവിൽ ഫോർട്ട് കൊച്ചി സബ്കളക്ടറാണ്.
വർക്കല അയിരൂരിലെ ഭൂമി കൈമാറ്റം ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ പരിശോധിച്ചു വരികയാണ്. വർക്കല അയിരൂർ വില്ലേജിലെ ഇലകമണ് പഞ്ചായത്തിലെ വില്ലിക്കടവിൽ വർക്കല പാരിപ്പള്ളി സംസ്ഥാനപാതയോരത്തെ 27 സെന്റ് റോഡ് പുറമ്പോക്ക് സ്വകാര്യ വ്യക്തി അനധികൃതമായി കൈവശംവച്ചിരിക്കുന്നതായി കണ്ടെത്തി വർക്കല തഹസിൽദാർ കഴിഞ്ഞ ജൂലൈ 19ന് ഏറ്റെടുത്തിരുന്നു.
ഇവിടെ അയിരൂർ പോലീസ് സ്റ്റേഷനു കെട്ടിടം നിർമിക്കണമെന്ന തീരുമാനത്തിൽ സ്ഥലം ഒഴിച്ചിടുകയും ചെയ്തു. ഭൂമി കൈവശം വച്ചിരുന്ന വ്യക്തി റവന്യു വകുപ്പിന്റെ നടപടി ചോദ്യം ചെയ്തു ഹൈക്കോടതിയെ സമീപിച്ചു. ഹർജിയിൽ ഉചിതമായ തീരുമാനമെടുക്കാൻ സബ് കളക്ടറോട് ഹൈക്കോടതി നിർദേശിച്ചു.
തുടർന്ന് അപ്പീൽ അധികാരിയായ സബ് കളക്ടർ പരാതിക്കാരിയുടെ ഭാഗം കേട്ടതിനുശേഷം തഹസീൽദാറുടെ നടപടി റദ്ദാക്കുകയായിരുന്നു. ഇതേത്തുടർന്നു വർക്കല എംഎൽഎ വി. ജോയിയും പഞ്ചായത്ത് ഭാരവാഹികളും സബ് കളക്ടർക്കെതിരേ രംഗത്തെത്തി.
അതേസമയം, മറ്റൊരു സംഭവത്തിൽ കാട്ടാക്കട താലൂക്കിലെ മണ്ണൂർക്കര വില്ലേജിലെ ഭൂമി സംബന്ധിച്ച് സബ്കളക്ടർ കഴിഞ്ഞ ജൂലൈ 17ന് ഉത്തരവ് പുറപ്പെടുവിച്ചത് 1964ലെ കേരള ഭൂമി പതിവ് ചട്ടപ്രകാരമുള്ള എല്ലാ നടപടിക്രമങ്ങളും പാലിച്ചാണെന്ന് ഇതേക്കുറിച്ച് അന്വേഷിച്ച തിരുവനന്തപുരം കളക്ടർ കെ. വാസുകി, റവന്യു അഡീഷനൽ ചീഫ് സെക്രട്ടറി പി.എച്ച് കുര്യനു റിപ്പോർട്ട് നൽകി.
2010 മുതൽ ഇതു സംബന്ധിച്ച കേസ് നിലവിലുണ്ട്. ഭൂമി പതിവു നിയമം അനുസരിച്ചുള്ള നോട്ടീസ് പരസ്യപ്പെടുത്തിയപ്പോൾ പോലും കുറ്റിച്ചൽ പഞ്ചായത്ത് ആക്ഷേപം ഉന്നയിച്ചിട്ടില്ലെന്നു റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ ജൂലൈ 17ലെ നടപടിക്രമം അനുസരിച്ച് കക്ഷിയോട് കമ്പോളവില അടയ്ക്കാൻ നിയമാനുസൃതം നിർദേശിക്കുകയാണു ചെയ്തത്. ഇതല്ലാതെ ഭൂമി കക്ഷിയുടെ പേരിൽ പതിച്ചു നൽകിയിട്ടില്ല. അപേക്ഷകൻ ഫയൽ ചെയ്ത കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും കളക്ടറുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.