ഷൈബിൻ ജോസഫ്
കാഞ്ഞങ്ങാട്: ദേശീയപാതയിൽ പൊയിനാച്ചി ടൗണിൽ നിന്ന് ബന്തടുക്കയിലേയ്ക്ക് പോകുന്പോൾ ബേഡഡുക്ക പഞ്ചായത്തിലെ കൊളത്തൂരിന് സമീപം ബറോട്ടി എന്ന ചെറിയ ജംഗ്ഷൻ. അവിടെ നിന്ന് വലത്തോട്ട് ഒരു ഊടുവഴിയിലൂടെ സഞ്ചരിച്ചാൽ ചുറ്റും കാണാനുളളത് കാക്കകാൽ തണൽ പോലുമില്ലാതെ ചുട്ടുപൊള്ളുന്ന ചെങ്കൽപ്പാറ.
എന്നാൽ അരകിലോമീറ്റർ മുന്നോട്ടുപോകുന്പോൾ വലതുഭാഗത്തായി കാണുന്ന പച്ചത്തുരുത്ത് ആരുടെയും മനസ് കുളിർപ്പിക്കും.
അവിടെ നമ്മെ സ്വാഗതം ചെയ്യുന്നത് ഒരു ഫ്ളക്സ് ബാനർ “ചെടികളെ നോക്കി പുഞ്ചിക്കൂ, അവർ നിങ്ങളോട് തിരിച്ചും ചിരിച്ചിരിക്കും’ റോഡിൽ നിന്നd വീടു വരെ നൂറു മീറ്റോളം ദൂരം തണൽ വിരിക്കുന്ന പാഷൻ ഫ്രൂട്ട് പന്തൽ. ഇവിടെയാണ് എം. ശ്രീവിദ്യ എന്ന 35കാരി ഒരുക്കിയ ഹരിതസ്വർഗം.
നാൽപതിനം പഴവർഗങ്ങളും പച്ചക്കറികളും, 1700 ഓളം മീനുകൾ, 70 മുട്ടക്കോഴികൾ, ഒരും പശുവും കിടാവും ഇതൊക്കെയാണ് കരിന്പാറക്കെട്ടിലെ ഒരേക്കർ പുരയിടത്തിൽ ഇതൊക്കെ നമുക്ക് വിസ്മയത്തോടെ മാത്രമേ കണ്ടുനിൽക്കാനാവൂ.
കൃഷി ചെയ്യാൻ പ്രധാനം ഫലഭൂയിഷ്ടമായ മണ്ണോ വെള്ളമോ അല്ലെന്നും കൃഷിയോടുള്ള നമ്മുടെ സമർപ്പണമാണെന്നും ഈ കൃഷിയിടം നമുക്ക് പറഞ്ഞുതരും. കാസർഗോട്ടെ ഒരു ട്രാവൽ ഏജൻസിയിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന ശ്രീവിദ്യ ജോലി കഴിഞ്ഞും അവധിദിവസങ്ങളിലുമാണ് കൃഷി ചെയ്യുന്നത്.
രക്തത്തിൽ അലിഞ്ഞു ചേർന്ന കൃഷി
എ.കെ. നാരായണന്റെയും ദാക്ഷായണിയുടെയും ഇളയമകളായ ശ്രീവിദ്യയ്ക്ക് കൃഷി രക്തത്തിൽ അലിഞ്ഞുചേർന്നതായിരുന്നു. പറന്പിൽ അച്ഛനെ സഹായിക്കുകയെന്നത് ദിനചര്യയുടെ ഭാഗമായിരുന്നു. റബർ ടാപ്പിംഗ് വരെ പഠിച്ചിട്ടുണ്ട്. പഠനത്തിലും മിടുക്കിയായിരുന്നു. എസ്എസ്എൽസി മുതൽ ഡിഗ്രി വരെ ഫസ്റ്റ് ക്ലാസോടെയാണ് പാസായത്.
45 കിലോമീറ്റർ അകലെയുള്ള മഞ്ചേശ്വരം ഗോവിന്ദപൈ കോളജിൽ മൂന്നു ബസുകൾ മാറിക്കയറിയാണ് ഡിഗ്രി പഠനം പൂർത്തിയാക്കിയത്. ഡിഗ്രി രണ്ടാം വർഷത്തിൽ വിവാഹിതയായി. ബാങ്ക് ജോലി എന്ന സ്വപ്നവുമായാണ് ബികോം പഠിച്ചത്. പഠനം പൂർത്തിയാക്കി നിരവധി തവണ ബാങ്ക് ടെസ്റ്റുകൾ എഴുതിയെങ്കിലും ലക്ഷ്യം നേടാനായില്ല.
ഒപ്പമുണ്ടായിരുന്നവരെല്ലാം പഠിച്ച് സർക്കാർ സർവീസിലും ബാങ്കുകളിലും ജോലിക്ക് കയറിയപ്പോൾ നിരാശ തോന്നി. എന്നാൽ കൃഷിയിൽ തത്പരനും ദുബായിൽ സെയിൽസ് എക്സിക്യുട്ടീവുമായ ഭർത്താവ് എം. രാധാകൃഷ്ണൻ ആത്മവിശ്വാസമേകി,
“എന്തിനാ വിഷമിക്കുന്നത്, നീ നല്ലൊരു കർഷകയല്ലേ, എത്ര പേർക്ക് നിന്നെ പോലെ കൃഷി ചെയ്യാൻ സാധിക്കും ? ധൈര്യമായി കൃഷി ചെയ്യ്.’ഈ വാക്കുകളാണ് കുടുംബസ്വത്തായി കിട്ടിയ ഭൂമിയിൽ കൃഷിയിറക്കാൻ ഈ യുവതിക്ക് പ്രചോദനമായത്.
പാറപ്പുറത്ത് എങ്ങനെ കൃഷി ചെയ്യും ?
“മണ്ണും വെള്ളവുമില്ലാത്ത പാറപ്പുറത്തെങ്ങനെ കൃഷി ചെയ്യും. ചെങ്കല്ല് വെട്ടാൻ കൊടുക്കുന്നതാണ് ബുദ്ധി’. ശ്രീവിദ്യയുടെ തീരുമാനം കേട്ടപ്പോൾ ഏതാണ്ട് എല്ലാവരുടെയും പ്രതികരണം ഇങ്ങനെയായിരുന്നു. എന്നാൽ പിന്മാറാൻ ശ്രീവിദ്യ ഒരുക്കമായിരുന്നില്ല. ജെസിബി കൊണ്ടുവന്ന് പാറ പൊട്ടിച്ച് കൃഷിയിടം നിരപ്പാക്കി. പുറത്തു നിന്ന് ലോഡ് കണക്കിന് മണ്ണ് കൊണ്ടുവന്നിട്ടു.
കുഴൽക്കിണർ കുഴിച്ചു. അക്വപോണിക്സ് പോലുള്ള കൃഷി രീതികൾ അലംബിച്ചു. ഇന്ന് സ്ട്രോബറി, ഡ്രാഗൺ ഫ്രൂട്ട്, അനാർ, ഫുലാസാൻ, റംബുട്ടാൻ, ഞാവൽ, ചെറി (ബാർബഡോസ്, സുരിനാം, ആപ്പിൾ എന്നീയിനങ്ങൾ) എന്നീ പഴങ്ങളും എല്ലാ പച്ചക്കറികളും ഇവിടെ സമൃദ്ധമായി വിളയുന്നു.
“പാഷൻ ഫ്രൂട്ട് ഏതാണ്ട് എല്ലാ മാസവും വിളവ് തരും. കിലോയ്ക്ക് നൂറുരൂപ വില കിട്ടും. സ്ക്വാഷ് ഉണ്ടാക്കിയും വിൽക്കാറുണ്ട്. ലിറ്ററിന് 240 രൂപയാണ് വില. കഴിഞ്ഞവർഷം റെഡ് ലേഡി പപ്പായ വിൽപ്പനയിലൂടെ 40,000 രൂപ ലഭിച്ചു.” -ശ്രീവിദ്യ പറയുന്നു.
ബയോഫ്ലോക്ക് ഉൾപ്പെടെ മൂന്നു മീൻകുളങ്ങൾ ഇവിടെയുണ്ട്. കട്ല, രോഹു, മൃഗാൽ, തിലോപ്പിയ, ആസാം വാള എന്നീയിനങ്ങളാണ് ഇവിടെയുള്ളത്. ആവശ്യക്കാർക്ക് മീൻ നേരിട്ട് പിടിച്ചുകൊടുക്കും. കിലോയ്ക്ക് 250 രൂപയാണ് ഈടാക്കുന്നത്. ലോക്ക് ഡൗൺ കാലത്ത് കരനെൽക്കൃഷിയും ചെയ്തു. പത്തു പറ നെല്ലാണ് കൊയ്തെടുത്തത്. മീനുകൾക്കും കോഴികൾക്കുമായി അസോളയും ഇവിടെ വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്.
അധ്വാനം, ആനന്ദം
വിശ്രമം എന്ന വാക്കിന് ശ്രീവിദ്യയുടെ നിഘണ്ടുവിൽ സ്ഥാനമില്ല. പുലർച്ചെ 4.30ന് എഴുന്നേൽക്കും. പിന്നീട് അടുക്കളപ്പണി കഴിഞ്ഞ് കൃഷിയിടത്തിലേയ്ക്ക് ഇറങ്ങും. 8.30 ഓടെ ഓഫീസിലേയ്ക്ക് തന്റെ സ്കൂട്ടറിൽ പുറപ്പെടും. വൈകുന്നേരം 6.30നാണ് വീട്ടിലെത്തുക. വീണ്ടും കൃഷിടത്തിലേയ്ക്ക്.
അതിനിടെ മക്കളുടെ പഠിത്തം, വീട്ടുജോലികൾ എന്നിവയും നടത്തും. “ആദ്യകാലത്ത് പുലർച്ചെ ഒന്നുവരെ കൃഷിയിടം ഹോസ് പിടിച്ച് നനയ്ക്കുമായിരുന്നു. ഡ്രിപ്പ് ഇറിഗേഷൻ ഏർപ്പെടുത്തിയതോടെയാണ് അതൊഴിവായത്.’ -ശ്രീവിദ്യ പറയുന്നു.
മക്കളായ ഒന്പതാം ക്ലാസ് വിദ്യാർഥിനി രേവതികൃഷ്ണയും ഒന്നാം ക്ലാസ് വിദ്യാർഥി ശിവനന്ദും കട്ട സപ്പോർട്ടുമായി അമ്മയ്ക്കൊപ്പമുണ്ട്. തന്റെ കൃഷിയിടം ഒരു ഡെമോൺസ്ട്രേഷൻ പ്ലോട്ടാക്കി മാറ്റണമെന്നാണ് ശ്രീവിദ്യയുടെ സ്വപ്നം.