പത്തനംതിട്ട:ആറാം വയസ്സില്‍ രണ്ടുപേരില്‍നിന്ന് തനിക്കും ദുരനുഭവം ഉണ്ടായതായി പത്തനംതിട്ട ജില്ലാ കളക്ടര്‍ ദിവ്യ എസ്. അയ്യര്‍.
ലൈംഗിക അതിക്രമത്തിനിരയാകുന്ന കുട്ടികളെ സംബന്ധിക്കുന്ന വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകര്‍ക്ക് അവബോധം നല്‍കുന്നതിനായി ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് നടത്തിയ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് കളക്ടര്‍ മോശം അനുഭവത്തെപ്പറ്റി പറഞ്ഞത്.
രണ്ട് വ്യക്തികള്‍ വാത്സല്യപൂര്‍വം അരികത്ത് വിളിച്ച് ദേഹത്ത് സ്പര്‍ശിക്കുകയും വസ്ത്രങ്ങള്‍ അഴിക്കാന്‍ ശ്രമിക്കുകയും ചെയ്തു.
അരുതാത്തതെന്തോ ആണ് സംഭവിക്കുന്നതെന്ന് മനസ്സിലായതോടെ താന്‍ കുതറിയോടി രക്ഷപ്പെട്ടെന്നും കളക്ടര്‍ വെളിപ്പെടുത്തി.
എന്നാല്‍ ഇരുവരുടെയും മുഖം ഇപ്പോള്‍ ഓര്‍മ്മ ഇല്ലെന്നും അവര്‍ പറഞ്ഞു. അന്ന് അങ്ങനെ ചെയ്യാന്‍തോന്നി. എന്നാല്‍, എല്ലാ ബാല്യങ്ങള്‍ക്കും അതിന് കഴിയുന്നില്ല.
നിഷ്കളങ്ക ബാല്യങ്ങള്‍ക്ക് ഏല്‍ക്കേണ്ടി വരുന്ന ഇത്തരത്തിലുളള ആഘാതങ്ങള്‍ അവരുടെ ജീവിതകാലം മുഴുവന്‍ വേട്ടയാടും.
ഗുഡ് ടച്ച്, ബാഡ് ടച്ച് എന്താണെന്ന് നമ്മുടെ കുട്ടികളെ നാം ബോധവാന്മാരാക്കണം.പുരുഷന്റെ ലൈംഗികത ശരിയും സ്ത്രീകളുടെ ലൈംഗികത തെറ്റുമാണ് എന്ന പൊതുബോധമാണ് സമൂഹത്തിനുള്ളത്. അത്തരം ചിന്തകള്‍ മാറണം.
പെണ്‍കുട്ടികള്‍ക്ക് അവരുടെ ശരീരത്തെയും ലൈംഗികതയെപ്പറ്റിയും സംസാരിക്കാനുള്ള പൊതുസ്ഥലം ഇന്നും ഇല്ല.
പ്രതിസന്ധികള്‍ തരണംചെയ്യാന്‍ കുഞ്ഞുങ്ങള്‍ക്ക് മാതാപിതാക്കളുടെ പിന്തുണയാണ് ആവശ്യം. തനിക്ക് അത് കിട്ടിയിട്ടുണെന്നും കളക്ടര്‍ വ്യക്തമാക്കി.
ഡിസ്ട്രിക്ട് മോട്ടോര്‍ ആക്സിഡന്റ് ക്ലെയിം ട്രിബ്യൂണല്‍ ജഡ്ജി എസ്. ശ്രീരാജ്, അഡ്വ. ആര്. കിരണ്‍രാജ് എന്നിവര്‍ പരിശീലനം നയിച്ചു. പ്രസ് ക്ലബ്ബ് സെക്രട്ടറി എ. ബിജു അധ്യക്ഷത വഹിച്ചു.