പ്രദീപ് ഗോപി
തിരുവനന്തപുരം സബ്കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ അഭിനയിച്ച ആദ്യ സിനിമ തിയറ്ററുകളിലെത്തി. കോട്ടയം അസിസ്റ്റന്റ് കളക്ടറായിരിക്കെദിവ്യ എസ് അയ്യർ ഏറ്റെടുത്ത ചിത്രമാണ് ഏലിയാമ്മച്ചിയുടെ ആദ്യത്തെ ക്രിസ്മസ്. ആദ്യസിനിമയിൽ അഭിനയിക്കുന്പോൾ ദിവ്യ അവിവാഹിത. ഇപ്പോൾ അരുവിക്കര എംഎൽഎ ശബരീനാഥിന്റെ ജീവിതസഖി. കോട്ടയം അസിസ്റ്റന്റ് കളക്ടർ ഇന്ന് തിരുവനന്തപുരം സബ്കളക്ടർ. അങ്ങനെ കുറെയേറെ മാറ്റങ്ങൾക്കു പിന്നാലെയാണ് ആദ്യസിനിമ പ്രദർശനത്തിനെത്തിയത്. ബെന്നി ആശംസയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ഒരു കന്യാസ്ത്രീയുടെ വേഷത്തിലാണ് ദിവ്യ ചിത്രത്തിലെത്തിയിരിക്കുന്നത്. സിനിമയിൽ കെപിഎസി ലളിതയും ദിവ്യയും തകർപ്പൻ പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നതെന്ന് ബെന്നി ആശംസ പറയുന്നു. തന്റെ സിനിമകുടുംബ വിശേഷങ്ങൾ ദിവ്യ സൺഡേ ദീപികയുമായി പങ്കുവയ്ക്കുന്നു.
* ആദ്യമായി ബിഗ്സ്ക്രീനിൽ
കോട്ടയം അസിസ്റ്റന്റ് കളക്ടറായിരിക്കെയാണ് സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിക്കുന്നത്. മുതിർന്ന പൗരന്മാരുടെ പ്രശ്നങ്ങൾ ചർച്ചചെയ്യുന്ന ചിത്രമാണിത്. അതിനാലാണ് അഭിനയിക്കാൻ സമ്മതം മൂളിയത്. കഥ കേട്ടപ്പോൾതന്നെ വാണിജ്യസിനിമ എന്നതിലുപരി സമൂഹത്തിനു നല്ലൊരു സന്ദേശം നൽകുന്ന സിനിമയാണിതെന്ന് തോന്നി. ഇപ്പോൾ സീനിയർ സിറ്റിസൺ ട്രൈബ്യൂണലിന്റെ പ്രിസൈഡിംഗ് ഓഫീസർകൂടിയാണ് ഞാൻ. അതുകൊണ്ടുതന്നെ ദിവസവും ഇവരുടെ പ്രശ്നങ്ങൾ കേട്ടുകൊണ്ടിരിക്കുകയാണ്. അന്ന് അങ്ങനെയൊരു വിഷയത്തെക്കുറിച്ചുള്ള സിനിമയിൽ അവസരം ലഭിച്ചതുകൊണ്ടാണ് സ്വീകരിച്ചത്.
* കന്യാസ്ത്രീയുടെ കഥാപാത്രം
ഒരു വൃദ്ധസദനം നടത്തുന്ന കന്യാസ്ത്രീയുടെ വേഷത്തിലാണ് ഞാനെത്തുന്നത്. ലളിതച്ചേച്ചി അവതരിപ്പിക്കുന്ന ഏലിയാമ്മച്ചി എന്ന കഥാപാത്രത്തിലൂടെയുള്ള യാത്രയാണ് ഈ സിനിമ. ചേർത്തലയിലുള്ള ഒരു ഓൾഡ് ഏജ് ഹോമിലായിരുന്നു ചിത്രീകരണം. അതുകൊണ്ട് അവിടത്തെ അന്തേവാസികളുടെ ജീവിതാനുഭവങ്ങളെെക്കുറിച്ച് അടുത്തറിയാൻ കഴിഞ്ഞു. മറക്കാൻ പറ്റാത്ത അനുഭവമായിരുന്നു അത്. മാത്രമല്ല, ലളിതച്ചേച്ചിക്കും മധുസാറിനുമൊപ്പം അഭിനയിക്കാൻ കഴിഞ്ഞതുതന്നെ വലിയ ഭാഗ്യം.
* മഠത്തിലേക്ക്
അച്ഛൻ മറ്റൊരു വിവാഹംകഴിച്ച ശേഷം ആദ്യവിവാഹത്തിലെ മകളായ എന്നെ മഠത്തിലേക്ക് അയയ്ക്കുന്നു. കന്യാസ്ത്രീ ആയ ശേഷം സമൂഹത്തിന് എന്തെങ്കിലും നന്മ ചെയ്യണം എന്നു തോന്നിയതുകൊണ്ട് ഒരു വൃദ്ധസദനം ഏറ്റെടുത്ത് നടത്തുന്നു. അവിടത്തെ അന്തേവാസിയായ ഏലിയാമ്മച്ചിയെ സ്വന്തം അമ്മയായി കാണുന്നു. പിന്നീട് ഇവർ തമ്മിലുള്ള ബന്ധത്തിലൂടെ കഥ മുന്നോട്ടു നീങ്ങുന്നു. മക്കളുണ്ടെങ്കിലും വാർധക്യത്തിൽ ഏലിയാമ്മച്ചിയെ നോക്കാൻ ആരുമുണ്ടായില്ല. ഞാൻ അവതരിപ്പിക്കുന്ന കഥാപാത്രം അച്ഛനും അമ്മയും കൈവിട്ട ഒരു പെൺകുട്ടിയായിരുന്നു.
* ചിത്രീകരണവിശേഷം
ഒരു സിനിമയ്ക്കു പിന്നിൽ ഇത്രയേറെ പ്രയത്നമുണ്ടെന്നു മനസിലായത് ഇപ്പോഴാണ്. ഡബ്ബിംഗും ഞാൻതന്നെയാണ് ചെയ്തത്. അതും വലിയൊരു അനുഭവമായി. സെറ്റിലുള്ള എല്ലാവരും ഒരു കുടുംബംപോലെയാണ് ഷൂട്ടിംഗ് നടന്ന 30 ദിവസവും കഴിഞ്ഞത്. എന്റെ അച്ഛനും അമ്മയും ഒപ്പമുണ്ടായിരുന്നു.
* ഗായിക, നർത്തകി
സംഗീതവും നൃത്തവും കുഞ്ഞുന്നാൾമുതൽ പഠിക്കുന്നു. സ്കൂൾ യുവജനോത്സവങ്ങളിൽ പങ്കെടുത്തു സമ്മാനങ്ങൾ നേടിയിട്ടുണ്ട്.അഭിനയത്തോട് അന്നുതൊട്ടേ താത്പര്യമുണ്ടായിരുന്നു. സംഗീതവും നൃത്തവും ഇപ്പോഴും പരിശീലിക്കുന്നുണ്ട്.
കോട്ടയം അസിസ്റ്റന്റ് കളക്ടറായിരിക്കെ പനച്ചിക്കാട് നവരാത്രി മഹോത്സവത്തിൽ കച്ചേരി നടത്തിയിരുന്നു. സർക്കാരിന്റെ സാംസ്കാരിക പരിപാടിയായ സുവർണം2016 കോട്ടയത്ത് നടന്നപ്പോൾ ഭരതനാട്യവും അവതരിപ്പിച്ചു. അവസരം കിട്ടിയാൽ ഇനിയും സംഗീതനൃത്ത പരിപാടികൾ ചെയ്യണമെന്ന് ആഗ്രഹമുണ്ട്.
* അഭിനയരംഗത്ത് തുടരും
സാമൂഹിക പ്രതിബദ്ധതയുള്ള സിനിമകളിൽ അവസരം ലഭിച്ചാൽ ഇനിയും ചെയ്യണമെന്നുണ്ട്. ഞാൻ ചെയ്യുന്ന ഉദ്യോഗത്തിന് കൈത്താങ്ങാകുന്ന തരത്തിലുള്ള സിനിമകളിൽ അഭിനയിക്കും. അഭിനയാനുഭവത്തിനുവേണ്ടി മാത്രമുള്ള ചിത്രങ്ങൾ ചെയ്യാൻ താത്പര്യമില്ല.
* ദാന്പത്യം
ദാന്പത്യം സന്തോഷകരമായി മുന്നോട്ടുപോകുന്നു. എല്ലാം മറ്റൊരു വ്യക്തിയുമായി പങ്കുവയ്ക്കപ്പെടുന്നു എന്നത് പുതിയൊരനുഭവമാണ്. നേരത്തേ ഇത്തിരി സീരിയസ്നസുള്ള ആളായിരുന്നു ഞാൻ. വിവാഹശേഷം ഇത്തിരി നർമബോധമൊക്കെ വന്നു എന്നു തോന്നുന്നു.
* പ്രതിപക്ഷ എംഎൽഎയുടെ ഭാര്യ
തൊഴിലും സ്വകാര്യ ജീവിതവും തമ്മിൽ കടന്നുകയറ്റമുണ്ടാകരുതെന്ന് നേരത്തേതന്നെ ഞങ്ങൾ ധാരണയിലെത്തിയിരുന്നു. അതു പാലിക്കാൻ ഞങ്ങൾക്ക് കഴിയുന്നുമുണ്ട്. നിയമപാലക എന്ന നിലയിൽ ഏതു പാർട്ടി എന്ന് ഞാൻ നോക്കാറില്ല. മുൻപും ഇപ്പോഴും അങ്ങനെതന്നെയായിരുന്നു. പ്രതിപക്ഷ എംഎൽഎയുടെ ഭാര്യ എന്നതുകൊണ്ടു സർക്കാരിന്റെ ഭാഗത്തുനിന്ന് വിവേചനമൊന്നും ഉണ്ടായിട്ടില്ല. ചെയ്യുന്ന ജോലി നന്നായി ചെയ്താൽ ആരും വിവാദവുമായി വരില്ല.
* സിനിമ
എന്റെയും ഭർത്താവിന്റെയും കുടുംബം ഏറെ കൗതുകത്തോടെയും സന്തോഷത്തോടെയുമാണ് ഏലിയാമ്മച്ചിയുടെ ആദ്യത്തെ ക്രിസ്മസിനെ സ്വീകരിച്ചത്. സമൂഹത്തിനു നല്ലൊരു സന്ദേശം നൽകുന്ന നല്ലൊരു സിനിമയായ ഏലിയാമ്മച്ചിയുടെ ആദ്യത്തെ ക്രിസ്മസിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷവും അഭിമാനവുമുണ്ട്.