മാസങ്ങള്‍ക്കു മുമ്പ് പൂവിട്ട പ്രണയം രഹസ്യമാക്കി വച്ചു:പെണ്‍വീട്ടുകാരെ കണ്ട് കാര്യം അവതതിപ്പിച്ചത് ടി പി ശ്രീനിവാസന്‍; സബ്കളക്ടറും എംഎല്‍എയും തമ്മിലുള്ള പ്രണയം പൂത്തുലഞ്ഞതിങ്ങനെ

Sabarinathan1തിരുവനന്തപുരം: തിരുവനന്തപുരം സബ്കളക്ടര്‍ ദിവ്യാ എസ് അയ്യരും യുവ കോണ്‍ഗ്രസ് എംഎല്‍എ  കെ.എസ് ശബരീനാഥനും തമ്മിലുള്ള പ്രണയം മൊട്ടിട്ടത് മാസങ്ങള്‍ക്കു മുമ്പ്. ശബരിയ്ക്ക് പ്രായം 33, ദിവ്യയ്ക്ക് 32ഉം ഇരുവരോടും വിവാഹം കഴിക്കാനുള്ള സമയമായില്ലേ എന്നു സുഹൃത്തുക്കളും ബന്ധുക്കളും ചോദിക്കാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. പെണ്ണ് അന്വേഷിക്കുന്നുണ്ടെന്ന് ശബരിയും ചെറുക്കനെ നോക്കുന്നുണ്ടെന്ന് ദിവ്യയും ആളുകളോടു പറഞ്ഞു മടുത്തു. ഈ ചോദിച്ചവര്‍ക്കറിയില്ലല്ലോ ഇങ്ങനെയൊരു പ്രണയത്തിന്റെ കാര്യം. ഇരുവരും സൂക്ഷിച്ച ആ രഹസ്യമാണ് ശബരീനാഥന്‍ യാതൊരുവിധ ഗോസിപ്പുകള്‍ക്കും ഇട നല്‍കാതെ ഇന്നലെ ഫേസ്ബുക്കിലൂടെ പരസ്യമാക്കിയത്.

ഇരുവരുടെയും പ്രണയത്തെക്കുറിച്ച് അധികമാര്‍ക്കും അറിവില്ലായിരുന്നു. അങ്ങനെ മാസങ്ങള്‍ ദൈര്‍ഘ്യമുള്ള പ്രണയമാണ് ഇപ്പോള്‍ വിവാഹത്തില്‍ കലാശിക്കാനൊരുങ്ങുന്നത്.
ജൂണ്‍ അവസാന വാരമാണ് വിവാഹം. കോട്ടയം സബ് കലക്ടറായി ഔദ്യോഗിക ജീവിതം തുടങ്ങിയ ദിവ്യ തലസ്ഥാനത്ത് എത്തിയതോടെയാണ് ഇരുവരും അടുക്കുന്നത്. സൗഹൃദം പ്രണയമായി ക്രമേണ വളര്‍ന്നു. ലോ അക്കാദമിയിലെ സമരവും മാസം തോറും നടക്കുന്ന ജില്ലാ അവലോകന യോഗങ്ങളും ഇതിനു നിമിത്തമായി. പ്രണയം ലോകത്തെ അറിയിച്ച വേളയിലും ഇരുവരും തങ്ങളില്‍ അധിഷ്്ഠിതമായ കര്‍ത്തവ്യങ്ങള്‍ നിറവേറ്റുന്നതിന്റെ തിരക്കിലാണ്.

രണ്ടും ജനസേവനമാണ് എന്നതു കൊണ്ട് തന്നെ ഈ മേഖലയില്‍ സജീവമായി ഇവര്‍ പ്രവര്‍ത്തനം തുടങ്ങി. ഇനി പരസ്പ്പരം താങ്ങായി ജീവിക്കാം എന്ന തീരുമാനം എടുത്തപ്പോള്‍ അതിനായി രണ്ട് വീട്ടുകാരോടും സംസാരിക്കുന്ന ദൗത്യം ഏറ്റെടുത്തത് ടി പി ശ്രീനിവാസനായിരുന്നു. അദ്ദേഹമാണ് ‘ശ്രീചക്ര’യില്‍ ഐഎസ്ആര്‍ഒ മുന്‍ ഉദ്യോഗസ്ഥന്‍ കൂടിയായ ദിവ്യയുടെ പിതാവ് ശേഷയ്യരുമായും അമ്മ ഭഗവതി അമ്മാളുമായി സംസാരിച്ചത്. ഇവര്‍ക്ക് പിണക്കമുണ്ടാകുമെന്ന നേരിയ ഭയം ശബരിക്കുണ്ടായിരുന്നു. അതുകൊണ്ട് കൂടിയാണ് അടുത്തറിയുന്ന ടി പി ശ്രീനിവാസനുമായി സംസാരിച്ചത്. അദ്ദേഹം വിഷയം അവതരിപ്പിക്കുകയും ചെയ്തു. കുറെ നാളായി പരസ്പരം അറിയാം. അങ്ങനെ സൗഹൃദവും അടുപ്പവുമായി. പുറത്തു പറഞ്ഞില്ല.

തങ്ങളുടെ പ്രണയം മനസിലാക്കിയ മുന്‍ അംബാസിഡറായ ടി. പി ശ്രീനിവാസനെപ്പോലെയുള്ള കുടുംബ സുഹൃത്തുക്കളാണ്  വിവാഹത്തിന് മുന്‍കൈ എടുത്തതെന്നും ശബരി പറയുന്നു.ഇത് ഒരു വിജയകരമായ കൂട്ടുകെട്ടാകണം എന്നാണു ഞങ്ങളുടെ ആഗ്രഹമെന്നും ഒരു രാഷ്ട്രീയ-ഐഎഎസ് ജോഡി തന്റെ അറിവില്‍ ഇല്ലയെന്നുമായിരുന്നു ദിവ്യയുടെ പ്രതികരണം.
ശബരിയുടെ അമ്മയും സഹോദരനും ഏതാനും ദിവസം മുമ്പു ദിവ്യയുടെ വീട്ടിലെത്തി സംസാരിച്ചതോടെയാണു തീരുമാനം അന്തിമമായത്. ഇതോടെ ശബരി തന്റെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെയും വിവരം അറിയിച്ചു. എ.കെ.ആന്റണി, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, വി എം.സുധീരന്‍ എന്നിവരെ കണ്ട് അനുഗ്രഹം വാങ്ങി. ഇന്നലെ സഭയിലെത്തിയപ്പോള്‍ സുഹൃത്തുക്കളായ മറ്റ് എംഎല്‍എമാരോടും കാര്യം പറഞ്ഞു.

ഇനി ഏറെ നാള്‍ രഹസ്യം സൂക്ഷിക്കാനാവില്ലെന്നു മനസ്സിലാക്കിയ  ശബരി മണ്ഡലത്തില്‍ വച്ച് നടന്ന ഒരു പൊതുപരിപാടിയില്‍ നാട്ടുകാരെ വിവരമറിയിച്ചു. തുടര്‍ന്നു ഫെയ്സ് ബുക്കില്‍ ഇങ്ങനെ കുറിച്ചു: ”വിവാഹത്തെക്കുറിച്ചുള്ള നിങ്ങളുടെ സ്നേഹം നിറഞ്ഞ ചോദ്യങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ടു നാളേറെയായി. ഇരു കുടുംബങ്ങളുടെയും സ്നേഹാശിസ്സുകളോടെ ദിവ്യ എനിക്കു കൂട്ടായി എത്തുന്നു. ബാക്കിയൊക്കെ പിന്നാലെ അറിയിക്കാം”.തിരുവനന്തപുരം എന്‍ജിനീയറിങ് കോളജില്‍ നിന്നു ബി ടെക്കും ഹരിയാനയിലെ മാനേജ്മെന്റ് ഡവലപ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് എംബിഎയും കഴിഞ്ഞ ശബരി, കാര്‍ത്തികേയന്റെ അപ്രതീക്ഷിത വിയോഗത്തോടെയാണു രാഷ്ട്രീയത്തിലേക്കു ചുവടുമാറ്റുന്നത്. ടാറ്റാ ട്രസ്റ്റിന്റെ ആരോഗ്യപദ്ധതിയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. അരുവിക്കര ഉപതിരഞ്ഞെടുപ്പിലെ ഉജ്വലവിജയം കഴിഞ്ഞ തിരഞ്ഞെടുപ്പിലും ആവര്‍ത്തിച്ചു. എസ്എസ്എല്‍സി മൂന്നാം റാങ്കില്‍ വിജയിച്ച ദിവ്യ വെല്ലൂരില്‍ നിന്ന് എംബിബിഎസ് പാസായി. 2014 ലാണ് ഐഎഎസിലേക്കു തിരഞ്ഞെടുക്കപ്പെടുന്നത്. പാട്ടും നൃത്തവും ഒരു പരിധിവരെ അഭിനയവും വഴങ്ങുന്ന ദിവ്യ ഒരു നല്ല കലാകാരി കൂടിയാണ്.

Related posts