പത്തനംതിട്ട: ജില്ലയുടെ അടുത്ത കളക്ടറായി ഡോ.ദിവ്യ എസ്. അയ്യർ നിയമിതയായി. 1982 നവംബർ ഒന്നിനു നിലവിൽ വന്ന പത്തനംതിട്ട ജില്ലയുടെ 36-ാമത്തെ കളക്ടറായാണ് ദിവ്യ എസ്. അയ്യർ ചുമതലയേറ്റെടുക്കേണ്ടത്.
നിലവിൽ മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മിഷൻ ഡയറക്ടറുടെ ചുമതലയിലാണ് ഡോ. ദിവ്യ.
ജില്ലയുടെ ചുമതലയുള്ള വനിതയായ ആരോഗ്യമന്ത്രിക്കൊപ്പം പ്രവർത്തിക്കേണ്ട വനിതാ കളക്ടർ എംബിബിഎസുകാരിയാണെന്നുള്ളതും കോവിഡ്കാല പ്രതിരോധ പ്രവർത്തനങ്ങളിൽ നേട്ടമാകും.
കോഴിക്കോട്ടേക്ക് സ്ഥലംമാറുന്ന നിലവിലെ ജില്ലാ കളക്ടർ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിയും മെഡിക്കൽ ബിരുദധാരിയാണ്. എംബിബിഎസിൽ ഉന്നതവിജയം നേടിയ ശേഷമാണ് ദിവ്യ എസ്. അയ്യർ സിവിൽ സർവീസിലേക്കു തിരിയുന്നത്.
മുൻ എംഎൽഎ കെ.എസ്. ശബരിനാഥിന്റെ ഭാര്യയായ ദിവ്യ കോട്ടയം അസിസ്റ്റന്റ് കളക്ടറായി പ്രവർത്തിച്ചിരുന്നു.
ജില്ലയിൽ നിയമിതയാകുന്ന ആറാമത്തെ വനിതാ കളക്ടറുമാണ് ദിവ്യ. 1986 ഒക്ടോബർ 16 മുതൽ 1987 ജൂലൈ 20വരെ ജില്ലയിൽ പ്രവർത്തിച്ച നീല ഗംഗാധരനാണ് ആദ്യ വനിതാ കളക്ടർ.
പിന്നീട് 1992ൽ നിവേദിത പി. ഹരനും 1994ൽ കെ.ബി. വത്സല കുമാരിയും 2009ൽ എസ്. ലളിതാംബികയും 2016ൽ ആർ. ഗിരിജയും വനിതാ കളക്ടർമാരായി പ്രവർത്തിച്ചു.
ദിവ്യ ചുമതലയേറ്റെടുക്കുന്നതോടെ ജില്ലാ കളക്ടറും പോലീസ് മേധാവിയും വനിതകളാകുമെന്ന പ്രത്യേകത കൂടി ഉണ്ടാകും. ആർ. നിശാന്തിനിയാണ് നിലവിൽ ജില്ലാ പോലീസ് മേധാവി.
ഒരേസമയം വനിതകൾ കളക്ടർ, എസ്പി സ്ഥാനങ്ങളിൽ എത്തുന്നത് ആദ്യമായാണ്. ആർ. ശ്രീലേഖ മാത്രമാണ് ഇതിനു മുന്പ് ജില്ലാ പോലീസ് സൂപ്രണ്ടായി പത്തനംതിട്ടയിൽ പ്രവർത്തിച്ചിട്ടുള്ള വനിത.