ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം രാഷ്ട്രീയത്തില്‍ നിന്നും പതിയെ പിന്‍വലിഞ്ഞ മുന്‍ എംപിയും നടിയുമായ ദിവ്യ സ്പന്ദന വീണ്ടും സിനിമാ ലോകത്ത് സജീവമാകുന്നു. ദിവ്യ സ്പന്ദന അഭിനയിച്ച ദില്‍ കാ രാജ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ലോക്സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞതിനു പിന്നാലെയായിരുന്നു പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ ഹെഡായിരുന്ന ദിവ്യ സ്പന്ദന സമൂഹ മാധ്യമങ്ങളില്‍ നിന്ന് അപ്രത്യക്ഷയായത്.
ബിജെപിയുടെ നിരന്തര വിമര്‍ശകയായിരുന്ന ദിവ്യ രണ്ടാം മോദി സര്‍ക്കാരില്‍ ധനമന്ത്രിയായി ചുമതലയേറ്റ നിര്‍മ്മല സീതാരാമനെ പുകഴ്ത്തിക്കൊണ്ട് പോസ്റ്റ് ഇട്ടിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്കും വഴിവെച്ചു. തൊട്ട് പിന്നാലെയായിരുന്നു ദിവ്യയുടെ ട്വിറ്ററില്‍ നിന്നുള്ള ഒളിച്ചോട്ടം. സോഷ്യല്‍ മീഡിയ വിഭാഗത്തിന്റെ അദ്ധ്യക്ഷ എന്ന വിശേഷണം ട്വിറ്ററില്‍ നിന്ന് ദിവ്യ സ്പന്ദന നീക്കം ചെയ്യുകയും ചെയ്തിരുന്നു. 2003ല്‍ സിനിമയില്‍ സജീവമായ ദിവ്യ കന്നഡ, തമിഴ്, തെലുങ്ക് ഭാഷകളിലുള്ള നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
സിനിമയില്‍ സജീവമായിരിക്കവേയാണ് 2012ല്‍ ദിവ്യ യൂത്ത് കോണ്‍ഗ്രസില്‍ ചേരുന്നത്. 2013ല്‍ മാണ്ഡ്യ ലോക്‌സഭ മണ്ഡലത്തില്‍ നിന്ന് എംപിയായി. 2014ല്‍ ഈ മണ്ഡലത്തില്‍ നിന്ന് മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. പിന്നീടാണ് കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ വിഭാഗത്തില്‍ സജീവമായത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കടുത്ത വിമര്‍ശകയായിരുന്ന ദിവ്യയുടെ പല പോസ്റ്റുകളും വിവാദമായിരുന്നു. മോദിയെ കള്ളനെന്നു വിളിച്ചതിനെത്തുടര്‍ന്ന് ഇവര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടിരുന്നു.
ധനമന്ത്രിയായി ചുമതലയേറ്റ കേന്ദ്ര മന്ത്രി നിര്‍മ്മല സീതാരാമനെ പുകഴ്ത്തിക്കൊണ്ടുള്ള ട്വിറ്റര്‍ പോസ്റ്റ്. ഇതിന് മുന്‍പ് ഒരേയൊരു സ്ത്രീ മാത്രം വഹിച്ചിരുന്ന ധനകാര്യ വകുപ്പ് ഏറ്റെടുത്ത നിര്‍മ്മല സീതാരാമന് ആശംസകള്‍ എന്ന് കുറിച്ചുകൊണ്ടായിരുന്നു ദിവ്യയുടെ ട്വീറ്റ്. എന്നാല്‍ പോസ്റ്റ് വലിയ വിവാദങ്ങള്‍ക്ക് കാരണമായി. പിന്നാലെ അവര്‍ ആ ട്വീറ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു. എന്തായാലും രാഷ്ട്രീയപ്രവര്‍ത്തനത്തിനിടെ നഷ്ടമായ കലാജീവിതം തിരികെപ്പിടിക്കാനുള്ള ശ്രമത്തിലാണ് ദിവ്യ ഇപ്പോള്‍.