ന്യൂഡൽഹി: ബിജെപിക്ക് വ്യാജവാർത്തകൾ സൃഷ്ടിക്കാൻ എന്തിനാണ് സമൂഹമാധ്യമങ്ങൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി മാത്രം മതി. അദ്ദേഹം വ്യാജവാർത്തകൾ പ്രചരിപ്പിച്ചുകൊള്ളുമെന്ന് പരിഹസിച്ച് നടിയും കോണ്‍ഗ്രസ് നേതാവുമായ ദിവ്യ സ്പന്ദന. കർണാടക തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിനു ഏറ്റവും വെല്ലുവിളിയാവുക വ്യാജവാർത്തകളും പ്രചാരണങ്ങളുമാണെന്ന് കോണ്‍ഗ്രസിന്റെ സാമൂഹ്യമാധ്യമങ്ങളുടെ ചുമതല വഹിക്കുന്ന മുൻ എംപി കൂടിയായ ദിവ്യ സ്പന്ദന പറഞ്ഞു.
ഡോണൾഡ് ട്രംപിനെയും നരേന്ദ്ര മോദിയെയും പോലുള്ള തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ നേതാക്കൾ എങ്ങനെയാണ് വ്യാജ വാർത്തകൾ പടച്ചുവിടുന്നതെന്ന് നമ്മൾ കണ്ടിട്ടുണ്ട്. ഇത്തരം വ്യാജ പ്രചാരണങ്ങളെ പ്രതിരോധിക്കാനുള്ള ശ്രമങ്ങളാണ് കോണ്‍ഗ്രസ് നടത്തുന്നത്.
ബിജെപി സകല തെരഞ്ഞെടുപ്പുകളിലും ഇത്തരം വ്യാജ വാർത്തകൾക്ക് അച്ച് നിരത്താറുണ്ട്. ഒടുവിൽ ഗുജറാത്ത് തെരഞ്ഞെടുപ്പിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെതിരെ നരേന്ദ്ര മോദി പടച്ചുവിട്ട വ്യാജ പ്രചാരണം എല്ലാവർക്കുമറിയാമെന്നും ദിവ്യ പറഞ്ഞു.
നവമാധ്യമങ്ങളിലെ ബിജെപിയുടെ സ്വാധീനത്തെ മറികടക്കാൻ എന്തു ചെയ്യാനാകുമെന്ന ചോദ്യത്തിനാണ് മോദിക്കെതിരെ ഗുരുതര പരാമർശം ദിവ്യ നടത്തിയത്. പ്രധാനമന്ത്രി തന്നെ വ്യാജ വാർത്തകൾ പരത്തുന്പോൾ എന്ത് ചെയ്യാൻ കഴിയുമെന്നായിരുന്നു ദിവ്യയുടെ മറുപടി. ഇത് ഗുരുതര ആരോപണമാണെന്ന് മാധ്യമപ്രവർത്തകൻ ഓർമപ്പെടുത്തിയപ്പോൾ, നിങ്ങൾ എന്താണ് അർഥമാക്കിയതെന്നായിരുന്നു ദിവ്യയുടെ മറുചോദ്യം.
പാക്കിസ്ഥാനുമായി കോണ്‍ഗ്രസ് സന്ധിയിലേർപ്പെട്ടതായി ഗുജറാത്ത് തെരഞ്ഞെടുപ്പ് കാലത്ത് നരേന്ദ്ര മോദി പ്രചരിപ്പിച്ചില്ലേ അതാണ് പറഞ്ഞത്, ബിജെപിക്ക് നുണയും വ്യാജ വാർത്തകളും പ്രചരിപ്പിക്കാൻ വാട്സ്ആപ് ട്വിറ്ററും പോലുള്ള നവമാധ്യമങ്ങളുടെയൊന്നും ആവശ്യമില്ല. അതിന് പ്രധാനമന്ത്രി മോദി തന്നെ ധാരാളം. ഒരടിസ്ഥാനവുമില്ലാത്ത പലതും മോദി പ്രചരിപ്പിക്കുന്നുണ്ടെന്നും ദിവ്യ പറഞ്ഞു.