പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ വിഭാഗം മേധാവി ദിവ്യ സ്പന്ദന. നരേന്ദ്ര മോദി ഉള്ളിടത്തോളം കാലം ബിജെപിയ്ക്ക് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ വാട്ട്‌സ്ആപ്പും ട്വിറ്ററും ആവശ്യമില്ലെന്നാണ് ദിവ്യ പറഞ്ഞിരിക്കുന്നത്. കര്‍ണാടക തെരഞ്ഞെടുപ്പിന് മുന്നോടിയായി ഡെയ്‌ലി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് മാണ്ഡ്യ എംപി കൂടിയായ ദിവ്യ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
സാമൂഹിക മാധ്യമങ്ങളില്‍ ബിജെപിയെ എതിരിടാനുള്ള കോണ്‍ഗ്രസിന്റെ പദ്ധതി എന്താണ്, വാട്ട്സ്ആപ്പിനെ കാമ്പയിനിംഗിനും ആളുകളെ ഒരുമിച്ചു കൊണ്ടുവരാനുമുള്ള ഒരു ഉപാധിയായി ബിജെപി ഉപയോഗിക്കുന്നതു പോലെ ഉപയോഗിക്കാനാകുമോ എന്ന ചോദ്യത്തിനായിരുന്നു അവരുടെ മറുപടി.
പ്രധാനമന്ത്രി തന്നെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുമ്പോള്‍ നിങ്ങള്‍ക്ക് എന്തു ചെയ്യാനാവും എന്നാണ് അവര്‍ ചോദിച്ചത്. ബിജെപിക്ക് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ വാട്ട്സ്ആപ്പോ ട്വിറ്ററോ ആവശ്യമില്ല. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ അവര്‍ക്ക് പ്രധാനമന്ത്രിയുണ്ട്. മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് പാക്കിസ്ഥാനുമായി ബന്ധമുണ്ടെന്ന് മോദി പറഞ്ഞില്ലേയെന്നും ദിവ്യ ആരാഞ്ഞു. യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങള്‍ മോദി ഉന്നയിക്കാറുണ്ടെന്നും ദിവ്യ കൂട്ടിച്ചേര്‍ത്തു.