വ്യത്യസ്തമായ രീതിയില്‍ എതിര്‍ടീമിനെ വിമര്‍ശിക്കാനും പരിഹസിക്കാനും കോണ്‍ഗ്രസ് സാമൂഹിക മാധ്യമ വിഭാഗം മേധാവി ദിവ്യ സ്പന്ദനയ്ക്കുള്ള കഴിവ് ശ്രദ്ധേയമാണ്. പലതവണ അവരുടെ ട്വീറ്റുകള്‍ ഇത്തരത്തില്‍ ചര്‍ച്ചയാവുകയും ചെയ്തിട്ടുണ്ട്.
ലോകത്തിലെ ചുരുളഴിയാത്ത രഹസ്യങ്ങളില്‍ അരുണ്‍ ജെയ്റ്റ്ലിയുടെ ധനകാര്യ മന്ത്രി സ്ഥാനവും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ദിവ്യയുടെ ട്വീറ്റാണിപ്പോള്‍ വിവാദമായിരിക്കുന്നത്. ജെയ്റ്റ്ലിയുടെ മന്ത്രിപദവി നിഗൂഢ രഹസ്യമെന്ന് പരിഹസിച്ചാണ് അവര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. ചുരുളഴിയാത്ത നിഗൂഢ രഹസ്യങ്ങളാണ് ഇതെന്ന് പറഞ്ഞാണ് ദിനോസറിനും അന്യഗ്രഹ ജീവികള്‍ക്കും അറ്റ്ലാന്റിക് നഗരത്തിനുമൊപ്പം ജെയ്റ്റിലിയേയും കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
അറ്റ്ലാന്റിക് നഗരം എവിടെയാണ് നഷ്ടപ്പെട്ടത്, ദിനോസറുകളുടെ നാശത്തിന് കാരണമെന്ത്, അന്യഗ്രഹ ജീവികള്‍ യഥാര്‍ഥത്തിലുള്ളതാണോ തുടങ്ങിയ നിഗൂഢത നിലനില്‍ക്കുന്ന ചോദ്യങ്ങള്‍ക്കൊപ്പം ഈ മനുഷ്യന്‍ എങ്ങനെ ധനകാര്യ മന്ത്രിയായി എന്ന് അരുണ്‍ ജെയ്റ്റ്ലിയുടെ ഫോട്ടോ ഉള്‍പ്പെടെ കൊടുത്തിരിക്കുകയാണ് ദിവ്യ സ്പന്ദന. ദിവ്യയുടെ ട്വീറ്റിനെ വിമര്‍ശിച്ചും അനുകൂലിച്ചും സാമൂഹിക മാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയും ഉയര്‍ന്നു വരുന്നുണ്ട്.
Some mystery this- pic.twitter.com/cJNpZv28vq
— Divya Spandana/Ramya (@divyaspandana) October 12, 2018