കൊച്ചി; കലൂര്‍ സ്റ്റേഡിയത്തില്‍ ഗിന്നസ് റിക്കാര്‍ഡ് ലക്ഷ്യമിട്ട് ഇന്നലെ നടത്തിയ പരിപാടിയില്‍ പങ്കെടുത്തവരിൽ നിന്നും സംഘാടകർ പിരിച്ചെടുത്തത് കോടിക്കണക്കിന് രൂപയെന്ന് ആക്ഷേപം. പങ്കെടുത്ത പന്ത്രണ്ടായിരത്തോളം നർത്തകരിൽ നിന്നും പല തുകകളാണ് ഈടാക്കിയിട്ടുള്ളത്.
5100 രൂപ നല്‍കിയാണെന്ന് ഇടുക്കി സ്വദേശിനിയായ നര്ത്തകിയിൽ നിന്നും വാങ്ങിയത്. എന്നാൽ മറ്റു ചിലരിൽ നിന്നാകട്ടെ 3600 രൂപയുമാണ്. പട്ടുസാരി നല്‍കുമെന്നാണ് പറഞ്ഞതെങ്കിലും കിട്ടിയത് സാധാരണ കോട്ടണ്‍ സാരിയാണ്.
ഭക്ഷണം, താമസം, മേക്കപ്പ് എല്ലാം സ്വന്തം കൈയ്യില്‍നിന്ന് പണമെടുത്താണ് ചെയ്തത്. ഗിന്നസ് റിക്കാര്‍ഡ് സര്‍ട്ടിഫിക്കറ്റ് കിട്ടുമെന്ന പ്രതീക്ഷയിലാണ് പരിപാടിയില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചതെന്നും എന്നാല്‍ സംഘാടനത്തില്‍ പിഴവ് ബോധ്യപ്പെട്ടത് ഉമ തോമസിന് പരുക്കേറ്റപ്പോഴാണെന്ന് നര്‍ത്തകി പറഞ്ഞു.
പിന്നീട് പരിപാടിയില്‍ പങ്കെടുത്തില്ലെന്നും അവര്‍ പറഞ്ഞു.താന്‍ മുന്‍പും റിക്കാര്‍ഡ് ലക്ഷ്യമിട്ട് നടത്തിയ പല പരിപാടിയിലും പങ്കെടുത്തിട്ടുണ്ടെങ്കിലും അതിലൊന്നും ഇത്രയധികം പണം ആവശ്യപ്പെട്ടിരുന്നില്ല.
സംഗീതജ്ഞനായ ഭര്‍ത്താവ് പങ്കെടുത്ത പരിപാടികളിലും ഈ നിലയില്‍ പണം ആവശ്യപ്പെട്ടിരുന്നില്ല. അമ്മയുടെ നിര്‍ബന്ധപ്രകാരമാണ് പണം കൊടുത്തത്. എന്നാല്‍ ഇന്നലെ നടന്ന പരിപാടിയുടെ സമയക്രമം പലപ്പോഴായി മാറ്റി.
ഇതിലേക്ക് കൂടുതല്‍ നര്‍ത്തകരെ പങ്കെടുപ്പിക്കുന്ന നൃത്ത അധ്യാപകര്‍ക്ക് ഗോള്‍ഡ് കോയിന് വാഗ്ദാനം ചെയ്തിരുന്നുവെന്നും ഇവര്‍ ആരോപിക്കുന്നു. നൃത്താധ്യാപകര് കുട്ടികളെ പരിപാടിയില്‍ പങ്കെടുപ്പിക്കാന്‍ എത്തിച്ചത് ഇങ്ങനെയാണെന്നും അവര്‍ പറഞ്ഞു.