നൃത്തത്തെ പ്രണയിച്ച് ദിവ്യ ഉണ്ണി
വര്‍ഷങ്ങള്‍ക്കു മുന്‍പ് കല്യാണ സൗഗന്ധികം എന്ന സിനിമയിലൂടെ മലയാളി മനസില്‍ ചേക്കേറിയതാണ് ദിവ്യ ഉണ്ണി. കാമുകിയായും മകളായും സഹോദരിയായുമെല്ലാം ദിവ്യ ഉണ്ണി നിറഞ്ഞു നിന്നത് അന്‍പതിലേറെ സിനിമകളില്‍. സ്കൂള്‍ കലോത്സവവേദികളില്‍ നിന്നും ലഭിച്ച ആത്മവിശ്വാസമാണ് കലാരംഗത്ത് അവരെ നിലനിര്‍ത്തിയത്. ഒപ്പം മലയാളികളുടെ വാത്സല്യവും. തിരുവനന്തപുരം പ്രസ്ക്ലബ് കനകക്കുന്നില്‍ സംഘടിപ്പിച്ച കനകോത്സവത്തില്‍ നൃത്തം അവതരിപ്പിക്കാനാണ് കഴിഞ്ഞ മാസം ദിവ്യ ഉണ്ണി അമേരിക്കയിലെ ഹൂസ്റ്റണില്‍ നിന്ന് കേരളത്തിലെത്തിയത്. സ്നേഹം കലയോടാണ്. പ്രണയം നൃത്തത്തോടും… ദിവ്യ ഉണ്ണി മനസു തുറക്കുന്നു…
സിനിമയിലെത്തിച്ച നൃത്തം
നൃത്തമാണ് എന്നെ സിനിമയിലെത്തിച്ചത്. നൃത്തം മാത്രമല്ല, കലാരംഗത്തോട് ഏറെ താല്പര്യമുള്ള കുടുംബമാണ് ഞങ്ങളുടേത്. നൃത്തമാണ് കൂടുതല്‍ പഠിച്ചത് എന്നു മാത്രം. ചെറുപ്പം മുതല്‍ ഗൗരവമായി പഠിച്ച നൃത്തം ഇന്നും കൂടെയുണ്ട്. ഇപ്പോള്‍ അത് ഒരു നൃത്താധ്യാപിക എന്ന റോളും നല്കുന്നു. എങ്കിലും നൃത്തത്തില്‍ എന്നും ഒരു വിദ്യാര്‍ഥിയായിരിക്കാനാണ് ഇഷ്ടം. ഹൂസ്റ്റണില്‍ നൃത്തം പഠിക്കാന്‍ വരുന്ന കുട്ടികളെല്ലാം കലാരംഗത്തോടു നല്ല താല്പര്യമുള്ളവരാണ്. എന്റെ സിനിമകളെക്കുറിച്ചൊക്കെ ഇടയ്ക്കിടെ ചോദിക്കാറുണ്ട്.
സിനിമയിലേക്കു തിരിച്ചു വരുമോ
ഞാന്‍ സിനിമയില്‍ നിന്നും പോയിട്ടില്ല. സിനിമ ഉപേക്ഷിച്ചിട്ടുമില്ല. അമേരിക്കയില്‍ ആയതിനാല്‍ തല്ക്കാലം സിനിമയില്‍ നിന്നും ഒരു ബ്രേക്ക് ആയി എന്നു പറയാം. പുതിയ സിനിമകളിലേക്ക് വിളികള്‍ വരുന്നുണ്ട്. എന്നാല്‍ അമേരിക്കയില്‍ ആയതിനാല്‍ ഒന്നും സ്വീകരിക്കാന്‍ സാധിച്ചില്ലെന്നു മാത്രം. നല്ല വേഷങ്ങള്‍ ലഭിച്ചാല്‍ മലയാളസിനിമയിലേക്കു തിരിച്ചു വരിക തന്നെ ചെയ്യും.
അമേരിക്കന്‍ ജീവിതം
അമേരിക്കയില്‍ എത്തിയപ്പോള്‍ കുറച്ച് ബുദ്ധിമുട്ടായിരുന്നെങ്കിലും ഇപ്പോള്‍ എല്ലാവരുമായും നല്ല പരിചയവും സൗഹൃ ദവുമായി. അവിടത്തെ രീതികളെല്ലാം പഠിച്ചു. ഇന്ന് എല്ലാവരും അവരില്‍ ഒരാളായാണ് എന്നെ കാണുന്നത്. പിന്നെ മലയാളികളും അവിടെ നിരവധിയുണ്ട്. അമേരിക്കയിലെ ഹൂസ്റ്റണില്‍ ശ്രീപാദം സ്കൂള്‍ ഓഫ് ആര്‍ട്സ് ആരംഭിച്ച് 15 വര്‍ഷമായി.
കുട്ടികള്‍ക്കു മാത്രമല്ല വീട്ടമ്മമാര്‍ക്കു വേണ്ടിയും ഡാന്‍സ് ക്ലാസുകള്‍ നടത്തുന്നു. ഇതിനു പുറമേ വിദ്യാര്‍ഥികള്‍ക്കായി വര്‍ക്ഷോപ്പുകളും നടത്തുന്നുണ്ട്. സ്കൂള്‍ ആരംഭിച്ചപ്പോള്‍ എന്റെ പ്രായത്തിലുള്ളവരായിരുന്നു നൃത്ത പഠനത്തിനായി എത്തിയിരുന്നത്. അവരുടെ മക്കളെയും ഇപ്പോള്‍ നൃത്തം പഠിപ്പിക്കുന്നു.
അവര്‍ക്ക് നൃത്തത്തോടുള്ള താല്പര്യം വളരെ വലുതാണ്. എന്റെ ശിഷ്യരില്‍ അധികവും ശാസ്ത്രീയമായി തന്നെ നൃത്തം പഠിക്കണമെന്ന ആഗ്രഹമുള്ളവരാണ്. അതിന്റെ പ്രാധാന്യം മനസിലാക്കിത്തന്നെയാണ് അവര്‍ പഠിക്കുന്നതും. എന്നെ തിരിച്ചറിയുന്നവര്‍ അവിടെ ധാരാളമുണ്ട്.
പുതിയ സിനിമകള്‍ കാണാറുണ്ടോ
ഹൂസ്റ്റണില്‍ മലയാള സിനിമകള്‍ കാണാന്‍ നിരവധി തീയറ്ററുകളുണ്ട്. മിക്ക സിനിമകളും റിലീസ് ചെയ്ത് ഒന്നോ രണ്ടോ ആഴ്ച കഴിഞ്ഞാകും എത്തുക. ചില സിനിമകളുടെ റിലീസിംഗും ഉണ്ടാകും. കാണാന്‍ പറ്റുന്ന നല്ല സിനിമകളൊക്കെ കാണും.
പുതിയ നടീനടന്മാര്
പുതിയ നടീനടന്മാര് എല്ലാവരും നല്ല കഴിവുള്ളവരാണ്. ആരാണ് മികച്ചതെന്നു പറയുക വയ്യ. പുതിയ സിനിമകളിലെ വ്യത്യസ്തതകളും മാറ്റങ്ങളും ശ്രദ്ധിക്കാറുണ്ട്. ചില പുതിയ സിനിമകളിലെ ഇമാജിനേഷനും ക്രിയേറ്റിവിറ്റിയുമെല്ലാം അമ്പരപ്പിച്ചിട്ടുണ്ട്. പുതിയ ഫീമെയില്‍ ഓറിയന്റഡ് ആയ സിനിമകള്‍ പലതും ശക്തമായ കഥകള്‍ പറയുന്നവയാണ്. കഥാപാത്രങ്ങളും അങ്ങനെ തന്നെ.
ചെറിയ ഇഷ്ടങ്ങള്‍
വലിയ ആഗ്രഹങ്ങളോ ഇഷ്ടങ്ങളോ ഒന്നും എനിക്കില്ല. ചെറിയ യാത്രകളാണിഷ്ടം. സായാഹ്ന നടത്തം, വര്‍ത്തമാനം. അത്രമാത്രം. പിന്നെ അവിടെ ക്ഷേത്രത്തില്‍ മുടങ്ങാതെ പോകുന്ന പതിവുണ്ട്.
സെന്റ് തെരേസാസിലേക്കു വീണ്ടും
രണ്ടു പതിറ്റാണ്ടുകള്‍ക്കു ശേഷം എന്റെ സ്വന്തം കലാലയമായ എറണാകുളം സെന്റ് തെരേസാസ് കോളജിലേക്കുള്ള തിരിച്ചുവരവ് വളരെ ആവേശകരമായിരുന്നു. പ്രീഡിഗ്രിയും ബിഎ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷുമായിരുന്നു സെന്റ് തെരേസാസില്‍ പഠിച്ചത്. പിന്നീട് സിനിമയും വിവാഹവുമൊക്കെയായി മുന്നോട്ടുപോയി. അപ്പോഴും ഭരതനാട്യത്തില്‍ മാസ്റ്റര്‍ ഡിഗ്രി നേടണമെന്നത് വലിയ ആഗ്രഹമായി മനസിലുണ്ടായിരുന്നു.
അങ്ങനെയാണ് മൂന്നു വര്‍ഷം മുന്‍പ് സെന്റ് തെരേസാസില്‍ എംഎ ഭരത നാട്യത്തിനു ചേര്‍ന്നത്. 19 വര്‍ഷത്തിനുശേഷം കോളജിലേക്കുള്ള തിരിച്ചുവരവ് വലിയ അനുഭവമാണു നല്‍കിയത്. പഴയ ഓര്‍മകള്‍ നിറഞ്ഞുനിന്നു. പിന്നെ പഠനവും നല്ല ത്രില്ലിംഗ് ആയിരുന്നു. അങ്ങനെ ഒരു വര്‍ഷം മുന്‍പ് ഭരതനാട്യത്തില്‍ ബിരുദാനന്തര ബിരുദം നേടി.
കാലം മാറിയോ
ഞാന്‍ സിനിമയില്‍ ഉണ്ടായിരുന്ന കാലഘവും ഇപ്പോഴത്തെ കാലഘവും തമ്മില്‍ വളരെയേറെ വ്യത്യാസങ്ങളുണ്ട്. അന്ന് സോഷ്യല്‍ മീഡിയ ഇല്ല എന്നതു തന്നെയാണ് പ്രധാന വ്യത്യാസം. പഠനം, ഡാന്‍സ്, സിനിമ എന്നിവയില്‍ മാത്രമായിരുന്നു അന്ന് കേന്ദ്രീകരിച്ചിരുന്നത്. എന്നാല്‍ ഇന്ന് സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളുടെ ഇടപെടലുകള്‍ കലാരംഗത്തിന് വലിയ കരുത്തു പകരുന്നുണ്ട്.
കുടുംബ വിശേഷം
മുംബൈ ജനിച്ചുവളര്‍ന്ന മലയാളിയായ അരുണ്‍ കുമാറാണ് ഭര്‍ത്താവ്. 2018 ഫെബ്രുവരിയില്‍ ഹൂസ്റ്റണിലെ ശ്രീ ഗുരുവായൂരപ്പന് ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. നാലുവര്‍ഷമായി അരുണ്‍ ഹൂസ്റ്റണില്‍ എന്‍ജിനിയറായി ജോലി ചെയ്യുകയാണ്. മക്കളായ അര്ജുന് മൂന്നിലും മീനാക്ഷി രണ്ടിലും പഠിക്കുന്നു. സ്കൂള്‍ ബസുണ്ടെങ്കിലും ഞാന്‍ തന്നെയാണ് ഡ്രൈവ് ചെയ്തു രണ്ടു പേരെയും സ്കൂളില്‍ കൊണ്ടാക്കുന്നത്. 8.45ന് സ്കൂള്‍ ആരംഭിക്കും. 3.45ന് കഴിയും. കുട്ടികളും ഭര്‍ത്താവും പോയി കഴിഞ്ഞാല്‍ ഡാന്‍സ് പ്രാക്ടീസാണ് പ്രധാന പരിപാടി. വീട്ടമ്മമാര്‍ക്കുള്ള ഡാന്‍സ് ക്ലാസുകളുമുണ്ടാകും.
പൊതുവിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യം നല്കുന്ന രാജ്യമാണ് അമേരിക്ക. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് ഉയര്‍ന്ന നിലവാരമുണ്ട്. കുട്ടികള്‍ക്ക് അവിടെ യൂണിഫോമില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. എന്നാല്‍ ഡ്രസ് കോഡ് ഉണ്ട്. സ്കൂളില്‍ നിന്നുതന്നെ ഭക്ഷണം ലഭിക്കുമെങ്കിലും മക്കള്‍ വെജിറ്റേറിയന്‍ ആയതിനാല്‍ വീില്‍ നിന്നും ഉണ്ടാക്കി കൊടുത്തു വിടുകയാണ് പതിവ്. സ്കൂളിലെ പ്രവര്‍ത്തനങ്ങളിലും ഞാന്‍ പങ്കാളിയാണ്. പേരന്റ് വാളണ്ടിയര്‍ എന്നതാണ് റോള്‍.
അല്പം പേരന്റിംഗ്
കുട്ടികള്‍ക്കു നല്ല സാമൂഹ്യബോധം കൂടി നല്കി വളര്ത്തണമന്നാണ് എന്റെ അഭിപ്രായം. കുട്ടികള്‍ക്ക് എല്ലാ കാര്യങ്ങളും നമ്മോടു പറയുന്നതിനുള്ള സ്വാതന്ത്ര്യം വേണം. ആ ശീലം ചെറുപ്പം മുതല്‍ വളര്‍ത്തിയെടുക്കണം. എന്നാല്‍ കുട്ടികളോടുള്ള റെസ്പെക്ട് ഒരിക്കലും കുറഞ്ഞുപോകുകയും ചെയ്യരുത്. എത്ര തിരക്കായാലും കുട്ടികളുടെ ആവശ്യങ്ങള്‍ക്കു പ്രാധാന്യം നല് കണം. ഡാന്‍സ്, സംഗീതം എന്നിങ്ങനെ കലാപരമായ എന്തെങ്കിലും ഒരു കഴിവ് കുട്ടികളില്‍ വളര്‍ത്തിയെടുക്കണമെന്ന അഭിപ്രായക്കാരിയാണ് ഞാന്‍. എന്റെ മകള്‍ മീനാക്ഷി ഡാന്‍സ് പഠിക്കുന്നുണ്ട്. നൃത്തത്തോട് മീനാക്ഷിക്ക് നല്ല താല്പര്യമാണ്.
ബ്യൂട്ടി സീക്രട്ട്
പ്രത്യേകിച്ചു ബ്യൂട്ടി സീക്രാെന്നുമില്ല. പിന്നെ യോഗ മുടക്കാറില്ല, ഡാന്‍സ് പ്രാക്ടീസും.
ഇഷ്ട ഭക്ഷണങ്ങള്‍
ഞങ്ങള്‍ സസ്യാഹാരികളാണ്. അമേരിക്കയിലെത്തിയപ്പോഴും അതിനു മാറ്റമൊന്നും വന്നില്ല. കുട്ടികളും വെജിറ്റേറിയന്‍സ് തന്നെ. എന്നാല്‍ ഞാന്‍ അത്ര നല്ല കുക്കൊന്നുമല്ല. എല്ലാം ഉണ്ടാക്കാന്‍ ഇഷ്ടമാണെന്നു മാത്രം. സാമ്പാറും അവിയലുമാണ് ഇഷ്ട വിഭവം. സാമ്പാര്‍ ഉണ്ടാക്കാറുണ്ട്.
എന്നാല്‍ ഞാനുണ്ടാക്കുന്ന അവിയല്‍ അത്ര പോര. (എന്നാല്‍ നന്നായി ഉണ്ടാക്കുമെന്ന് അടുത്തിരിക്കുന്ന അമ്മ ഉമാദേവിയുടെ കമന്റ്) ഞാന്‍ ഉണ്ടാക്കുന്നത് കുട്ടികള്‍ക്കും ഭര്‍ത്താവിനും ഇഷ്ടമാണ്. നാടന്‍ വെജിറ്റേറിയന്‍ വിഭവങ്ങളാണ് ഇഷ്ടം. ചാട്ട് വിഭവങ്ങള്‍ വളരെ ഇഷ്ടമാണ്. പുളിയുള്ള കറികളും കാളനുമൊക്കെ നല്ലതുപോലെ കഴിക്കും. പായസങ്ങളില്‍ പാലടയാണ് ഏറ്റവും ഇഷ്ടം.
റിച്ചാര്‍ഡ് ജോസഫ്
ഫോട്ടോ: ബ്രില്യന് ചാള്‍സ്