കുമരകം: മിണ്ടാപ്രാണിയോട് കരുണ കാണിച്ചു. പ്രതിഫലമോ സമൂഹ മാധ്യമങ്ങളിലെ അധിഷേപം. റോഡിൽ ഗുരുതരമായി പരുക്കേറ്റു കിടന്ന തെരുവു നായയെ മൃഗാശുപത്രിയിലെത്തിച്ച വനിതാ പഞ്ചായത്ത് അംഗമാണ് നായയുടെ സംരക്ഷണം ഏറ്റെടുത്തില്ലെന്ന് ആരോപിച്ച് മൃഗസ്നേഹിയുടെ അധിക്ഷേപം നേരിടുന്നത്.
അവഹേളിക്കുന്ന തരത്തിൽ നവ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച പോസ്റ്റ് പിൻവലിക്കണമെന്ന ആവശ്യവുമായി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടു പോലും പരിഹാരമായില്ലെന്നു 12-ാം വാർഡ് അംഗം ദിവ്യാ ദാമോദരൻ.
ഏതു നിമിഷവും നിലംപൊത്താറായ വീട്ടിൽ ശയ്യാവലംബരായ പിതാവും ഭർത്താവും ചേരുന്നതാണ് ദിവ്യയുടെ കുടുംബം.
ഇതിനൊപ്പം പരിക്കേറ്റ നായയെ കൂടി സംരക്ഷിക്കുക അസാധ്യമാണെന്ന് അറിയിച്ചിട്ടും മൃഗ സ്നേഹിയായ ജോബിൻ എന്ന വ്യക്തി വനിതയായ തന്നോട് ദയ കാണിച്ചില്ലെന്നു ദിവ്യ പറയുന്നു.
നായയെ താൻ വീട്ടിലെത്തിച്ച് 45 ദിവസം സംരക്ഷിക്കണം എന്ന ആവിശ്യത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു ജോബിൻ. അല്ലാത്ത പക്ഷം സ്വയം സംരക്ഷണം ഏറ്റെടുക്കാമെന്നും പരിപാലനത്തിനായി 10,000 രൂപ നൽകണമെന്നും ആവശ്യപ്പെട്ടു.
ഇതിനു വിസമതിച്ചതോടെയാണ് തന്നെ അവഹേളിക്കുന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിട്ടതെന്നു പഞ്ചായത്തംഗം പറയുന്നു.
പിതാവിനേയും രോഗിയായ ഭർത്താവിനേയും പരിപാലിക്കുന്നതിനും കുടുംബം പോറ്റുന്നതിനും കുട്ടികളെ ട്യൂഷൻ പഠിപ്പിക്കുന്നതിലൂടെ ലഭിച്ചിരുന്ന വരുമാനം മാത്രമായിരുന്നു ആശ്രയം.
കോവിഡ് വന്നതോടെ അതും നിലച്ചു. ഇപ്പോൾ ലഭിക്കുന്ന പഞ്ചായത്ത് അംഗത്തിന്റെ ശന്പളമാണു കുടുംബത്തിന്റെ ആകെയുള്ള വരുമാനം.
ജീവന്റെ വേദന ശരിക്കും അറിയുന്ന ദിവ്യ അപകടത്തിൽ മുറിവേറ്റു വേദന കൊണ്ടു പുളഞ്ഞ നായയോട് കരുണ കാണിച്ചതാണ് അപവാധ പ്രചരണത്തിനു കാരണമായത്.
കഴിഞ്ഞ ചൊവ്വാഴ്ച്ചയായിരുന്നു സംഭവം. വയറിനു മരകമായി പരിക്കേറ്റു കുടൽമാല പുറത്തുവന്ന നിലയിൽ മണിക്കൂറുകളോളം റോഡിൽ കിടന്ന നായയെ മറ്റൊരു പഞ്ചായത്തംഗമായ ജോഫി ഫെലിക്സിന്റെ സഹായത്തോടെ കോടിമതയിലുള്ള ജില്ലാ മൃഗാശുപത്രിയിൽ ദിവ്യ എത്തിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കം.
അന്നു വൈകുന്നേരം ജോബിനും സുഹൃത്തുക്കളും ഇവരെ അധിക്ഷേപിച്ചു നവ മാധ്യമങ്ങളിൽ പോസ്റ്റിട്ടു. മരണത്തിനോടു മല്ലടിച്ച കിടന്ന ഒരു ജീവൻ സംരക്ഷിക്കാൻ പരിശ്രമിച്ച തന്നെ അപകീർത്തിപ്പെടുത്തിയെന്നു കാണിച്ചു കുമരകം പോലീസിൽ പരാതി നൽകിയെങ്കിലും നായയെ സഹായിക്കാനെത്തിയവരുടെ ഭാഗത്താണു തെറ്റെന്ന നിലപാടിലാണ് മൃഗസ്നേഹി.
യാതൊരു ഒത്തുതീർപ്പിനുമില്ലെന്നും അവഹേളന പോസ്റ്റ് പിൻവലിക്കില്ലെന്നും സംഘടനാ തലത്തിൽ പരാതിയുമായി മുന്നോട്ട് പോകുമെന്നുമാണ് മൃഗസ്നേഹിയുടെ നിലപാട്.