തൊടുപുഴ: യുക്രെയ്നിലെ യുദ്ധഭൂമിയിൽനിന്നു പലായനം ചെയ്ത മകളെക്കുറിച്ചോർത്ത് ഉള്ളുരുകി കഴിയുകയാണ് വണ്ണപ്പുറം ചേലച്ചുവട് അരീക്കൽ ജോസഫും അച്ചാമ്മയും.
ഇവരുടെ ഇളയ മകളായ ദിവ്യ ജോസഫ് യുദ്ധക്കളമായി മാറിയ കാർക്കീവിൽനിന്നു തലനാരിഴയ്ക്കാണ് രക്ഷപ്പെട്ട് അതിർത്തി രാജ്യമായ പോളണ്ടിലെത്തിയത്.
കാർക്കീവിൽ ഷെല്ലാക്രമണത്തിൽ ഇന്ത്യൻ വിദ്യാർഥി കൊല്ലപ്പെടുന്നതിനു മുന്പാണ് ദിവ്യ ഉൾപ്പെടെയുള്ള വിദ്യാർഥി സംഘം ഇവിടെനിന്നു രക്ഷപ്പെട്ടത്.
കഴിഞ്ഞ ദിവസം ദിവ്യയും കൂട്ടുകാരായ സുഹൃത്തുക്കളും പോളണ്ടിലെത്തിയെങ്കിലും ഇന്ത്യയിലേക്ക് മടങ്ങാനുള്ള ലിസ്റ്റിലുൾപ്പെടാത്തതിനാൽ ഇപ്പോഴും അവിടെ ക്യാന്പിൽ കഴിയുകയാണ്.
നൂറുകണക്കിനാളുകൾ കഴിയുന്ന ക്യാന്പിൽ പരിമിതമായ ഭക്ഷണവും വെള്ളവും ഉപയോഗിച്ച് ദുരിതത്തിലാണിവർ.
കാർക്കീവിലെ നാഷണൽ മെഡിക്കൽ യൂണിവഴ്സിറ്റിയിലെ മൂന്നാംവർഷ മെഡിസിൻ വിദ്യാർഥിനിയാണ് ദിവ്യ.
കീവിൽ യുദ്ധം ആരംഭിച്ചതു മുതൽ ദിവ്യയും മറ്റു വിദ്യാർഥികളും ബങ്കറുകളിലേക്ക് മാറിയിരുന്നു.
ഇതിനിടെയാണ് റഷ്യൻ സേന കാർക്കീവിനെ ലക്ഷ്യമിട്ടത്. ഇതോടെ ഇവിടെയുള്ള വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ അടിയന്തരമായി രക്ഷാകേന്ദ്രങ്ങളിലേക്ക് മാറണമെന്ന് ഇന്ത്യൻ എംബസി മുന്നറിയിപ്പു നൽകിയിരുന്നു. എന്നാൽ ഇതിനുള്ള സഹായങ്ങളൊന്നും ഇവർക്ക് ലഭിച്ചില്ല.
ഇതോടെ രണ്ടും കൽപ്പിച്ച് ഏതു വിധേനയും രക്ഷപ്പെടാൻ ഇവർ തീരുമാനിക്കുകയായിരുന്നു.
യുക്രെയ്ൻ അതിർത്തിപട്ടണമായ കാർക്കീവിൽനിന്നു കീവ്, ലിയ വഴി മെട്രോയിലും ട്രെയിനിലുമായി ഒരു ദിവസത്തോളം യാത്ര ചെയ്താണ് ഇവർ പോളണ്ടിലെത്തിയത്.
തലസ്ഥാന നഗരമായിരുന്ന കീവിൽ പ്രഖ്യാപിച്ചിരുന്ന കർഫ്യൂ മാറിയപ്പോഴാണ് ഇവർക്ക് അപകടംകൂടാതെ പോളണ്ടിലെത്താനായത്.
കാർക്കീവിൽനിന്നു ഇവർ പലായനം ചെയ്ത ഉടൻതന്നെ അവിടെ കനത്ത ഷെല്ലാക്രമണമുണ്ടാ യി.
പോളണ്ടിൽ ഇവർ സുരക്ഷിതരായി എത്തിയെങ്കിലും ദിവ്യയ്ക്ക് എന്നു നാട്ടിലെത്താനാകുമെന്ന ആശങ്കയിലാണ് വീട്ടുകാർ.
ഭക്ഷണവും വെള്ളവും തീരാറായെന്ന് ദിവ്യ വീട്ടിൽ അറിയിച്ചിരുന്നു. പോളണ്ടിലെത്തിയപ്പോൾ കൈയിലുള്ളത് യുക്രെയ്ൻ കറൻസി മാത്രമായിരുന്നു.
അതിനാൽ വീട്ടിൽനിന്നു പണം അയച്ചു കൊടുത്താണ് കടകളിൽ നിന്നു ഭക്ഷ്യവസ്തുക്കൾ വാങ്ങിയത്.
തിരികെ നാട്ടിലെത്താനായി എംബസിയിൽ പേരു രജിസ്റ്റർ ചെയ്തു കാത്തിരിക്കുകയാണ് ദിവ്യയും കൂട്ടുകാരികളും.
ദിവ്യയുടെ പിതാവ് ജോസഫ് രണ്ടു തവണ സ്ട്രോക്ക് വന്നതിനെത്തുടർന്ന് ചികിത്സയിലാണ്.