അന്താരാഷ്ട്ര ദുരന്തനിവാരണ ദിനാചരണ പരിശീലന പരിപാടിക്കായി കളക്ടർ ദിവ്യ.എസ്.അയ്യർ മഞ്ഞത്തോട് സങ്കേതം സന്ദർശിച്ചു.
ഊരു മൂപ്പനോട് സംസാരിച്ച ശേഷം വൈദ്യുതീകരണപ്രവൃത്തികളുടെ പൂർത്തീകരണം പരിശോധിച്ചു. 43 കുടുംബങ്ങളാണ് മഞ്ഞത്തോട് സങ്കേതത്തിലുള്ളത്. ഇതുവരെ വെളിച്ചം എത്താതിരുന്ന ഊരുകൾ ഇനി വെെദ്യുതി എത്തും.
ഭൂമിയുടെ വ്യക്തിഗത വനാവകാശരേഖയും ബാങ്ക് അക്കൗണ്ട് ഉൾപ്പടെയുള്ള എല്ലാ അവകാശ രേഖകളും ഡിജി ലോക്കറിൽ സുരക്ഷിതമായുണ്ടെന്ന് കളക്ടർ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിലാണ് ഈ കാര്യം അറിയിച്ചത്.
കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്…
2021 ആഗസ്ത് 9 ന് ജില്ലാ കളക്ടർ ആയി ചാർജ്ജ് എടുത്തു ഒരു മാസം തികയും മുന്നേ മഞ്ഞത്തോടു ആദിവാസി സങ്കേതത്തിൽ പ്രിയപ്പെട്ട TDO സുധീർ, TEO മറ്റുദ്യോഗസ്ഥർ എന്നിവർക്കൊപ്പം എത്തിയ നാൾ ഇന്നും മനസ്സിൽ തെളിഞ്ഞു നിൽക്കുന്നു.
നമ്മുടെ ആധുനിക കേരളത്തിൽ nomadic tribes എന്ന വിഭാഗത്തിൽ പെട്ട കുടുംബങ്ങൾ കാനനവാസികളായി കഴിയുന്നു എന്നത് അജ്ഞത മൂലം അന്നു വരെ അറിഞ്ഞിരുന്നില്ല. അവരുടെ ആകുലതകളും അസൗകര്യങ്ങളും ആധുനിക ജീവിത രീതിയോടുള്ള അഭിലാഷമില്ലായ്മയും എല്ലാം എന്നെ വല്ലാതെ അലട്ടിയ നാൾ.
43 കുടുംബങ്ങളടങ്ങിയ മഞ്ഞത്തോട് സങ്കേതത്തിൽ ഇന്ന് അന്താരാഷ്ട്ര ദുരന്തനിവാരണ ദിനാചരണ പരിശീലന പരിപാടിക്കായി എത്തി. ഊരുമൂപ്പന്റെ വീട്ടിൽ കയറിയപ്പോൾ കഴിഞ്ഞ രണ്ടു വർഷങ്ങളിൽ നമ്മുടെ കൂട്ടായ ശ്രമഫലമായി ഉണ്ടായ മാറ്റത്തെ കുറിച്ച് അദ്ദേഹം വാചാലനായി. സ്വന്തം ഇടം എന്ന സ്വാഭിമാനത്തോടെ പാർക്കുവാൻ ഒരേക്കർ വീതം ഭൂമിയുടെ വ്യക്തിഗത വനാവകാശരേഖ ഇന്നു അവരുടെ പക്കൽ ഉണ്ടു.
ബാങ്ക് അക്കൗണ്ട് ഉൾപ്പടെയുള്ള എല്ലാ അവകാശ രേഖകളും ഡിജി ലോക്കറിൽ സുരക്ഷിതമായുണ്ട്. ഇത്രയും കാലമായി വൈദ്യുതി എത്തിനോക്കാത്ത പ്രദേശത്തുള്ള അവരുടെ താമസം ഏറെ ക്ലേശകരമായിരുന്നു എന്നു എടുത്തു പറയേണ്ടതില്ലല്ലോ.
ഇന്നു വൈദ്യുതീകരണപ്രവൃത്തികളുടെ പൂർത്തീകരണം പരിശോധിക്കവേ ഒരു സ്വിച്ച് ഇട്ടപ്പോൾ മിന്നിത്തിളങ്ങിയ led ബൾബ് കണ്ടു മിഴിച്ചുണർന്ന കുഞ്ഞുവാവ അഭിജിത്തിന്റെ കണ്ണിലെ തിളക്കം എനിക്ക് ലഭിച്ച ഏറ്റവും വിലപിടിപ്പുള്ള സമ്മാനം ആണ്. ഫേസ്ബുക്ക് പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.