ജനിച്ചുവീണ് വൈകാതെ അനാഥാലയത്തില്‍ ഉപേക്ഷിക്കപ്പെട്ട ഇരട്ടപ്പെണ്‍കുട്ടികള്‍. അവിടെനിന്ന് ഒരാളെ മൂന്നാം മാസവും മറ്റേയാളെ ആറാം മാസവും മക്കളില്ലാത്ത രണ്ടു ദമ്പതികൾ ദത്തെടുത്തു.
ഒരാൾ എത്തിയത് തിരുവനന്തപുരത്തും മറ്റേയാൾ കണ്ണൂരും. മുപ്പതു വര്‍ഷത്തിനുശേഷം 2022 ഡിസംബറില്‍ ഇവര്‍ ദിവ്യശ്രീയും വിജയ ലക്ഷ്മിയും ആദ്യമായി കണ്ടുമുട്ടി.
പുതുവർഷപ്പുലരിയിൽ പുനഃസമാഗമത്തിന്റെ ആഹ്ലാദത്തിലാണ് ഇരട്ട കൂടപ്പിറപ്പുകള്‍…
ബാല്യത്തില്‍ ഇരുവര്‍ക്കും അറിവില്ലായിരുന്നു തങ്ങള്‍ ദത്തുപുത്രിമാരാണെന്ന്. തിരിച്ചറിവായപ്പോള്‍ വിജയലക്ഷ്മി അറിഞ്ഞു, താൻ അനാഥയാണെന്ന്.
പിന്നീട് തനിക്കൊരു ഇരട്ടസഹോദരി ഉണ്ടെന്നും അവളെയും ആരോ ദത്തെടുത്തുവെന്നും അവള് തിരിച്ചറിഞ്ഞു.
അന്നു തുടങ്ങിയതാണ് കൂടപ്പിറപ്പിനായുള്ള വിജയലക്ഷ്മിയുടെ അന്വേഷണം. നിരന്തരമായ ആ തെരച്ചിലിനൊടുവില്‍ കോട്ടയത്തെ ഒരു കോളജില്‍ അധ്യാപികയായ ഇരട്ടസഹോദരി ദിവ്യശ്രീയെ വിജയലക്ഷ്മി കണ്ടെത്തി.
എറണാകുളത്ത് സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ ഉദ്യോഗസ്ഥയാണ് വിജയലക്ഷ്മി. കേള്‍ക്കുമ്പോള്‍ ഇതൊരു സസ്പെന്‍സ് നിറഞ്ഞ സിനിമാക്കഥ പോലെ തോന്നിയേക്കാം.
ദിവ്യശ്രീയുടെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഈ പുനഃസമാഗമം പുറംലോകമറിയുന്നത്. ദിവ്യശ്രീ രാഷ്ട്രദീപികയോട്…
കോട്ടയത്ത് ഒരു കോളജില്‍ അധ്യാപികയായിരുന്നു. ഇപ്പോള്‍ എറണാകുളത്ത് ഗവേഷണം നടത്തുന്നു. അപൂര്‍വമായ ജീവിതസാഹചര്യങ്ങളിലൂടെ കടന്നുപോയ എനിക്ക് ഏറെ സന്തോഷത്തിന്റെയും നഷ്ടങ്ങളുടെയും നിരാശകളുടെയും അനുഭവങ്ങള്‍ പറയാനുണ്ട്.
എന്റെ ജീവിതത്തിലുണ്ടായ അവിശ്വസനീയവും അത്യപൂര്‍വവുമായ ഒരു കൂടിക്കാഴ്ചയെക്കുറിച്ച് പറയാം.
ഇത്രയും കാലം എന്റെ മാതാപിതാക്കളുടെ ഏകമകളാണെന്നു വിശ്വസിച്ച എനിക്ക് ഒരു ഇരട്ടസഹോദരികൂടി ഉണ്ടെന്നറിഞ്ഞ വര്‍ഷമായിരുന്നു 2022. അവള്, എന്റെ സഹോദരി എന്നിലേക്കെത്തിയ വഴി അറിഞ്ഞാല്‍ അദ്ഭുതപ്പെടും.
റിയല്‍ ഹീറോസ്
അതിനുമുമ്പ് എന്റെ ജീവിതത്തിലെ ഹീറോകളെ ഞാന്‍ പരിചയപ്പെടുത്താം. അച്ഛന് ശ്രീകുമാര്‍, അമ്മ രുഗ്മിണിദേവി. അവര്‍ ഇല്ലായിരുന്നെങ്കില്‍ ഇന്ന് ഞാന്‍ ഉണ്ടാകുമോ എന്നുപോലും അറിയില്ല.
അവരെന്നെ പഠിപ്പിച്ചു വലുതാക്കി. രണ്ടാമത്തേത് എന്റെ ഇരട്ടസഹോദരിയെ സ്വന്തം മകളായി വളര്‍ത്തിയ വാമദേവന്- ആനന്ദവല്ലി ദമ്പതികള്‍.
ഒരു നോട്ടംകൊണ്ടോ വാക്കുകൊണ്ടോപോലും ഞാന്‍ അനാഥയാണെന്ന് അറിയിക്കാതെയാണ് എന്റെ രക്ഷിതാക്കള്‍ എന്നെ വളര്‍ത്തിയതെങ്കിലും പ്രത്യേക സാഹചര്യത്തില്‍ എന്റെ ജന്മരഹസ്യം എനിക്കു വെളിവായി.
അന്നുമുതല്‍ എന്നെ ഓമനിച്ചു വളര്‍ത്തിയ അച്ഛനെയും അമ്മയെയും ഞാന്‍ കൂടുതല്‍ സ്നേഹിക്കാനും ബഹുമാനിക്കാനും തുടങ്ങി. ഇങ്ങനെയൊക്കെയെങ്കിലും എനിക്കൊരു സഹോദരിയുണ്ടെന്ന തിരിച്ചറിവ് അന്നുമില്ലായിരുന്നു.
വഴിത്തിരിവായ സന്ദേശം
2022 തുടക്കത്തില്‍ വന്ന ഒരു ഇന്‍സ്റ്റഗ്രാം സന്ദേശം എന്റെ ജീവിതത്തിലെ വഴിത്തിരിവായി. വിലാസം വെളിപ്പെടുത്താതെ എന്നോടു കുറേ നാളുകളായി ചാറ്റ് ചെയ്തുകൊണ്ടിരുന്ന ആ പെണ്‍കുട്ടി എന്നില്‍നിന്നു വിധിയും കാലവും വേര്‍പെടുത്തിയ സ്വന്തം സഹോദരിയാണെന്നത് ഞാന്‍ അദ്ഭുതത്തോടെ തിരിച്ചറിയുകയായിരുന്നു.
ഇനി വിജയലക്ഷ്മിയെക്കുറിച്ച്, 2017 മുതല്‍ അവള് എന്നിലേക്കെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നെങ്കിലും അതത്ര എളുപ്പമായിരുന്നില്ല. ഇരട്ട സഹോദരി ലോകത്തെവിടെയോ ഉണ്ടെന്നു മാത്രമറിയാം.
പേരോ നാടോ ഒന്നുമറിയില്ല. അഞ്ചു വര്‍ഷത്തെ പരിശ്രമത്തിനൊടുവില്‍ അവള് എന്നെപ്പറ്റി കൃത്യമായി പഠിച്ചു, എന്റെ എല്ലാ കാര്യങ്ങളും എന്നേക്കാള്‍ നന്നായി അന്വേഷിച്ചറിഞ്ഞു.
പഴുതടച്ച രീതിയില്‍ എല്ലാവിധ രേഖകളോടുംകൂടി അവസാനം അവള് വന്നു. എന്നെ കണ്ടെത്താനായി അവള് ഉപയോഗിച്ച വഴികള്‍ സിനിമാക്കഥകളെ വെല്ലുന്നതാണെന്നു തോന്നും. ഇനി വിജയലക്ഷ്മിയുടെ വാക്കുകളി ലേക്ക്…
ബന്ധുക്കളുടെയും അയല്‍വാസികളുടെയും മാമിയുടെയുമൊക്കെ സ്വകാര്യ സംഭാഷണങ്ങളിലൂടെ ഞാന്‍ ദത്തുപുത്രിയാണെന്ന് എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍തന്നെ തിരിച്ചറിഞ്ഞിരുന്നു.
എന്റെ രക്ഷിതാക്കൾ വന്ധ്യതാചികിത്സയുടെ ഭാഗമായാണ് എറണാകുളത്ത് എത്തുന്നത്. ചികിത്സ ഫലപ്രാപ്തിയിലെത്തില്ല എന്ന തിരിച്ചറിവിനൊടുവിലാണ് അമ്മയുടെ സഹോദരന്റെയും ഭാര്യയുടെയും സഹായത്തോടെ കലൂര്‍ നിര്‍മല ശിശുഭവനില്‍നിന്ന് എന്നെ ദത്തെടുത്തത്.
ആദ്യ തിരിച്ചറിവ്
സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ ജോലി ലഭിച്ച ഞാന്‍ അസിസ്റ്റന്റ് മാനേജരായി എറണാകുളത്തെത്തിയപ്പോൾ എന്നെ ദത്തെടുക്കാന്‍ എന്റെ മാതാപിതാക്കളെ സഹായിച്ച മാമനും മാമിയുമായി കൂടുതല്‍ അടുക്കാന്‍ സാഹചര്യമുണ്ടായി.
അങ്ങനെ 2017 ഡിസംബര്‍ 13ന് എന്റെ പിറന്നാള്‍ ദിനത്തില്‍ ഞാനും മാമിയും എന്നെ ദത്തെടുത്ത ആ പഴയ ശിശുഭവന് സന്ദര്‍ശിച്ചു.
അവിടെവച്ച് എനിക്കൊരു ഇരട്ടസഹോദരിയുണ്ടെന്നു ശിശുഭവനിലെ മദറിനോട് മാമി പറയുന്നതു കേള്‍ക്കാനിടയായി.
ആകാംഷകൊണ്ടു ഞാന്‍ ആ മദറിനോട് എന്റെ സഹോദരിയെ ഒരിക്കലെങ്കിലും കാണാന്‍ കഴിയുമോ എന്നു തിരക്കി. വിശദാംശങ്ങള്‍ എഴുതിത്തരാന്‍ മദര്‍ പറഞ്ഞനുസരിച്ച് എല്ലാ വിവരങ്ങളും നല്കി മടങ്ങി.
അപ്പോഴും സഹോദരിയെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല. കാരണം ദത്തെടുക്കപ്പെട്ടവരുടെ വിവരങ്ങള്‍ പുറത്തുവിടാന്‍ പാടില്ലെന്നത് കര്‍ശന നിയമമാണ്.
സഹോദരിയുടെ പേര് വിദ്യ എന്നാണെന്നും അവളെ ദത്തെടുത്തത് കണ്ണൂര്‍ ജില്ലയിലെ എരമം-മാതമംഗലത്തുള്ള ദമ്പതികളാണെന്നും മാത്രം വിവരം ലഭിച്ചു.
ഊര്‍ജിതമായ അന്വേഷണം
സോഷ്യല്‍ മീഡിയയിലൂടെയും മറ്റും ഏറെ അന്വേഷണങ്ങള്‍ നടത്തി. 2018 ഫെബ്രുവരിയില്‍ എന്റെ വിവാഹശേഷം ഭര്‍ത്താവ് ജിതിന്റെയും അദ്ദേഹത്തിന്റെ സുഹൃത്തുക്കളുടെയും സഹായത്തോടെ വീണ്ടും സഹോദരിക്കായി തെരച്ചില്‍ തുടര്‍ന്നു.
സഹോദരിയെ കണ്ടെത്തണമെന്ന ലക്ഷ്യത്തോടെ വീണ്ടും ഓര്‍ഫനേജിലെത്തി അന്നു ചുമതല വഹിച്ചിരുന്ന മദറിനോട് കാര്യങ്ങളൊക്ക പറഞ്ഞു.
രണ്ടാഴ്ച കഴിഞ്ഞു മദര്‍ വിളിച്ച് അങ്ങനെയൊരു ദത്തെടുക്കല്‍ നടന്നതായുള്ള രേഖകളൊന്നും കാണുന്നില്ലെന്ന് അറിയിച്ചു.
ദത്തെടുക്കല്‍ നിയമത്തില്‍ രഹസ്യം സൂക്ഷിക്കേണ്ടതുണ്ടെന്നും ബയോളജിക്കല്‍ പേരന്റിനെ അന്വേഷിക്കുന്നതു പിന്നീട് നിയമ പ്രശ്നങ്ങള്‍ക്കു കാരണമായിട്ടുണ്ടെന്നും എനിക്കറിയാമായിരുന്നു.
ഡിറ്റക്ടീവിന്റെ സഹായം
ഇരട്ടസഹോദരി വിദ്യയെ കണ്ടെത്താൻ എറണാകുളത്തുള്ള ഒരു പ്രൈവറ്റ് ഡിറ്റക്ടീവ് ഏജന്‍സിയെയും സമീപിച്ചു. അവര്‍ കണ്ണൂര്‍ മാതമംഗലത്ത് പോയി സാധ്യമായ എല്ലാ സാഹചര്യങ്ങളിലും അന്വേഷിച്ചെങ്കിലും ഫലം കണ്ടില്ല.
അവര്‍ നിര്‍ദേശിച്ചതനുസരിച്ചു വീണ്ടും ഞാന്‍ ശിശുഭവനിലെത്തിയപ്പോള് അഡോപ്ഷന്‍ കേസുകള്‍ കൈകാര്യം ചെയ്യുന്നത് അഭിഭാഷകരുടെ പാനല്‍ ആണെന്നും അവരോടു ചോദിച്ചാല്‍ എന്തെങ്കിലും നിയമസാധുത ഉണ്ടാകുമോ എന്നറിയാന്‍ പറ്റുമെന്നും വിശദീകരണം ലഭിച്ചു.
ഒരു കുട്ടിയെ ദത്തു നല്കുമ്പോള് അതിനായി കോടതിയുടെ അനുമതി വേണമെന്ന വിവരവും അറിയാനിടയായി. ഒരു അഭിഭാഷകന് കോടതിയില്‍നിന്ന് ഇത്തരത്തിലുള്ള കുറെയേറെ പ്രൊഫൈല്‍സ് എടുത്തുതന്നു.
കേസ് നമ്പരും സംഘടിപ്പിച്ചു തന്നു. അതു വലിയ വഴിത്തിരിവായി. അതില്‍ അമ്മയുടെയും അച്ഛന്റെയും പേരുകള്‍ മാച്ചായതോടെ 90 ശതമാനവും കണ്ടെത്താനാകുമെന്ന് ഉറപ്പിച്ചു.
അതിന്റെ അടിസ്ഥാനത്തില്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ മകന് ഇഷാന്റെ ഫോട്ടോ വച്ചുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ കുറേ തെരച്ചില്‍ നടത്തി.
അതില്‍ എന്നെക്കുറിച്ചോ എന്റെ കുടുബത്തെക്കുറിച്ചോ ഒരു വിശദാംശവും ഉണ്ടായിരുന്നില്ല. ആ അന്വേഷണത്തില്‍ വിദ്യ എന്നു പേരുള്ള ഒരുപാട് പേരെ കാണാനിടയായി.
പിന്നീട് അമ്മയുടെ പേരായ രുഗ്മിണിയെ ഫേസ്ബുക്കില്‍ തെരഞ്ഞപ്പോള്‍ ആ അമ്മയ്ക്ക് ഒരേയൊരു ഫ്രണ്ട് മാത്രം. പേര് ദിവ്യശ്രീ.
അതില്‍ തെരഞ്ഞപ്പോള്‍ എന്നോടു രൂപസാദ്യശ്യമുള്ള ഒരു പെണ്‍കുട്ടിയുടെ ചിത്രം കാണാനിടയായി. പേര് ദിവ്യശ്രീ! അച്ഛന്റെ പേര് ശ്രീകുമാര്‍, അമ്മ രുഗ്മിണി ദേവി. അതോടെ അവളാണ് ഞാന്‍ ഇക്കാലമത്രയും തെരഞ്ഞ സഹോദരിയെന്നു ഞാന്‍ തിരിച്ചറിഞ്ഞു. (അതുവരെ ഓര്‍ഫനേജില്‍നിന്നു ലഭിച്ച വിദ്യ എന്ന പേരുവച്ചാണ് തെരച്ചില്‍ നടത്തിയിരുന്നത്).
ലക്ഷ്യത്തിലേക്ക്
പിന്നീടു ദിവ്യശ്രീയെ ഞാന്‍ ഫോളോ ചെയ്തപ്പോള്‍ എന്റെ ഇഷ്ടങ്ങളോട് ഏറെ സമാനതകളുള്ളയാളാണ് അവളെന്നു തിരിച്ചറിഞ്ഞു.
എന്റെ രൂപസാദ്യശ്യം ദിവ്യശ്രീക്ക് ഉണ്ടെന്നു പറഞ്ഞപ്പോൾ എന്റെയൊരു ഫോട്ടോ അയച്ചുതരാന്‍ ദിവ്യ പറഞ്ഞു. ഞാന്‍ ഫോട്ടോ അയച്ചുകൊടുത്തു.
ഫോട്ടോ കണ്ടപ്പോള്‍ സാദൃശ്യം അവള്‍ക്കും തോന്നി. പിന്നീടവള്‍ ഈ ഫോട്ടോ അവളുടെ കൂട്ടുകാര്‍ക്ക് അയച്ചുകൊടുത്തപ്പോള്‍ അവര്‍ പോലും ഫോട്ടോ എന്റേതാണെന്നു തിരിച്ചറിഞ്ഞില്ല.
പിന്നീട് നടത്തിയ ചാറ്റിംഗിനിടെ ഞാന്‍ ദത്തെടുക്കപ്പെട്ട കുട്ടിയാണെന്നും നമ്മള് ഇരട്ടസഹോദരിമാര്‍ ആണെന്നും വെളിപ്പെടുത്തി.
ഇതുകേട്ട് അവള് വളരെ എക്സൈറ്റഡായി. തുടര്‍ന്ന് എങ്ങനെയാണ് വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ ഞാന്‍ അവളെ കണ്ടെത്തിയതെന്നുള്ള വിവരങ്ങളും പറഞ്ഞു. അങ്ങനെ ഞങ്ങള്‍ രണ്ടു പേരും ഇരട്ട സഹോദരിമാരാണെന്ന് ഉറപ്പിച്ചു.
പിന്നീടു ഞങ്ങള്‍ രണ്ടു പേരും ഞങ്ങളുടെ മാതാപിതാക്കളെ ഈ കണ്ടെത്തലിന്റെ നാള്‍വഴികള്‍ അറിയിച്ചു. എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ വര്‍ഷങ്ങളായി കൂടപ്പിറപ്പിനെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു.
അതുകൊണ്ടുതന്നെ പരസ്പരമുള്ള കണ്ടുമുട്ടലില്‍ ഞാന്‍ ദിവ്യശ്രീയുടെ അത്രയും എക്സൈറ്റഡ് ആയിരുന്നില്ല. അങ്ങനെ ഇക്കഴിഞ്ഞ ഡിസംബറിൽ ഞങ്ങള്‍ നേരില്‍ കണ്ടുമുട്ടി.
ജനിച്ചു മൂന്നാം മാസം വേര്‍പിരിഞ്ഞ ഞങ്ങൾ മുപ്പതു വര്‍ഷങ്ങള്‍ക്കിപ്പുറം ആദ്യമായി കണ്ടുമുട്ടിയതിന്റെ വലിയ ആഹ്ലാദത്തിലാണ് ഞങ്ങള്‍- വിജയലക്ഷ്മി പറയുന്നു.