സോഷ്യല്‍മീഡിയയില്‍ നിരവധി ആരാധകരുള്ള താരകുടുംബമാണ് കൃഷ്ണകുമാറിന്റേത്. തങ്ങളുടെ വിശേഷങ്ങളെല്ലാം കൃഷ്ണകുമാറും കുടുംബവും സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. രണ്ടാമത്തെ മകൾ ദിയ കൃഷ്ണയുടെ വിവാഹമാണ് ഇപ്പോൾ കുടുംബത്തിലെ വിശേഷം.
ദിയയുടെയും അശ്വിൻ ഗണേഷിന്റെയും വിവാഹം ഔദ്യോഗികമായി ഉറപ്പിച്ചിരിക്കുകയാണ് കുടുംബം. സോഷ്യൽ മീഡിയയിലൂടെ ദിയ നേരത്തെ തന്നെ അശ്വിനെ തന്റെ ആരാധകർക്കായി പരിചയപ്പെടുത്തിയിരുന്നു. തുടർന്ന് ദിയയുടെ വിവാഹം സെപ്റ്റംബറില്‍ ഉണ്ടാകുമെന്ന് അമ്മ സിന്ധു കൃഷ്ണയും അറിയിച്ചിരുന്നു.
തന്റെ പെണ്ണുകാണാൻ ചടങ്ങിന്റെ വിശേഷങ്ങൾ യുട്യൂബ് ചാനലിലൂടെ ദിയയാണ് ആദ്യം പങ്കുവച്ചത്. അശ്വിന്റെ മാതാപിതാക്കളും സഹോദരനും സഹോദര ഭാര്യയും അവരുടെ കുഞ്ഞും ചേർന്ന കുടുംബമാണ് പെണ്ണുകാണലിന് എത്തിയിരുന്നത്. തമിഴ് ആചാര പ്രകാരം താംബൂലവും പഴങ്ങളുമായാണ് അശ്വിന്റെ അമ്മ എത്തിയത്.
പെണ്ണുകാണൽ ചടങ്ങിന്റെ വീഡിയോയിൽ ദിയ വിശേഷങ്ങളെല്ലാം പങ്കുവച്ചിട്ടുണ്ട്. ഇതിനിടയിൽ കൃഷ്ണകുമാർ പറഞ്ഞ കാര്യമാണ് വീഡിയോയിൽ ശ്രദ്ധിക്കപ്പെടുന്നത്. ” എല്ലാ കല്യാണം കഴിയുമ്പോഴും മാതാപിതാക്കൾക്കാണ് ടെൻഷൻ. ഞാൻ എപ്പോഴും പറയും എന്തിനാണത്. നിങ്ങൾ രണ്ട് പേരും ജോലി ചെയ്ത് ജിവിക്കുന്നു. നിങ്ങളുടെ എല്ലാ കാര്യങ്ങളും നിങ്ങൾ തന്നെ ഷെയർ ചെയ്യണം. കല്യാണം കഴിപ്പിച്ച് വിട്ടാൽ ഇവരുടെ കാര്യങ്ങൾ ഇവർ തന്നെ നോക്കിക്കോണം. വലിയ കാര്യങ്ങൾ അല്ലാത്ത കാര്യങ്ങളൊക്കെ നിങ്ങൾ തന്നെ ഷെയർ ചെയ്യണം,” എന്നാണ് കൃഷ്ണ കുമാർ പറയുന്നത്.
നിരവധിപേരാണ് വീഡിയോയ്ക്ക് കമന്റുമായെത്തിയത്. ദിയയ്ക്ക് ആശംസകൾ നേർന്നുള്ള കമന്റുകൾക്കിടയിൽ, ദിയയുടെ വീട്ടുകാരാരും സന്തോഷത്തിലല്ല എന്നുള്ള കമന്റുകളും ഉയർന്നുവന്നു.