കീഴ്പ്പള്ളിക്കടുത്ത് കോഴിയോട്ട് പാറക്കണ്ണി വീട്ടില്‍ സുഹൈല്‍ – ഫാത്തിമത്ത് സുഹറ ദമ്പതികളുടെ മകളായിരുന്നു ദിയ. 2014 ഓഗസ്റ്റ് ഒന്നിനു രാവിലെ 9.30 ഓടെയാണ് കനത്തമഴയിൽ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന ദിയയെ കാണാതായത്. വീടിനു നൂറ് മീറ്റർ അകലെയുള്ള കൈത്തോട്ടിൽ കുട്ടി ഒഴുക്കിൽപ്പെട്ടോയെന്ന സംശയത്തെ തുടർന്ന് ദിവസങ്ങളോളം വീട്ടുകാരും നാട്ടുകാരും പോലീസും ഫയർഫോഴ്സും ചേർന്ന് തെരച്ചിൽ നടത്തിയെങ്കിലും ഫലം നിരാശ മാത്രമായിരുന്നു. ഫയര്‍ഫോഴ്സിന്റെയും പോലീസിന്റെയും സഹായത്തോടെ കീഴ്പ്പള്ളി മേഖലയിലെ തോടുകളും പുഴകളും തുടങ്ങി വളപട്ടണം പുഴയിലും തീരദേശ മേഖലകളിലും ഉള്‍പ്പെടെ ആഴ്ചകളോളം കുട്ടിയെ കണ്ടെത്താന്‍ തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. പിച്ചവെച്ച് നടക്കാന്‍ പഠിച്ചുവരുന്ന തങ്ങളുടെ പൊന്നുമോള് വീടിനടുത്തുനിന്നും 100 മീറ്ററോളം ദൂരെയുള്ള കൈത്തോട് വരെ നടന്നുപോയി എന്ന് വിശ്വസിക്കാന്‍ സുഹൈല്‍ – ഫാത്തിമത്ത് സുഹറ ദമ്പതികള്‍ക്ക് ഇപ്പോഴും കഴിയുന്നില്ല.
അന്വേഷണത്തിന് പ്രത്യേക സ്ക്വാഡ്
കുട്ടിയെ കാണാതായ സംഭവത്തിൽ ദുരൂഹതയുള്ളതായി ആരോപണമുയർന്നതിനെ തുടർന്നു ആറളം പോലീസിനൊപ്പം അന്നത്തെ ഇരിട്ടി ഡിവൈഎസ്പി പി. സുകുമാരൻ, സിഐ വി.വി. മനോജ് തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡും അന്വേഷണത്തിനു രൂപീകരിച്ചു. കന്പിളി പുതപ്പ് കച്ചവടം നടത്തുന്നവർ കുട്ടിയെ തട്ടിക്കൊണ്ടുപോയെന്നും തമിഴ്നാട്ടിൽ കുട്ടിയെ കണ്ടെത്തിയെന്നുമെല്ലാം പ്രചാരണം നടന്നുവെങ്കിലും പോലീസ് അന്വേഷണത്തിൽ തെളിവൊന്നും ലഭിച്ചില്ല. ദിയയെ കാണാതാകുന്പോൾ ശരീരത്തിലുണ്ടായിരുന്ന ഒന്നര പവന്റെ സ്വർണാഭരണങ്ങൾ അപഹരിക്കാനായി ആരെങ്കിലും തട്ടിക്കൊണ്ടു പോയതാകമെന്ന സംശയത്തിൽ പോലീസ് കന്പിളി കച്ചവടക്കാർ താമസിക്കുന്ന വീടുകളിലും, സമീപത്തെ ചിലരുടെ വീടുകളിലും പരിശോധന നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്തിയിട്ടില്ല. ഇതിനിടെ കുട്ടിയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് കുട്ടിയുടെ മാതാവ് ഹേബിയസ് കോർപസ് ഹർജി ഹൈക്കോടതിയിൽ നൽകിയിരുന്നു. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും കുട്ടി വീടിനു സമീപത്തെ കൈത്തോട്ടിൽ ഒഴുക്കിൽപ്പെട്ടതാകാമെന്നുമാണ് സിഐ നൽകിയ വിശദീകരണം. എന്നാൽ ഈ വിശദീകരണത്തിൽ ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. കുട്ടിയെ കണ്ടെത്താൻ സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് മാതാപിതാക്കളായ സുഹൈലും ഫാത്തിമയും ദിയയുടെ ഏകസഹോദരൻ നാലര വയസുകാരൻ സിയാനും ചേർന്ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ, ഡിജിപി തുടങ്ങിയവർക്ക് പരാതി നൽകിയിരുന്നു.
ലോക്കല്‍ പോലീസിൽ നിന്നും ക്രൈംബ്രാഞ്ചിലേക്ക്
ലോക്കല്‍ പോലീസ് അന്വേഷിച്ചിട്ട് തുമ്പ് കിട്ടാത്തതിനെ തുടര്‍ന്ന് ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ക്രൈം ബ്രാഞ്ച് കണ്ണൂര്‍ ഡിവൈഎസ്പി പ്രേമരാജിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയെങ്കിലും കൂടുതല്‍ പ്രതീക്ഷ നല്കുന്ന വിവരങ്ങളൊന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ദിയ ഫാത്തിമയുടെ തിരോധാനം സംബന്ധിച്ച് ക്രൈംബ്രാഞ്ച് ഐജി ദിനേന്ദ്ര കശ്യപ് നേരിട്ട് ചുമതല ഏറ്റെടുത്ത് അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ജസ്റ്റിസ് സുധീന്ദ്രകുമാറാണ് നിർണായകമായ ഉത്തരവ് ഇറക്കിയത്.
തങ്ങളുടെ മകളുടെ രൂപസാദൃശ്യമുള്ള കുട്ടിയെ അങ്കമാലി കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡിലെ ഒരു കടയ്ക്ക് മുന്നില്‍ മൂന്ന് കുട്ടികളോടൊപ്പം ഒരു സ്ത്രീയും പുരുഷനും നില്ക്കുന്നതായ സിസിടിവി ദൃശ്യം പുറത്ത് വന്നിരുന്നു. എന്നാല്‍ ഈ ദൃശ്യങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്താന്‍ പോലീസ് സംഘം തയാറായിട്ടില്ല. ഇതേത്തുടര്‍ന്ന് തങ്ങളുടെ മകളുടെ തിരോധാനം സംബന്ധിച്ച് ദുരൂഹതയുണ്ടെന്നും പോലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും കാട്ടിയാണ് സിബിഐ അന്വേഷണത്തിനായി ദിയയുടെ മാതാപിതാക്കള്‍ വീണ്ടും കോടതിയെ സമീപിച്ചത്.
തങ്ങളുടെ മകളുടെ തിരോധാനം സംബന്ധിച്ച് നിജസ്ഥിതി പുറത്ത് കൊണ്ടുവരണമെന്നും കേരളത്തിന് പുറത്ത് തങ്ങളുടെ കുട്ടിയെ കടത്തിക്കൊണ്ടുപോകാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി കുട്ടിയുടെ മാതാപിതാക്കള്‍ അഡ്വ. അരുണ്‍ കാരണവര്‍ മുഖേന സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്കിയ ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതി ക്രൈംബ്രാഞ്ച് ഐജി തന്നെ തിരോധാനം സംബന്ധിച്ച് ഉത്തരവിറക്കിയത്. സിബിഐ അന്വേഷണം നടത്തുന്നതുമായി ബന്ധപ്പെട്ട് ആദ്യഘട്ടത്തില്‍ കോടതി സിബിഐയുടെ അഭിപ്രായം ആരാഞ്ഞെങ്കിലും കേസ് ഏറ്റെടുക്കാന്‍ സിബിഐ താത്പര്യം കാണിക്കാത്തതിനെ തുടര്‍ന്നാണ് ഉന്നത തല ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത്. മനുഷ്യക്കടത്തുള്‍പ്പെടെയുള്ള രാജ്യാന്തര -സംസ്ഥാനാന്തര മാഫിയാ സംഘങ്ങള്‍ ഉള്‍പ്പെടെ ഇതിന് പിന്നിലുണ്ടോയെന്ന സംശയവും കേസ് പരിഗണിക്കവേ കോടതി പ്രകടിപ്പിച്ചു.
മകളുടെ തിരോധാനം സംബന്ധിച്ച് യാതൊരുവിധ വിവരവുമില്ലാത്തതിനെ തുടര്‍ന്നാണ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. പുഴയില്‍ ഒഴുകിപ്പോയതാണെന്ന നിഗമനത്തില്‍ ലോക്കല്‍ പോലീസ് കേസന്വേഷണം അവസാനിപ്പിച്ചിരുന്നു. കുട്ടി ഒഴുക്കിൽപ്പെട്ടതാണോ മറ്റാരെങ്കിലും തട്ടിക്കൊണ്ടുപോയതാണോയെന്ന ദുരൂഹത നീക്കാൻ ഇതുവരെയും പോലീസിനു കഴിയാത്തതിനാൽ മകൾക്കായി പ്രതീക്ഷയോടെയുള്ള കാത്തിരിപ്പിലാണ് സുഹൈലും ഫാത്തിമയും.