ആഴമേറിയ കിണറ്റിൽ വീണ് മുങ്ങിത്താഴ്ന്ന രണ്ടു വയസുകാരൻ കുഞ്ഞനുജനെ അതിസാഹസികമായി രക്ഷപ്പെടുത്തിയ ദിയ ഫാത്തിമയ്ക്ക് രാഷ്ട്രപതിയുടെ ജീവൻ രക്ഷാ പതക് പുരസ്കാരം. പത്തനംതിട്ട തുമ്പമൺ കീരുകുഴി പൊങ്ങലടി പാലിയത്തറ വീട്ടിൽ സനലിന്റെയും ഷാജിലയുടെയും മകളാണ് ദിയ.
ദിയയും കുടുംബവും മാവേലിക്കര മാങ്കാംകുഴി കല്ലിത്തുണ്ടം പറങ്കാംകൂട്ടത്തില് വീട്ടിൽ വാടകയ്ക്ക് താമസിക്കുമ്പോഴാണ് ദിയ ഫാത്തിമയ്ക്ക് പുരസ്കാരത്തിന് അർഹമായ സംഭവം ഉണ്ടായത്. 2023 ഏപ്രിൽ നാലിന് വൈകിട്ട് അഞ്ചിനായിരുന്നു അപകടം. മാതാവ് ഷാജില മുറ്റത്ത് പാത്രം കഴുകയായിരുന്നു. ദിയയും അനുജത്തി ദുനിയയും ഉണങ്ങാൻ ഇട്ടിരുന്ന വസ്ത്രങ്ങൾ അയയിൽനിന്നും എടുക്കുകയായിരുന്നു. ഈ സമയം ഇവരുടെ കണ്ണുവെട്ടിച്ചാണ് കിണറിനു മുകളിലെ ഇരുമ്പു ഗ്രില്ലില് രണ്ട് വയസുകാരൻ ഇവാന് കയറിയത്. തുടര്ന്ന് ഗ്രില്ലിന്റെ തുരുമ്പിച്ച ഭാഗം തകര്ന്ന് ഇരുപത് അടി താഴ്ചയുള്ള കിണറ്റിലേക്ക് കുഞ്ഞ് വീണു.
ശബ്ദം കേട്ട് ഓടിയെത്തിയ ദിയ കിണറ്റിലേക്ക് പൈപ്പിലൂടെ ഊര്ന്നിറങ്ങി. മുങ്ങിത്താഴുകയായിരുന്ന കുഞ്ഞിനെ ഒരു കൈകൊണ്ട് ഉയര്ത്തിപ്പിടിച്ച് നെഞ്ചോട് ചേർത്തു. മറുകൈ കൊണ്ട് പൈപ്പിൽ പിടിച്ചു കിടന്ന് കിണറ്റിനുള്ളിൽ നിന്നും വീട്ടുകാരെ ഉറക്കെ വിളിച്ചു. ശബ്ദം കേട്ട് ഓടിയെത്തിയ വീട്ടുകാരും പരിസരവാസികളും ചേര്ന്ന് കയറില് കിണറ്റിലിറങ്ങി ഇവാനെ ആദ്യം കരയ്ക്കു കയറ്റി. പിന്നീട് ദിയയെയും രക്ഷപ്പെടുത്തി.
തലയിൽ ചെറിയ മുറിവേറ്റ ഇവാനെ പിന്നീട് ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിച്ച് ചികിത്സ നൽകി. അന്ന് ദിയ വെട്ടിയാർ ഇരട്ടപ്പള്ളിക്കൂടം ഗവൺമെന്റ് എൽപി സ്കൂളിൽ മൂന്നാം ക്ലാസിൽ പഠിക്കുകയായിരുന്നു. രാഷ്ട്രപതിയുടെ ജീവൻരക്ഷാ പതക് ലഭിച്ചതോടെ ദിയയുടെ ധീരതയെ രാജ്യമൊന്നാകെ ആദരിച്ചിരിക്കുന്നു. പൊങ്ങലടി ഗവ. എൽപിഎസിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ് ദിയ ഫാത്തിമ ഇപ്പോള്.
നൗഷാദ് മാങ്കാംകുഴി