ഡിജെ ചമഞ്ഞ് തട്ടിപ്പ്! യാത്രാചെലവിന് വിറ്റ മൊബൈല്‍ ഫോണിനെ കുറിച്ച് സൂചന ലഭിച്ചു; പ്രതിയെ പത്തനംത്തിട്ടയിലെത്തിച്ചു

കോഴിക്കോട്: ഡിജെ ചമഞ്ഞ് പ്രായ പൂര്‍ത്തിയാവാത്ത ചേവായൂര്‍ സ്വദേശിയായ വിദ്യാര്‍ഥിനിയെ കടത്തിക്കൊണ്ടുപോയ കേസിലെ പ്രതിയെ തെളിവെടുപ്പിനായി പത്തനംതിട്ടയിലെത്തിച്ചു. ചേവായൂര്‍ എസ്‌ഐ ഇ.കെ.ബിജുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കേസിലെ പ്രതിയായ കുമ്പളം ചിറപ്പുറത്ത് ഫയാസ് മൂബീ(20)നുമായി പത്തനംതിട്ടയിലെത്തിയത്.

പെണ്‍കുട്ടിയും ഫയാസും പത്തനംതിട്ടയിലെ ഒരു വീട്ടിലായിരുന്നു താമസിച്ചിരുന്നത്. അതിനാലാണ് ഇവിടെ എത്തിച്ച് തെളിവെടുപ്പ് നടത്തുന്നത്. കൂടാതെ ഫയാസും വിദ്യാര്‍ഥിനിയും താമസിച്ച തൃശൂര്‍ ജില്ലയിലും കാസര്‍ഗോഡും സംഘം തെളിവെടുപ്പ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

വെള്ളിയാഴ്ച ഉച്ചയോടെ നഗരത്തിലും രാമനാട്ടുകരയിലും ഫയാസിനെയും കൊണ്ട് തെളിവെടുപ്പ് നടത്തിയ ശേഷമാണ് ഒളിവില്‍ കഴിഞ്ഞിരുന്ന പത്തനംതിട്ടയിലെ സ്ഥലത്തേക്ക് കൊണ്ടുപോയത്.

അതേസമയം യാത്രാചെലവിനായി ഫയാസ് രാമനാട്ടുകരയിലെ കടയില്‍ വിറ്റ ചേവായൂര്‍ സ്വദേശിനിയുടെ മൊബൈല്‍ ഫോണിനെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്. കസ്റ്റഡി കാലാവധി അവസാനിച്ച് തിങ്കളാഴ്ച പ്രതിയെ പോക്‌സോ കോടതിയില്‍ തിരികെ ഹാജരാക്കുന്നതിനകം ലഭ്യമായ എല്ലാ വിവരങ്ങളും ശേഖരിക്കാനാണ് ചേവായൂര്‍ പോലീസിന്‍റെ ശ്രമം.

നിലവില്‍ ഇടപ്പള്ളിയിലെ സ്വകാര്യ ഷോറൂമില്‍ നിന്ന് ആഢംബരബൈക്ക് കവര്‍ന്ന കേസിലും, കനകാലയ ബാങ്കിന് സമീപത്തെ ഷോറൂമില്‍ നിന്ന് രണ്ട് ബൈക്ക് മിററുകള്‍ മോഷ്ടിച്ച കേസിലും ഉള്‍പ്പെട്ട ഫയാസിന് മറ്റ് മോഷണക്കേസുകളില്‍ പങ്കുണ്ടോയെന്ന കാര്യവും അന്വേഷണസംഘം പരിശോധിക്കും.

Related posts