കോഴിക്കോട് : ഡിജെയാണെന്ന് തെറ്റിദ്ധരിപ്പിച്ച് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയ കേസിലെ പ്രതിയെ കസ്റ്റഡിയില്‍ വിട്ടു കിട്ടാന്‍ അന്വേഷണസംഘം ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും. കുമ്പളം സ്വദേശി ഫയാസ് മുബീന് (20) നെയാണ് അന്വേഷണസംഘം കസ്റ്റഡിയില്‍ വാങ്ങുന്നത്.
വിദ്യാര്‍ഥികളായ പെണ്‍കുട്ടികളേയും സ്ത്രീകളേയും സമാനമായ രീതിയില്‍ വാഗ്ദാനം നല്കി തട്ടിപ്പു നടത്തിയിട്ടുണ്ടെന്ന കണ്ടത്തലിനെ തുടര്‍ന്നാണ് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ് തീരുമാനിച്ചത്. അതേസമയം ഫയാസ് മുബീനെതിരേ മാനഹാനി ഭയന്ന് പലരും പരാതി നല്കാന് തയാറാവുന്നില്ലെന്ന് പോലീസ് പറഞ്ഞു.
പ്രണയ നൈരാശ്യത്തെ തുടര്‍ന്നാണ് പെണ്‍കുട്ടിയുമായി നാടുവിടാന്‍ തീരുമാനിച്ചതെന്നാണ് ഫയാസ് പോലീസിനോട് പറഞ്ഞത്. ആദ്യം വാങ്ങിയ ബൈക്ക് മാറ്റണമെന്ന് ഫയാസിനോട് കാമുകിയായ പെണ്‍കുട്ടി ആവശ്യപ്പെട്ടിരുന്നു. ഇതിന് തയാറവാതിരുന്നതോടെ ഈ പെണ്‍കുട്ടി ഫയാസിനെ ഉപേക്ഷിക്കുകയായിരുന്നു.
പെണ്‍കുട്ടിയോടുള്ള പ്രതികാര സൂചകമായി ഫയാസ് ഇതേ ബൈക്കില്‍ തന്നെ സഞ്ചരിച്ച് നിരവധി പെണ്‍കുട്ടികളുമായി സൗഹൃദത്തിലായി. സുഹൃത്തുക്കളായിരുന്ന പെണ്‍കുട്ടികള്‍ ഫയാസിനെ സാമ്പത്തികമായി സഹായിക്കുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ സാമ്പത്തിക സഹായം കൂടുതല്‍ പേരില്‍ നിന്ന് ലഭിക്കുമെന്നതിനാലാണ് ഡിജെയാണെന്ന് തെറ്റിദ്ധരിപ്പിച്ച് പല വിദ്യാര്‍ഥികളുമായും യുവതികളുമായും ഫയാസ് അടുത്തത്.
ഈ അടുപ്പം ഫയാസിന് സാമ്പത്തികമായി ഗുണം ചെയ്തു. അതിനിടെയാണ് കോഴിക്കോട് ചേവായൂര്‍ സ്വദേശിയായ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുമായി പ്രണയത്തിലാവുന്നത്. ഫയാസിന് നിരവധി ആരാധകരുമുണ്ടായിരുന്നു. അമ്പലപ്പുഴ, തൃശൂര്‍, കാഞ്ഞങ്ങാട്, എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് ഫ്രീക്കന്‍ ആര്.സി.200 ഗ്രീന്‍ എന്ന വാട്സ് ആപ്പ് ഗ്രൂപ്പുണ്ടായിരുന്നു. നിരവധി പെണ്‍കുട്ടികളാണ് ഈ ഗ്രൂപ്പില്‍ അംഗങ്ങളായുള്ളത്.
പെണ്‍കുട്ടികളുമായി ബൈക്കില്‍ കറങ്ങാനും വിശ്രമിക്കാനുമെല്ലാം ഈ ഗ്രൂപ്പിലുള്ളവരാണ് സഹായം ചെയ്തു നല്‍കിയത്. ഫയാസിന്റെ സുഹൃത്തുക്കളെ കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.