കെ.ഷിന്റുലാല്‍
കോഴിക്കോട്: മിസ് കേരള മത്സര ജേതാക്കള്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ടു നമ്പര്‍ 18 ഹോട്ടലിലെ നിശാപാര്‍ട്ടി സംബന്ധിച്ചുള്ള ദുരൂഹതകള്‍ നിലനില്‍ക്കെ സംസ്ഥാനത്തെ രാസ ലഹരിയുള്‍പ്പെടെയുള്ള നാര്‍ക്കോട്ടിക് കേസുകള്‍ കണ്ടെത്താന്‍ എക്സൈസ് ഇന്സ്പെകടര്മാര്ക്കും അതിനു മുകളിലുള്ള ഉദ്യോഗസ്ഥര്‍ക്കും കൂടുതല്‍ അധികാരങ്ങള്‍ നല്കി സര്‍ക്കാര്‍ ഉത്തരവിറക്കി.
കൂടുതൽ അധികാരങ്ങൾ
സംസ്ഥാന എക്സൈസ് കമ്മീഷണറുടെ കീഴിലുള്ള സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ്, ഉത്തര-മധ്യ-ദക്ഷിണമേഖലാ സ്പെഷല്‍ സ്ക്വാഡുകള്‍,
എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി നാര്‍ക്കോട്ടിക് സ്പെഷല്‍ സ്ക്വാഡ് എന്നിവയിലെ അംഗങ്ങളായ എക്സൈസ് ഇന്‍സ്പെക്ടര്‍മാര്‍ക്കും അതിനു മുകളിലുള്ള ഉദ്യോഗസ്ഥര്‍ക്കുമാണ് സംസ്ഥാനത്തെവിടെയും പരിശോധന നടത്താനും പ്രതികളെ പിടികൂടി മൊഴിയെടുത്ത് മഹസര്‍ സഹിതം വിശദമായ റിപ്പോര്‍ട്ട് തയാറാക്കാന്‍ അനുമതി നല്ക സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
എക്സൈസ് കമ്മീഷണറുടെ സ്ക്വാഡുകളിലെ ഇന്സപെക്ടര്മാര് ഓരോ ജില്ലാ എക്സൈസിനു കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.
അതത് അധികാര പരിധിയില്‍ മാത്രമുള്ള കേസുകള്‍ അന്വേഷിക്കാനും പരിശോധന നടത്താനും മഹസര്‍ തയാറാക്കാനുമായിരുന്നു ഇവര്‍ക്ക് ഇതുവരെയും അധികാരമുണ്ടായിരുന്നത്.
സ്പെഷല്‍ സ്ക്വാഡിലെ ഇന്‍സ്പെക്ടര്‍മാര്‍ക്കു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ ലഹരിവില്പന സംബന്ധിച്ചും ഉപയോഗം സംബന്ധിച്ചുമുള്ള രഹസ്യാവിവരങ്ങള് ലഭിക്കാറുണ്ട്.
പരിശോധന നടത്തി മയക്കുമരുന്നും പ്രതികളെയും പിടികൂടി അതതു ജില്ലകളിലെ എക്സൈസിനു കൈമാറുകയാണ് പതിവ്.
തുടര്‍ന്നു പ്രതികളുടെ മൊഴിയും മഹസറും ഉള്‍പ്പെടെ തയാറാക്കുന്നതു ജില്ലാ യൂണിറ്റാണ്. ഇപ്രകാരം മഹസര്‍ തയാറാക്കുന്നതിലും മറ്റും ചില ഉദ്യോഗസ്ഥര്‍ കൃത്രിമം കാണിക്കുകയും കേസ് അട്ടിമറിക്കുകയും ചെയ്യുന്നുണ്ട്.
ഉന്നതബന്ധമുള്ള പ്രതികളെ സംരക്ഷിക്കുന്ന വിധത്തില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന സംഭവവും അടുത്തിടെ ഉണ്ടായിട്ടിട്ടുണ്ട്.
കൂടാതെ സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് കൈമാറുന്ന വിവരങ്ങള്‍ എക്സൈസില്‍നിന്നു തന്നെ പുറത്താവുന്ന സാഹചര്യവുമുണ്ട്.
ലഹരി മാഫിയയും ചില ഉദ്യോഗസ്ഥരും തമ്മില്‍ ഇത്തരത്തിലുള്ള അവിശുദ്ധ ബന്ധം സംസ്ഥാനത്തെ ലഹരി മാഫിയയുടെ പ്രവര്‍ത്തനത്തിനു സഹായകമാണ്.
ഈ സാഹചര്യത്തിലാണ് സ്ക്വാഡിലെ ഇന്സ്പകടര്മാര്ക്കു ലഭിക്കുന്ന രഹസ്യവിവരപ്രകാരം അധികാര പരിധിക്കു പുറത്തും പരിശോധന നടത്താനും മഹസര്‍ ഉള്‍പ്പെടെ കേസിനാവശ്യമായ വിശദമായ വിവരങ്ങളും രേഖകളും ശേഖരിച്ച് റിപ്പോര്‍ട്ട് തയാറാക്കാനും അനുമതി നല്കി സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
ഇന്‍സ്പെക്ടര്‍മാര്‍ പരിശോധനയ്ക്കും അന്വേഷണത്തിനുമായി അധികാരപരിധിക്ക് പുറത്തേക്ക് പോകുന്നതിനു മുമ്പ് തൊട്ടുമുകളിലുള്ള ഉദ്യോഗസ്ഥന്റെ അനുമതിയോടെ ആവണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
ഇപ്രകാരം പരിശോധന നടത്തുകയും ലഹരിവസ്തുക്കള്‍ പിടികൂടുകയും ചെയ്താല്‍ മഹസര്‍ തയാറാക്കി വിശദമായ റിപ്പോര്‍ട്ട് സഹിതം അതതു സ്ഥലത്തെ റേഞ്ച് ഇന്‍സ്പക്ടര്‍മാര്‍ക്ക് കൈമാറും.
അവര്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും കേസിന്റെ പ്രധാന്യമനുസരിച്ച് ഉചിതമായ വിഭാഗത്തിനു കൈമാറുകയോ ചെയ്യും.
ലഹരി പാര്‍ട്ടികള്‍
സംസ്ഥാനത്തെ ചില ഹോട്ടലുകളില്‍ നിശാപാര്‍ട്ടികളില്‍ മാരകമയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നതായി പോലീസിനും എക്സൈസിനും വിവരം ലഭിച്ചിട്ടുണ്ട്.
പലപ്പോഴും ഉന്നത സ്വാധീനത്താല്‍ ഇത്തരം പാര്‍ട്ടികള്‍ നടക്കുന്ന ഹോട്ടലുകളില്‍ പരിശോധനയ്ക്കു പോലും സേനാംഗങ്ങള്‍ പോവാറില്ല.
മിസ് കേരള ജേതാക്കള്‍ പങ്കെടുത്ത ഫോര്‍ട്ട് കൊച്ചയിലെ നമ്പര്‍ 18 ഹോട്ടലില്‍ വന്‍തോതില്‍ രാസലഹരി മരുന്ന് എത്തുന്നതായുള്ള രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടും പോലീസ് പൂഴ്ത്തിയെന്ന ആരോപണമാണിപ്പോള്‍ ഉയരുന്നത്.
നിലവില്‍ എക്സൈസ് കമ്മീഷണറുടെ സ്ക്വാഡിനു കൂടുതല്‍ അധികാരങ്ങള്‍ ലഭിച്ചതോടെ ഇത്തരത്തിലുള്ള ഹോട്ടുലുകളിലും മറ്റും മിന്നല്‍ പരിശോധന നടത്താനും ലഹരി കണ്ടെത്താനും പ്രതികളെ പിടികൂടി നിയമത്തിന് മുന്നിലെത്തിക്കാനും സാധിക്കും.
ലഹരിക്കണ്ണി മുറിക്കാൻ
അടുത്തിടെ കൊച്ചിയിലെ കാക്കനാട്ടുള്ള ഫ്ളാറ്റില്‍നിന്ന് 11 കോടിയുടെ ലഹരിമരുന്ന് പിടികൂടിയ കേസ് എക്സൈസ് ഉദ്യോഗസ്ഥരില്‍ ചിലര്‍ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം സേനയെയും സര്‍ക്കാരിനെയും പ്രതികൂലമായി ബാധിച്ചിരുന്നു.
സംസ്ഥാന എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിന് ലഹരി മരുന്ന് പിടിച്ചതില്‍ കേസെടുക്കാന്‍ അധികാരമില്ലാത്തതിനെത്തുടര്ന്നായിരുന്നു ജില്ലയിലെ എക്സൈസ് എന്‍ഫോഴ്സ്മെന്റിന് കൈമാറിയത്.
ഫ്ളാറ്റില്‍നിന്നു മാരകമയക്കുമരുന്നായ എംഡിഎംഎയുമായി യുവതിയടക്കം അഞ്ചുപേരായിരുന്നു പിടിയിലായത്. ഇവരില്‍ നിന്ന് 84 ഗ്രാം എംഡിഎംഎ കണ്ടെത്തുകയും ചെയ്തു.
പ്രതികള്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മുറിയില്‍നിന്ന് ഒരു കിലോയിലധികം എംഡിഎംഎ കൂടി പിടിച്ചു. എന്നാല്‍ മഹസര്‍ തയാറാക്കിയതില്‍ വന്‍ അട്ടിമറി നടത്തുകയായിരുന്നു.
പിടിയിലായ പ്രതികളുടെ മൊഴിയെ തുടര്‍ന്ന് ബാഗ് പിടികൂടിയ സംഭവം വളച്ചൊടിക്കുകയായിരുന്നു. രഹസ്യവിവരത്തെ തുടര്‍ന്നാണ് ബാഗ് കണ്ടെത്തിയതെന്നും ഉടമസ്ഥനില്ലാത്ത ബാഗാണെന്നും മഹസറില്‍ രേഖപ്പെടുത്തി.
പ്രതികള്‍ കസ്റ്റഡിയിലുണ്ടായിട്ടും ഇവരുമായി പോയി ബാഗ് കണ്ടെടുക്കാതെ കേസ് അട്ടമറിക്കുകയായിരുന്നു. ഇതോടെ 84 ഗ്രാം എംഡിഎംഎ കണ്ടെടുത്തതിന് മാത്രം അഞ്ചു പേര്‍ക്കെതിരേ കേസെടുത്തുവെന്ന് രേഖയുണ്ടാക്കി.
കൂടാതെ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഒരു യുവതിയെ വിട്ടയയ്ക്കുകയും ചെയ്തു. എക്സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ ഗുരുതരമായ കൃത്യവിലോപം ഏറെ വിവാദമായിരുന്നു.
ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് സ്ക്വാഡ് അംഗങ്ങള്‍ക്ക് സ്വതന്ത്രമായി അന്വേഷണം നടത്താനും മഹസര്‍ തയാറാക്കാനും പ്രത്യേകം അനുമതി സര്‍ക്കാര്‍ നല്‍കിയത്.