പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഡി.ജെ പാര്‍ട്ടികള്‍ക്ക് കടുത്ത നിയന്ത്രണവുമായി പോലീസ്.
വന്‍തോതിലുള്ള ലഹരി ഉപയോഗത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പിനെ തുടര്‍ന്നാണ് ഡി.ജെ. പാര്‍ട്ടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നത്.
ഇതുസംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി കര്‍ശന നിര്‍ദേശം നല്‍കി. രാത്രി പത്തു മണിയ്ക്കു ശേഷം ഡി.ജെ പാര്‍ട്ടി പാടില്ലെന്നാണ് പോലീസിന്റെ നിര്‍ദേശം.
പാര്‍ട്ടികള്‍ നടക്കുന്ന ഹോട്ടലുകള്‍ സ്പെഷ്യല്‍ ബ്രാഞ്ച് നിരീക്ഷിക്കും. ഡി.ജെ. പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്ന ഹോട്ടലുകളില്‍ സിസിടിവി കാമറകള്‍ കൃത്യമായി പ്രവര്‍ത്തിപ്പിക്കണമെന്നും ഈ കാമറകളിലെ ദൃശ്യങ്ങള്‍ സൂക്ഷിച്ചുവെയ്ക്കണമെന്നും പോലീസ് നിര്‍ദേശിച്ചിട്ടുണ്ട്.
ഡി.ജെ. പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്ന ഹോട്ടലുകാര്‍ക്ക് ഇതുസംബന്ധിച്ച നോട്ടീസും നല്‍കും.
സംസ്ഥാനത്ത് ലഹരിമരുന്ന് ഉപയോഗം വ്യാപകമായതിന്റെ പശ്ചാത്തലത്തിലാണ് ഡി.ജെ. പാര്‍ട്ടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ പോലീസ് തീരുമാനിച്ചത്.
പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി പലയിടങ്ങളിലും ഡി.ജെ. പാര്‍ട്ടികള്‍ സംഘടിപ്പിക്കാറുണ്ട്. ഇത്തരം പാര്‍ട്ടികളില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വന്‍തോതിലുള്ള ലഹരി ഒഴുകുന്നത് പതിവാണ്.
അടുത്തിടെ തിരുവനന്തപുരം പൂവാറിലെ റിസോര്‍ട്ടില്‍ ഡി.ജെ. പാര്‍ട്ടിക്കിടെ വന്‍ ലഹരിമരുന്ന് ശേഖരം പിടിച്ചെടുത്തിരുന്നു.
കൊച്ചിയില്‍ മോഡലുകളുടെ അപകടമരണത്തിന് പിന്നാലെ ഹോട്ടലില്‍ നടന്ന ഡി.ജെ. പാര്‍ട്ടിയുടെ വിവരങ്ങളും പുറത്തുവന്നിരുന്നു.
ഈ പാര്‍ട്ടികളിലെല്ലാം ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായാണ് പോലീസ് കണ്ടെത്തിയിരുന്നത്. മാത്രമല്ല, ലഹരി ഉപയോഗിച്ച ശേഷം അക്രമം നടത്തുന്ന സംഭവങ്ങളും അടുത്തിടെയായി വര്‍ധിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് ലഹരി ഒഴുകാന്‍ സാധ്യതയുള്ള ഡി.ജെ. പാര്‍ട്ടികള്‍ക്ക് പോലീസ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.