സീമ മോഹന്‍ലാല്‍
കൊച്ചി: ഇന്ന് പാര്‍ട്ടികള്‍ സജീവമാണ്. സുഹൃത്തുക്കള്‍ ഒത്തുകൂടുന്ന സാദാ പാര്‍ട്ടി മുതല്‍ ഡിജെ പാര്‍ട്ടിയും ആഫ്റ്റര്‍ പാര്‍ട്ടിയുമൊക്കെ യുവത്വത്തിന്റെ ലിസ്റ്റില്‍ ഇടംനേടിയിരിക്കുന്നു.
ആണ്-പെണ് സൗഹൃദങ്ങള്‍ ബിയറില്‍ നുരഞ്ഞു പൊങ്ങുമ്പോള്‍ പെണ്‍കുട്ടികള്‍ കരുതിയിരിക്കണം. പെണ്‍കുട്ടികള്‍ക്ക് പുതിയൊരു കെണിയായി എത്തിയിരിക്കുകയാണ് ഡേറ്റ് റേപ്പ് ഡ്രഗ്സ്. കേരളത്തിലും ഇത് ചുവടു പിടിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
അടുത്ത സുഹൃത്തുക്കളോ ഇഷ്ടപ്പെടുന്നവരോ ബിയറോ മറ്റു രീതിയിലുള്ള ഏതെങ്കിലും വസ്തുക്കളോ ഉപയോഗിക്കാന്‍ പ്രേരിപ്പിച്ചാല്‍ നിങ്ങള്‍ക്ക് ഉറപ്പിക്കാം അവരുടെ ഉദേശ്യം മറ്റൊന്നാണെന്ന്.
പാര്‍ട്ടികള്‍ പലപ്പോഴും ഇത്തരം കാര്യങ്ങള്‍ക്ക് വേദിയാകാറുണ്ട്. ഇത്തരത്തില്‍ പീഡിപ്പിക്കപ്പെടുന്ന ബഹുഭൂരിഭാഗം കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല എന്നതാണ് വാസ്തവം. സംഭവത്തെക്കുറിച്ച് കേള്‍ക്കുന്നവര്‍ ഇരയെ കുറ്റപ്പെടുത്താന്‍ വാസന കാണിക്കുമെന്നതുകൊണ്ടുതന്നെ പലരും ഇത് ബോധപൂര്‍വം മറച്ചുവയ്ക്കുന്നു.
പിന്‍കാല ജീവിതത്തില്‍ ഇവര്‍ക്ക് ഇത് വളരെയധികം മാനസിക സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാറുമുണ്ട്.റേപ്പ് ചെയ്യപ്പെട്ടില്ല എങ്കിലും മറ്റു രീതിയില്‍ സമ്മതം ഇല്ലാതെ പീഡിപ്പിക്കപ്പെടുകയും അതിനെ ഓര്‍ത്തു വളരെയധികം മാനസിക വിഷമം അനുഭവിക്കുന്നതുമായ കേസുകള്‍ പലപ്പോഴും കൗണ്‍സലിംഗിന് എത്താറുണ്ടെന്ന് എറണാകുളത്തെ കൗണ്‍സലിംഗ് സൈക്കോളജിസ്റ്റ് ആന്‍ഡ് മെന്റല്‍ വെല്‍നെസ് കോച്ച് കെ. ജി. ശ്രീജിത്ത് പണിക്കര്‍ പറയുന്നു.
എന്താണ് ഡേറ്റ് റേപ്പ് ഡ്രഗുകള്‍ ?
ചെറിയ മദ്യ ലഹരിയിലോ, അല്ലെങ്കില്‍ മദ്യം കഴിക്കാന്‍ കൂട്ടാക്കാത്ത സ്ത്രീകളേയോ അപകടപ്പെടുത്താന്‍ ഉപയോഗിക്കുന്ന ഒന്നാണ് ഡേറ്റ് റേപ്പ് ഡ്രഗുകള്‍. മൂന്ന് രാസപദാര്‍ഥങ്ങളാണ് ഇവയില്‍ ഏറ്റവും പ്രധാനമായി ഉപയോഗിക്കുന്നത്.
1) റൂഫി എന്ന പേരില്‍ അറിയപ്പെടുന്ന റോഹിപ്പ്നോള് (flunitrazepam).
2) വിറ്റാമിന്‍ കെ, കിറ്റ് കാറ്റ് എന്നൊക്കെ അറിയപ്പെടുന്ന കെറ്റമിന്‍ (Ketamine).
3) ലിക്വിഡ് എക്റ്റസി, ഈസി ലേ എന്നൊക്കെ അറിയപ്പെടുന്ന ജിഎച്ച്ബി (gamma hydroxybutyric acid).
ആദ്യത്തേത് ടാബ്ലറ്റ് രൂപത്തിലും രണ്ടാമത്തേത് വെള്ള പൗഡര്‍ രൂപത്തിലും മൂന്നാമത്തേത് പല രൂപത്തിലും ലഭ്യമാണ്. ഇരയാക്കാന്‍ ഉദേശിക്കുന്ന വ്യക്തികള്‍ക്ക് അവര്‍ കഴിക്കുന്ന ഭക്ഷണത്തിലോ കുടിക്കുന്ന ജ്യൂസിലോ മറ്റോ ഇത് കലര്‍ത്തിയാല്‍ ഉന്മാദാവസ്ഥയില് എത്തും.
സിനിമയില്‍ കാണുന്നപ്പോലെ കുഴഞ്ഞുവീഴണമെന്നില്ല. കുറഞ്ഞ അളവില്‍ കൊടുത്താല്‍ ശാരീരികമായി എതിര്‍ക്കാനുള്ള ശേഷി നഷ്ടപ്പെടും. ഇത്തരം പ്രവര്‍ത്തികള്‍ക്കുള്ള നിരോധനം ഇല്ലാതാവും. അതിനെല്ലാം ഉപരി സ്ഥലകാലബോധം, ഓര്മ എന്നിവ നഷ്ടപ്പെടും.
തന്റെ കൂടെ ആരൊക്കെ ഉണ്ടായിരുന്നെന്നും തനിക്ക് എന്തൊക്കെ സംഭവിച്ചുവെന്നും ഓര്‍ത്തെടുക്കാന്‍ പോലും സാധിക്കില്ല എന്ന് ചുരുക്കം. ഡിസ് അസോസിയേഷന് എന്നൊക്കെ വിളിക്കാം.
ഈ വസ്തുക്കള്‍ നമ്മുടെ നാട്ടില്‍ വ്യാപകമല്ലെന്നു ധരിച്ചിരുന്ന കാലത്താണ് കൊച്ചിയില്‍ ഒരു പ്രമുഖ നടനെയും ഏതാനും പെണ്‍കുട്ടികളേയും മയക്ക് മരുന്ന് ഉപയോഗത്തിന് പിടിച്ചത്. ആ സമയം അവരുടെ കൈയില്‍ നിന്നു ലഭിച്ചത് “കെറ്റമിന്‍’ ആണെന്നും റിപ്പോര്‍ട്ടുണ്ടായി.
കരുതിയിരിക്കാം
പാര്‍ട്ടികളില്‍ പങ്കെടുക്കുമ്പോള്‍ കഴിവതും ഓപ്പണ്‍ ആയുള്ള ഡ്രിങ്കുകള്‍ ഒഴിവാക്കുക. ടിന് അഥവാ കണ്ടെയ്നര്‍ ബോട്ടിലില്‍ സീല്‍ ചെയ്തു വരുന്നത് ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.
പാര്‍ട്ടികളില്‍ പങ്കെടുക്കുമ്പോള്‍ കൂട്ടുകാരുമൊത്ത് ആവണം.
പാര്‍ട്ടികളില്‍ ജ്യൂസ് മുതലായവ പകുതി ആക്കി ഡാന്‍സിനും മറ്റും പോവരുത്. അങ്ങനെ പോവുന്ന പക്ഷം വിശ്വസിക്കാവുന്ന സുഹൃത്തിനെ അത് നോക്കാന്‍ പ്രത്യേകം ഏല്‍പ്പിക്കുക.
കൂട്ടത്തിലുള്ള ആര്‍ക്കെങ്കിലുമോ, നിങ്ങള്‍ക്കോ പെട്ടെന്ന് തളര്‍ച്ച, ആശയക്കുഴപ്പം മുതലായവ തോന്നുന്നു വെങ്കില്‍ എത്രയും വേഗം വൈദ്യ സഹായം തേടണം.
ഒറ്റയ്ക്കുള്ള അല്ലെങ്കില്‍ വിശ്വസിക്കാന്‍ പറ്റിയ കൂട്ടുകെട്ട് ഇല്ലെങ്കില്‍ 1091 എന്ന കേരള പോലീസിന്റെ നമ്പറില്‍ ഉടനടി ബന്ധപ്പെടുക. നിങ്ങള്‍ വിശ്വസിക്കുന്നതിലും വേഗത്തില്‍ സഹായം അവര്‍ നല്‍കും.
പാര്‍ട്ടിയില്‍ അപകടം മണത്താല്‍ നിങ്ങള്‍ ഉള്ള ലൊക്കേഷന്‍ നിങ്ങളുടെ കുടുംബത്തെയോ, കൂട്ടുകാരെയോ വാട്സ്ആപ്പ് വഴി അറിയിക്കുക. സന്ദേശം നല്‍കുക.