മുന്‍ മിസ് കേരള അന്‍സി കബീര്‍, മിസ് കേരള റണ്ണറപ്പ് അഞ്ജന ഷാജന്‍ എന്നിവര്‍ മരണപ്പെട്ട കാറപകടത്തില്‍ ഡിജെ പാര്‍ട്ടിയുടെ ദൃശ്യങ്ങള്‍ ഹോട്ടലില്‍ നിന്ന് കണ്ടെത്താനുള്ള പോലീസിന്റെ ശ്രമം വൃഥാവിലായി.
ഹോട്ടലുകാര്‍ പോലീസിനു കൈമാറിയ ഹാര്‍ഡ് ഡിസ്‌ക്കില്‍ ഡിജെ പാര്‍ട്ടിയുടെ ദൃശ്യങ്ങളില്ല. പാര്‍ട്ടിയുടെ ദൃശ്യങ്ങളുള്ള ഹാര്‍ഡ് ഡിസ്‌ക് ഹോട്ടലുകാര്‍ ഒളിപ്പിച്ചെന്ന സംശയത്തിലാണ് പൊലീസ്.
അപകടം നടന്നതിന് പിറ്റേന്ന് തന്നെ ഹാര്‍ഡ് ഡിസ്‌ക് മാറ്റിയെന്നാണ് പൊലീസ് കരുതുന്നത്. അപകടത്തില്‍പെട്ടവര്‍ എത്രസമയം ഇവിടെ ഉണ്ടായിരുന്നുവെന്നും പാര്‍ട്ടിയില്‍ മദ്യം അല്ലാതെ മറ്റ് ലഹരിവസ്തുക്കള്‍ ഉണ്ടായിരുന്നോവെന്നും കണ്ടെത്തുകയാണ് ലക്ഷ്യം.
ഡിജെ പാര്‍ട്ടി നടന്ന ഹാളും അവിടേക്കുള്ള ഇടനാഴിയിലെയും ദൃശ്യങ്ങളാണ് പ്രധാനമായും പരിശോധിക്കുന്നത്. ഇന്നലെ ഹോട്ടല്‍ പരിശോധിച്ചെങ്കിലും സിസിടിവി ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്‌കിന്റ പാസ്‌വേഡ് ലഭിച്ചില്ല.
ഒന്നരമണിക്കൂറോളം ഹോട്ടലില്‍ പോലീസ് പരിശോധന നടത്തി ഇതിനിടെയാണ് സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌കിന്റെ പാസ്്വേഡ് തങ്ങള്‍ക്ക് അറിയില്ലെന്ന് ഹോട്ടല്‍ മാനേജ്‌മെന്റ് അറിയിച്ചത്.
എന്തുകൊണ്ടാണ് പാസ്വേഡ് അറിയില്ല എന്ന വാദം മാനേജ്‌മെന്റ് ഉന്നയിച്ചതെന്ന് വ്യക്തമല്ല. ഇതേത്തുടര്‍ന്നാണ് പോലീസ് ഇത് കസ്റ്റഡിയില്‍ എടുത്തത്.
കൊച്ചിയിലെ ആഡംബര ഹോട്ടലില്‍ നിന്ന് നിശാ പാര്‍ട്ടി കഴിഞ്ഞ് മടങ്ങവെയാണ് മുന്‍ മിസ് കേരള അടക്കം നാലുപേര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഇടപ്പള്ളി ഭാഗത്ത് അപകടത്തില്‍പ്പെട്ടത്.
അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട ഡ്രൈവര്‍ അബ്ദു റഹ്മാന്റ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഹോട്ടലില്‍ പരിശോധന നടത്തിയത്.
ഇയാള്‍ അമിതമായ രീതിയില്‍ മദ്യപിച്ചിരുന്നുവെന്ന് വൈദ്യ പരിശോധനയില്‍ വ്യക്തമായിരുന്നു. അനുവദിച്ച സമയപരിധിലും കൂടുതല്‍ ബാര്‍ പ്രവര്‍ത്തിച്ചിരുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് എക്‌സൈസ് വകുപ്പ് ഹോട്ടലിന്റെ ബാര്‍ ലൈസന്‍സ് റദ്ദാക്കിയിരുന്നു.
ഡ്രൈവറായ അബ്ദുല്‍ റഹ്മാന്‍ മദ്യപിച്ച് സംഘത്തിനൊപ്പം യാത്രയുടെ തുടക്കത്തില്‍ തന്നെ ഉണ്ടായിരുന്നു എന്ന് സ്ഥാപിക്കുന്നതിന് വേണ്ടിയാണ് പോലീസ് ഡിജെ പാര്‍ട്ടിയിലെ ദൃശ്യങ്ങള്‍ തേടുന്നത്.
എന്നാല്‍ ഈ ദൃശ്യങ്ങള്‍ ഹോട്ടല്‍ അധികൃതര്‍ മനപ്പൂര്‍വ്വം ഇല്ലാതാക്കി എന്നാണ് പോലീസിന്റെ ഇപ്പോഴത്തെ വിലയിരുത്തല്‍.
ദൃശ്യങ്ങള്‍ പരിശോധിക്കുകയാണെങ്കില്‍ ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്തവരുടെ മുഴുവന്‍ വിവരങ്ങളും പുറത്തുവരും. അതു മാത്രമല്ല ഇത്തരം പാര്‍ട്ടികളില്‍ മദ്യം മാത്രമാണോ ഉപയോഗിക്കുന്നതെന്ന സംശയവും പോലീസിനുണ്ട്.
ഇതിലേക്ക് യാതൊരു രീതിയിലുള്ള പോലീസ് അന്വേഷണവും കടന്നു വരാതിരിക്കാന്‍ വേണ്ടി കൂടിയാണ് ഹോട്ടല്‍ അധികൃതര്‍ ദൃശ്യങ്ങള്‍ മായ്ച്ചതെന്ന സംശയത്തിലാണ് പോലീസ്.