സ്വന്തം ലേഖകന്‍
കോഴിക്കോട്: വിദ്യാര്‍ഥികളായ യുവതീ യുവാക്കളെ ലക്ഷ്യമിട്ട് സംസ്ഥാനത്ത് വ്യാപകമായി ഡിജെ പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. എക്സൈസ് പോലീസ് രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്കാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ ലഭിച്ചത്.
എല്ലാ ജില്ലകള്‍ കേന്ദ്രീകരിച്ചും ഡിജെ പാര്‍ട്ടികള്‍ സജീവമായി നടക്കുന്നുണ്ട്. ആദ്യകാലങ്ങളില്‍ പ്രത്യേകം സജ്ജമാക്കിയ സ്ഥലങ്ങളില്‍ വിപുലമായ രീതിയില്‍ മുന്‍കൂട്ടി നിശ്ചയിച്ചായിരുന്നു പാര്‍ട്ടികള്‍ സംഘടിപ്പിച്ചിരുന്നത്. ‘
എന്നാല്‍ ഇന്ന് താത്കാലികമായി സൗകര്യം ഒരുക്കുകയും നിമിഷ നേരത്തിനുള്ളില്യുവതീ-യുവാക്കളെ സംഘടിപ്പിക്കാനും സാധിക്കുന്നതായാണ് പോലീസും എക്സൈസും പറയുന്നത്.
ഒഴിഞ്ഞ കെട്ടിടങ്ങളും ഹോട്ടല്‍ മുറികളും വരെ പലപ്പോഴും ഡിജെ പാര്‍ട്ടിയുടെ വേദിയായി മാറുന്നുണ്ട്. ഇന്നലെ കോഴിക്കോട് കേന്ദ്രീകരിച്ച് ഡിജെ പാര്‍ട്ടികളും മറ്റും സംഘടിപ്പിക്കുന്ന മയക്കുമരുന്ന് വിതരണക്കാരുപ്പെടെ എട്ടു പേരെ പോലീസ് പിടികൂടിയിരുന്നു.
ഇവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഡിജെ പാര്‍ട്ടികള്‍ സജീവമായി നടക്കുന്നുണ്ടെന്ന സൂചനകള്‍ പോലീസിന് ലഭിച്ചത്.
കഞ്ചാവ് മുതല്‍ ഹാഷിഷ് വരെ
വിലകൂടിയ മയക്കുമരുന്നുകളോടെയാണ് പലയിടത്തും ഡിജെ പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നത്. മയക്കുമരുന്ന് വേണ്ടത്ര ലഭിച്ചാല്‍ പാര്‍ട്ടി സജ്ജമാക്കാന്‍ “ഇവന്റ് മാനേജ്മെന്റ് ടീം’ തയാറാവും.
ഒഴിഞ്ഞ കെട്ടങ്ങളോ ഹോട്ടല്‍ മുറികളോ കണ്ടല്‍കാടുകളോ മതി … അവിടെ ആവശ്യാനുസരണം ലൈറ്റുകള്‍ സെറ്റ് ചെയ്ത് ഡിജെ പാര്ട്ടിക്കാവശ്യമായ എല്ലാ സജ്ജീകരണങ്ങളും സംഘം ഒരുക്കും. ഇവ ഒരുക്കുന്നതിനൊപ്പം വാട്സ് ആപ്പ് ഗ്രൂപ്പുകള്‍ വഴി സന്ദേശം പുറത്തെത്തിക്കും.
ലൊക്കേഷന്‍ കൈമാറുകയും നിമിഷ നേരത്തിനുള്ളില്‍ യുവതീ-യുവാക്കള്‍ എത്തുകയുമാണ് പതിവ്. മയക്കുമരുന്നിന്റെ ഗുണമേന്മയനുസരിച്ചാണ് ഓരോ ഡിജെ പാര്‍ട്ടിയുടെയും ചെലവ് നിശ്ചയിക്കുന്നത്. മയക്കുമരുന്നിന് പുറമേ ഡിജെ സെറ്റ് ചെയ്തതിനുമടക്കമാണ് തുക ഈടാക്കുന്നത്.
ഹാഷിഷ് ഓയിലിനാണ് കൂടുതല്‍ ഡിമാന്റുള്ളത്. ചെറിയ കുപ്പികളിലാക്കിയാണ് ഇവ കൈമാറുന്നത്. ഒരോ തുള്ളിയെടുത്താണ് ഇവയുടെ ഉപയോഗം.
ലഹരി കൂട്ടാന്‍ ഡിജെ ലൈറ്റുകള്‍
ഉപയോഗിക്കുന്ന മയക്കുമരുന്നിനൊപ്പം തന്നെ ഡിജെ ലൈറ്റുകള്‍ക്കും ലഹരിയേറെയാണ്. വിവിധ വര്‍ണങ്ങളില്‍ മിന്നിമറിയുന്ന ലൈറ്റുകളും പോപ് സംഗീതവുമെല്ലാം യുവതീ-യുവാക്കളെ മായാലോകത്തേക്കാണ് നയിക്കുന്നത്. മണിക്കൂറുകളോളം ലഹരി നിലനിര്‍ത്താന്‍ കഴിയുമെന്നതാണ് ഇത്തരം പാര്‍ട്ടികളുടെ രഹസ്യം.
ബംഗളൂരുവിലും ആന്ധ്രയിലും മയക്കുമരുന്ന് വിതരണത്തിനായി മലയാളികളുള്‍പ്പെടെയുള്ള ലോബി സജീവമായുണ്ട്. മൊത്തമായി ഇവ വാങ്ങി ട്രയിനിലും മറ്റും ഒളിപ്പിച്ച് കടത്തിയാണ് കേരളത്തിലെത്തിക്കുന്നത്. ഇരട്ടിയോളം വിലയും ഇത്തരത്തില്എത്തിക്കുന്ന മയക്കുമരുന്നിന് ഈടാക്കുന്നുണ്ട്.
യുവതികളും കെണിയില്‍
നിരവധി യുവതികളാണ് മയക്കുമരുന്ന് സംഘത്തിന്റെ കെണിയില്‍പെട്ടിരിക്കുന്നത്. പ്രണയം നടിച്ചും മറ്റും യുവതികളെ കെണിയിലാക്കുകയാണ് പതിവ്. ഒരു തവണ മയക്കുമരുന്ന് ഉപയോഗിച്ചാല്‍ ഇതിന് അടിമകളാക്കും വിധത്തിലാണ് ലഹരി നല്‍കുന്നത്.
സ്ഥിരം അടിമകളായി മാറിയാല്‍ ഇവരെ ലൈംഗികമായി ചൂഷണം ചെയ്യും. ബ്ലാക്ക്മെയിലിംഗ് നടത്തി പണം സ്വരൂപിക്കുന്ന മയക്കുമരുന്ന് മാഫിയയും ഇന്ന് സജീവമായുണ്ടെന്നാണ് പോലീസ് പറയുന്നത്.