കൊച്ചി: കടവന്ത്രയിലെ ആഡംബര ഹോട്ടലില്‍ ഡിജെ പാര്‍ട്ടിക്കിടെ ജീവനക്കാരനെ കുത്തിപരിക്കേല്‍പ്പിച്ച സംഭവത്തിലെ പ്രധാന പ്രതി ബംഗളൂരുവിലുണ്ടെന്ന് സൂചന.
ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് സംഘം ബംഗളൂരുവിലെത്തി അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കരുമാലൂര്‍ സ്വദേശി രാഹുലിനായാണ് എറണാകുളം സൗത്ത് പോലീസ് വ്യാപകമായ അന്വേഷണം നടത്തുന്നത്.
ഒളിവില്‍ പോയ ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ആലുവ വെസ്റ്റ് പോലീസില്‍ ഇയാള്‍ക്കെതിരേ കൊലപാതക ശ്രമത്തിന് കേസുണ്ട്.
ഇയാളുടെ സുഹൃത്തുക്കളായ ലിജോയ് കെ.സിജോ (23), നിതിന്‍ ബാബു (22) എന്നിവരെ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കുത്തേറ്റ ഹോട്ടല്‍ മാനേജര്‍ കോട്ടയം കിളിരൂര്‍ സ്വദേശി റോണി കുര്യന് ചികിത്സയിലാണ്.