കൊച്ചി: പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് കൊച്ചി നഗരത്തിലെ വിവിധ ഭാഗങ്ങളിൽ നടന്ന റേവ് ഡിജെ പാർട്ടികളിൽ പോലീസ് നടത്തിയ റെയ്ഡിൽ എൽഎസ്ഡിയും എംഡിഎംഎയും ഉൾപ്പെടെ ലഹരിമരുന്നുകളുമായി പതിനഞ്ചോളം പേർ പിടിയിലായി. നഗരത്തിലെ ന്യൂഇയർ ഡിജെ പാർട്ടികളിലേക്ക് വൻതോതിൽ ലഹരി വസ്തുക്കൾ എത്തുമെന്ന് സിറ്റി പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു നടപടി.
മുളവുകാട്ടുള്ള ഹോട്ടലിൽ സംഘടിപ്പിച്ച പുതുവത്സര ഡിജെ പാർട്ടിയിൽനിന്ന് എൽഎസ്ഡി സ്റ്റാമ്പുകളുമായി തൃശൂർ തൊയക്കാവ് സ്വദേശി ഷൈൻ സക്കറിയ (34), എളമക്കരയിൽ സംഘടിപ്പിച്ച രഹസ്യ റേവ് പാർട്ടിയിൽനിന്ന് എംഡിഎംഎയുമായി വയനാട് അമ്പലക്കാട് സ്വദേശി ഷഫീക്ക് (21), മരടിലുള്ള ഹോട്ടിലിന്റെ പാർക്കിംഗ് സ്ഥലത്തുനിന്ന് എൽഎസ്ഡി സ്റ്റാമ്പുകളുമായി വയനാട് സ്വദേശി മുഹമ്മദ് അഫ്സൽ (21) കഞ്ചാവും മറ്റ് ലഹരിമരുന്നുകളുമായി കണ്ണമാലി കണ്ടക്കടവ് സ്വദേശി രാഹുൽ (22), ആലുവ മുപ്പത്തടം സ്വദേശി ശരത്ത് (27), വെണ്ണല സ്വദേശി ഷിജിൻ (22), തൃശൂർ സ്വദേശികളായ സുജിത്ത് (23) സഞ്ജയ്സഞ്ജു (22), മിഥുൻ (25), കോഴിക്കോട് പയ്യോളി സ്വദേശി റഷീദ് (24), കൊച്ചി സ്വദേശികളായ ഷുഹൈബ് (25), സിജിൻ (22) എന്നിവരാണ് പിടിയിലായത്.
മുളവുകാടുനിന്ന് പിടിയിലായ ഷൈൻ സക്കറിയ ഗോവയിൽനിന്ന് കേരളത്തിലേക്ക് ലഹരിമരുന്നുകൾ കടത്തുന്നതിലെ മുഖ്യകണ്ണിയാണ്.