അല്ലിമലർക്കൊടി അങ്കദമേ ഒട്ടാര ഒട്ടാര സന്ദനമേ മുല്ലൈ മലർക്കൊടി മുത്താരമേ എങ്കൂരു എങ്കൂരു കുത്താലമേ…
സൂപ്പർ ഹിറ്റായ എൻജോയ് എൻചാമി എന്ന പാട്ട് ഈ വരികളിലെത്തുന്പോൾ കേൾക്കുന്നയാളിൽ ഒരു പ്രത്യേക അനുഭവം നിറയും. സ്വന്തം നാടിന്റെ മണ്ണും മനസും അവിടുത്തെ ജീവജാലങ്ങളും ബന്ധങ്ങളും പ്രിയപ്പെട്ടതായി കരുതുന്നവരിൽ പ്രത്യേകിച്ചും. അതു സന്തോഷമാണോ സങ്കടമാണോ സ്നേഹമാണോ എന്നൊന്നും തിരിച്ചറിയില്ല.
ബീറ്റുകൾ പകരുന്ന ആവേശമാണോ, പാടുന്നവരുടെ ശബ്ദത്തോടുള്ള അടുപ്പമാണോ അതിനൊക്കെ അപ്പുറം പാട്ടിനു മൊത്തമായുള്ള ഒരു നിഷ്കളങ്കതയാണോ അതിനു കാരണമാകുന്നതെന്നും അറിയില്ല.
എന്തായാലും ഒരിക്കൽ കേട്ടാൽ വീണ്ടും ഒന്നുകൂടി കേൾക്കാൻ തോന്നും ഈ പാട്ട്. അതുകൊണ്ടുതന്നെയാവണം യുട്യൂബിൽ ഇതെഴുതുന്നതുവരെ 26,84,75,915 തവണ ഇതു പ്ലേ ചെയ്യപ്പെട്ടിട്ടുണ്ട്. ഇതുവരെ ഈ പാട്ടു കേൾക്കാത്തവരുണ്ടെങ്കിൽ കേട്ടശേഷം തുടർന്നു വായിക്കുക.
സ്നേക്ക് പതിപ്പ്
കഴിഞ്ഞ സംഗീതദിനത്തിൽ എൻജോയ് എൻചാമിയുടെ റീമിക്സ് ട്രാക്ക് ഓഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോം ആയ സ്പോട്ടിഫൈയിലൂടെ പുറത്തുവന്നു.
തമിഴ് വരികൾ അതേപടി നിലനിർത്തി ബീറ്റുകൾക്ക് കൂടുതൽ പ്രാധാന്യം കൊടുത്തുള്ള പതിപ്പ്. സാക്ഷാൽ ഡിജെ സ്നേക്ക് ആയിരുന്നു ഇതിനു പിന്നിൽ.
അദ്ദേഹത്തിന്റെ മുഖമുദ്രയായ ഇലക്ട്രോണിക് ഡാൻസ് ബീറ്റുകൾ പാട്ടിനു ഭംഗികൂട്ടിയെന്ന് ആസ്വാദകർ സാക്ഷ്യപ്പെടുത്തുന്നു.
ഇന്ത്യയിൽനിന്നുള്ള എന്റെയൊരു അടുത്ത സുഹൃത്താണ് കഴിഞ്ഞനാൾ ഈ പാട്ട് ഷെയർ ചെയ്തത്. അതിഗംഭീരമാണല്ലോ എന്നു തോന്നി എനിക്ക്. അതിന്റെ ഊർജം ഇഷ്ടമായി.
വളരെ കൗതുകത്തോടെയാണ് ഞാൻ ഈ റീമിക്സിനു വേണ്ടി പ്രവർത്തിച്ചത്. എന്താണ് ഞാൻ ചെയ്യുന്നതെന്ന് എനിക്കു കൃത്യം അറിവുണ്ടായിരുന്നു. രണ്ടു മണിക്കൂറിൽ അതു പൂർത്തിയാക്കുകയും ചെയ്തു- ഡിജെ സ്നേക്ക് പറഞ്ഞു.
ഗായിക ധീയെ സൂപ്പർസ്റ്റാർ എന്നു വിശേഷിപ്പിക്കാനും സ്നേക്ക് മറന്നില്ല. പാട്ടിൽ അവർ എന്താണ് പാടുന്നത് എന്നൊന്നും എനിക്കറിയില്ല. പക്ഷേ ആ ശബ്ദവും അവരുടെ എനർജിയും എനിക്ക് ഒരുപാടിഷ്ടമായി- അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
ഇന്ത്യയിൽ വരാനായി കോവിഡ് മഹാമാരി തീരുന്നതുവരെ കാത്തിരിക്കാനുള്ള ക്ഷമയൊന്നും എനിക്കില്ല. ധീയെ കാണാനും പുതിയ എന്തെങ്കിലും ട്രാക്ക് ചെയ്യാനും ഞാൻ ആഗ്രഹിക്കുന്നു.
ആരാണ് ഡിജെ സ്നേക്ക്
വില്യം സമി എറ്റിനി ഗ്രിഗാസിനെ എന്ന മുപ്പത്തഞ്ചുകാരൻ. ഡിജെ സ്നേക്ക് എന്നത് അയാളുടെ സ്റ്റേജ് നെയിമാണ്. ലോകത്തെ ഏറ്റവും പ്രതിഫലം വാങ്ങുന്ന ഡിജെമാരിൽ ഒരാൾ.
റെക്കോർഡ് പ്രൊഡ്യൂസർ. ഡാൻസ്/ഇലക്ട്രോണിക്, പോപ്, റാപ് എന്നിങ്ങനെപോകുന്നു ഈ ഫ്രഞ്ചുകാരന്റെ സംഗീത ശൈലികൾ. മേജർ ലേസർ, ജസ്റ്റിൻ ബീബർ, ലേഡി ഗാഗ, സെലീന ഗോമസ്, ജോർജ് മേപ്പിൾ, ലിൽ ജോണ് തുടങ്ങിയ വന്പൻ പേരുകൾക്കൊപ്പമാണ് പ്രവർത്തനം.
പ്രതിഫലത്തിന്റെ കാര്യത്തിൽ ലോകത്തെ ഡിജെമാരിൽ ദിമിത്രി വെഗാസ് ആൻഡ് ലൈക് മൈക്ക്, ഡിജെ പോളി ഡി എന്നിവർക്കൊപ്പം പതിനഞ്ചാം സ്ഥാനത്താണ് സ്നേക്ക് ഇപ്പോൾ.
ഏതാണ്ട് 11.5 മില്യണ് ഡോളറാണ് വർഷംതോറും ഇദ്ദേഹത്തിന്റെ ലാഭം. നമ്മുടെ കണക്കിൽ ഏതാണ്ട് 85 കോടി രൂപ! ഇന്ത്യയിൽ ലക്ഷക്കണക്കിന് ആരാധകരുണ്ട് ഡിജെ സ്നേക്കിന്.
എൻജോയ് എൻചാമി
സ്വതന്ത്ര സംഗീത കലാകാരന്മാരെ പ്രോത്സാഹിപ്പിക്കാൻ എ.ആർ. റഹ്മാന്റെ നേതൃത്വത്തിൽ തുടങ്ങിയ മജാ യുട്യൂബ് ചാനലിലൂടെയാണ് കഴിഞ്ഞ മാർച്ചിൽ എൻജോയ് എൻചാമി എന്ന പാട്ട് അവതരിപ്പിച്ചത്. ഇൻസ്റ്റന്റ് ഹിറ്റ് എന്നു വിശേഷിപ്പിക്കാവുന്ന സുന്ദരഗാനം.
ഗായിക ധീയും (ധീക്ഷിത വെങ്കിടേശൻ) റാപ്പറും ഗാനരചയിതാവുമായ അറിവു (അറിവരശു കലൈനേശൻ) മാണ് പാട്ടു പാടിയിരിക്കുന്നത്. കംപോസിംഗ്, പ്രോഗ്രാമിംഗ്, അറേഞ്ച്മെന്റ് എന്നിവ നിർവഹിച്ചത് സന്തോഷ് നാരായണൻ.
ആദ്യകേൾവിയിൽ തോന്നുന്നതുപോലെ ഒരു ഡാൻസ് നന്പർ മാത്രമല്ല എൻജോയ് എൻചാമി. കൊളോണിയൽ കാലഘട്ടത്തിൽ സിലോണിലേക്കു തമിഴ് ജനത നടത്തിയ കുടിയേറ്റത്തിന്റെ കഥയാണ് വരികൾ പറയുന്നത്. സ്വന്തം മുത്തശി വള്ളിയമ്മയുടെ ഉള്ളുപൊള്ളുന്ന അനുഭവങ്ങൾ അറിവ് വരികളാക്കി.
ഏതാണ്ട് 200 പേരുടെ മൂന്നുമാസത്തെ അധ്വാനമാണ് അഞ്ചുമിനിറ്റിനേക്കാൾ അല്പംകൂടുതൽ ദൈർഘ്യമുള്ള ഈ മ്യൂസിക് വീഡിയോ.
സിലോണിൽനിന്ന് മടങ്ങിയെത്തി റെയിൽവേ തൊഴിലാളിയായും വീട്ടുവേലക്കാരിയായും വിയർപ്പൊഴുക്കി സ്വന്തം മകളെ (അറിവിന്റെ അമ്മയെ) പഠിപ്പിച്ച് അധ്യാപികയായിക്കിയ വള്ളിയമ്മ വീഡിയോയിൽ പലയിടത്തായി പ്രത്യക്ഷപ്പെടുന്നുണ്ട്.
മുത്തശിമാർ പേരക്കുട്ടികളെ വാത്സല്യപൂർവം വിളിക്കുന്ന വാക്കാണ് എൻ ചാമി (എൻ സ്വാമി) എന്നത്. തിരുവണ്ണാമലയിലായിരുന്നു പാട്ടിന്റെ ഷൂട്ടിംഗ്. അതിജീവനപ്പോരാട്ടങ്ങൾ കടന്ന് ഒത്തൊരുമിച്ച് മുന്നേറാം എന്നു പാട്ടു പറയുന്നു. എൻജോയ് എൻചാമി, വാങ്കോ വാങ്കോ ഒന്നാഗി…
കന്പളിപൂച്ചിയും തങ്കച്ചിമാരും ഒരുമിച്ച് താങ്കൾക്ക് സ്നേഹമറിയിക്കുന്നു എന്നായിരുന്നു ഡിജെ സ്നേക്കിനു നന്ദിപറഞ്ഞുകൊണ്ടുള്ള സന്തോഷ് നാരായണന്റെ ട്വീറ്റ്. എൻ കടലേ.. കരയേ.. വനമേ.. സനമേ.. നെലമേ.. കൊലമേ.. എടമേ.. തടമേ… പാട്ടു നമ്മളെയും സ്നേഹിക്കുന്നു!
ഹരിപ്രസാദ്