സ്വന്തം ലേഖകന്‍
കോഴിക്കോട്: സംസ്ഥാന അധ്യക്ഷന്റെ മകന്റെ നിയമനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തില്‍ സൂക്ഷിച്ച് പ്രതികരിക്കാന്‍ ബിജെപി.
നിലവിലെ സാഹചര്യത്തില്‍ കെ.സുരേന്ദ്രന് തന്നെ കാര്യങ്ങള്‍ വ്യക്തമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞിട്ടുണ്ട്. കൂടുതല്‍ വിശദീകരണത്തിന് നില്‍ക്കേണ്ടെന്നാണ് ബിജെപി സംസ്ഥാന ഘടകത്തിന്റെ തീരുമാനം.
അതേസമയം വാര്‍ത്ത പുറത്തെത്തിച്ച് വിവാദമുണ്ടാക്കിയതിന് പിന്നില്‍ പാര്‍ട്ടിക്കുള്ളിലെ തന്നെ ഒരുവിഭാഗത്തിന് പങ്കുണ്ടോ എന്ന കാര്യത്തിലും ഔദ്യോഗിക പക്ഷം അന്വേഷണം നടത്തുന്നുണ്ട്.
പ്രധാനമന്ത്രി കേരളത്തില്‍ എത്തിയ സമയത്തുതന്നെ ഇത്തരത്തില്‍ ബന്ധുനിയമന വിവാദം ഉയര്‍ന്നുവന്നതിന് പിന്നില്‍ നിക്ഷിപ്ത താത്പര്യംഉണ്ടെന്ന് കരുതുന്നവരാണ് ഏറെയും.
സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷനായത് മുതൽ അസംതൃപ്തരായ ഒരു വിഭാഗത്തിന് വീണുകിട്ടിയ ആയുധമാണ് അദ്ദേഹത്തിന്റെ മകൻ ഹരികൃഷ്ണന്റെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജിയിലെ നിയമനം.
നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയം, കുഴൽപ്പണ വിവാദം ഉൾപ്പെടെ വിഷയങ്ങൾ ചൂണ്ടിക്കാട്ടി സുരേന്ദ്രനെതിരെ വിമതപക്ഷം പട നയിച്ചെങ്കിലും അതൊന്നും ഫലം കണ്ടില്ല. അതിനിടെയാണ് നിയമനം വിവാദമായത്.
എന്നാൽ, മകന്റെ നിയമനത്തിൽ ഇടപെടൽ ഉണ്ടായിട്ടില്ലെന്നും ഏത് അന്വേഷണം നേരിടാനും തയാറാണെന്നുമാണ് സുരേന്ദ്രൻ വിശദീകരിച്ചത്.
കേന്ദ്രമന്ത്രി അമിത് ഷാ കേരള സന്ദർശനത്തിനെത്തുന്ന അവസരത്തില്‍ എന്തായാലും വിവാദം ആളിക്കത്തിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും രംഗത്തെത്തുമെന്ന കാര്യവും ഉറപ്പാണ്.
നിലവില്‍ സര്‍വകലാശാലകളിലെ നിയമനവുമായി ബന്ധപ്പെട്ട് സിപിഎമ്മിനും സര്‍ക്കാരിനുമെതിരേ ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ വിവാദമെന്നതും ശ്രദ്ദേയമാണ്.