വിഴിഞ്ഞം: ലഹരിപ്പാർട്ടി നടത്തിയ പൂവാറിലെ റിസോർട്ട് നടത്തിപ്പുകാർ സർക്കാർ നിർദേശങ്ങൾ പൂർണമായി കാറ്റിൽ പറത്തിയതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.
റിസോർട്ടിന്റെ നടത്തിപ്പിലും ഭൂമിയുടെ ഉടമസ്ഥാവകാശത്തിലും ദുരൂഹതയെന്നും അധികൃതർ.
ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് നിരവധി പേർ പാർട്ടിയിൽ പങ്കെടുത്തെങ്കിലും ആരെയും കുറിച്ചുള്ള യാതൊരു വിവരങ്ങളും റിസോർട്ടിൽ രേഖപ്പെടുത്തിയിട്ടില്ല.
ഇൻസ്റ്റാഗ്രാം വഴിയും നിർവാണ എന്ന വാർട്സ്ആപ് ഗ്രൂപ്പ് വഴിയും എത്തിയ അംഗങ്ങളിൽ നിന്ന് പ്രവേശന ഫീസും ലഹരിക്കായുള്ള പണവും ഈടാക്കിയ സംഘാടകരും പങ്കെടുത്തവരെക്കുറിച്ചുള്ള വിവരങ്ങൾ മറച്ചുവച്ചു.
റെയ്ഡ് നടന്ന ദിവസം എക്സൈസ് അധികൃതർ പിടിച്ചെടുത്ത റിക്കോർഡുകളുടെ പരിശോധനയിലാണ് നിയമ ലംഘനത്തിന്റെ വിവരങ്ങൾ പുറത്തായത്.
കോവിഡ്നിയന്ത്രണങ്ങൾക്ക് ശേഷം ഹോട്ടലുകളും റിസോർട്ടുകളും തുറന്ന് നൽകിയ സർക്കാർ സന്ദർശകരുടെ വ്യക്തമായ വിവരങ്ങൾക്കുപരി വാക്സീൻ എടുത്തതായ വിവരങ്ങൾ വരെ രേഖപ്പെടുത്തണമെന്ന് നിർദേശിച്ചിരുന്നു.
എന്നാൽ ഇതൊന്നും പാലിക്കപ്പെട്ടില്ലെന്ന് മാത്രമല്ല കോവിഡ് മാനദണ്ഡങ്ങൾ പോലും ലംഘിച്ചതായാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ.
സംഭവ ദിവസം പിടിയിലായി മൊഴിയെടുത്ത ശേഷം വിട്ടയച്ചവരിൽ റിസോർട്ടിലെ പാചകക്കാരും, ഭക്ഷണ വിതരണക്കാരും, ഫോട്ടോഗ്രാഫർ ഉൾപ്പെടെ പത്തോളം പേരെ ഇന്നലെയും വിളിച്ച് വരുത്തി ചോദ്യം ചെയ്തു.
കോവിഡ് സമയത്തും ഇവിടെ രഹസ്യമായി ലഹരിപ്പാർട്ടി സംഘടിപ്പിച്ചിരുന്നയി ജീവനക്കാർ മൊഴി നൽകി.
കൂടാതെ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ളവരുടെ ബർത്ത് ഡേ പാർട്ടികളും മാനദണ്ഡങ്ങൾ ലംഘിച്ച് ഇവിടെ അരങ്ങേറിയെങ്കിലും രജിസ്റ്റർ ബുക്കിൽ പോലും ഇവ രേഖപ്പെടുത്തിയിട്ടില്ലെന്നും ഉദ്യോഗസ്ഥർ പറയുന്നു.
കായലോരവും നെയ്യാറിന്റെ പൊഴിക്കരയും കൈയേറി നിർമിച്ചിരിക്കുന്ന റിസോർട്ടിന്റെ പട്ടയക്കാര്യത്തിലും വ്യക്തതയില്ല.
ആറ് മുറികളോട് കൂടിയ കെട്ടിടത്തിന്റെ രേഖകൾ ഹാജരാക്കാൻ അധികൃതർ ആവശ്യപ്പെട്ടെങ്കിലും ഇന്നലെയും ഹാജരാക്കിയില്ല.
കായലോരം ചേർന്ന് നിഗൂഢതകൾ നിറഞ്ഞ സ്ഥലത്ത്അനധികൃതമായി ഇത്രയും വലിയ കെട്ടിടം പണിതെങ്കിലും പഞ്ചായത്ത് ഉൾപ്പെടെ ബന്ധപ്പെട്ട അധികൃതർതിരിഞ്ഞ് നോക്കിയില്ലെന്നും ആരോപണം ഉയരുന്നുണ്ട്.
കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലം സർക്കാർ ഭൂമിയെന്ന് സംശയമുള്ളതിനാൽ വ്യക്തത വരുത്താൻ പൂവാർ വില്ലേജ് ഓഫീസിൽ അപേക്ഷ നൽകുമെന്ന് പ്രത്യേക അന്വേഷണ സംഘത്തലവൻ എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ വിനോദ് കുമാർ അറിയിച്ചു.
ഇതിനിടയിൽ പ്രതികളുടെ കസ്റ്റഡിക്കാലവധി ഇന്നവസാനിക്കാനിരിക്കെ മൊഴിയെടുക്കലും ചോദ്യം ചെയ്യലും കൂടുതൽ ഊർജിതമാക്കി.
ലഹരിപ്പാർട്ടിക്ക് മയക്കുമരുന്ന് എത്തിച്ച സംഘങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ലഹരിയുടെ ഉറവിടത്തെ പറ്റിയുള്ള തെളിവുകൾ ശേഖരിക്കലുമാണ് മുഖ്യ ലക്ഷ്യമെന്നും അധികൃതർ പറയുന്നു.