ന്യൂഡൽഹി: കള്ളപ്പണക്കേസിൽ അറസ്റ്റിലായ കർണാടകയിലെ മുതിർന്ന കോണ്ഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിന്റെ മകൾ ഐശ്വര്യയെ ഇന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും.
കള്ളപ്പണക്കേസിൽ വ്യാഴാഴ്ച ചോദ്യം ചെയ്യലിനു ഹാജരാകാൻ ചൊവ്വാഴ്ചയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകിയത്. ഡൽഹി ഖാൻ മാർക്കറ്റിലെ എൻഫോഴ്സ്മെന്റ് ആസ്ഥാനത്ത് രാവിലെ ചോദ്യം ചെയ്യൽ ആരംഭിക്കും.
ശിവകുമാർ രൂപവത്കരിച്ച എഡ്യുക്കേഷൻ ട്രസ്റ്റിൽ ട്രസ്റ്റിയാണ് ഐശ്വര്യ. കോടികളുടെ ബിസിനിസ് കൈകാര്യം ചെയ്യുന്ന ട്രസ്റ്റാണിത്. നിരവധി എൻജിനിയറിംഗ് കോളജുകളും ട്രസ്റ്റ് നടത്തുന്നുണ്ടെന്ന് ഇഡി വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. 2017-ൽ ശിവകുമാറും മകൾ ഐശ്വര്യയും ബിസിനസ് ആവശ്യത്തിനായി സിംഗപ്പൂരിലേക്കു നടത്തിയ യാത്രയുടെ വിവരങ്ങളും ഇഡി ആരായും.
ശിവകുമാറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സെപ്റ്റംബർ മൂന്നിന് അറസ്റ്റ് ചെയ്തിരുന്നു. ഇഡി കസ്റ്റഡിയിലാണ് ശിവകുമാർ. 2018 സെപ്റ്റംബറിലാണു ശിവകുമാറിനെതിരേ ഇഡി കേസ് രജിസ്റ്റർ ചെയ്തത്.