മുംബൈ: റിസോർട്ടിൽവച്ച് തന്റെ ഭർത്താവിനെ ആക്രമിച്ച സംഭവത്തിൽ ജെ.എൻ ഗണേഷ് എംഎൽഎയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ആനന്ദ് സിംഗിന്റെ ഭാര്യ. പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന ആനന്ദ് സിംഗ് എംഎൽഎയുടെ ഭാര്യ ലക്ഷ്മി സിംഗാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗണേഷ് തന്റെ ഭർത്താവിനെ ആക്രമിച്ചുവെന്ന വാർത്ത സത്യമാണെന്നും താനും മക്കളും നിശബ്ദത പാലിക്കുമെന്ന് കരുതേണ്ടെന്നും മുംബൈയിൽ സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാനെത്തിയ അവർ മാധ്യമങ്ങളോട് പറഞ്ഞു.
ബിജെപി ക്യാന്പുമായി അടുപ്പത്തിലായ കാംപ്ലി എംഎൽഎ കെ.ഗണേഷ് ആണ് സിംഗിനെ മർദിച്ചത്. ബെല്ലാരി ജില്ലക്കാരാണ് ഇരുവരും. ആനന്ദ് സിങ്ങിനെ ജെ.എൻ ഗണേഷ് കുപ്പികൊണ്ട് തലയ്ക്കടിച്ചു. ശരീരത്തിൽ പല ഭാഗത്തും മർദനമേറ്റ ആനന്ദ് സിംഗിന്റെ കണ്ണുകൾ തടിച്ചുവീർത്ത നിലയിലാണ്. നെഞ്ചുവേദനയുണ്ടെന്ന് ആനന്ദ് പറഞ്ഞുവെങ്കിലും ഇസിജിയിൽ കുഴപ്പമില്ലെന്നാണ് ആശുപത്രി അധൃകൃതർ നൽകുന്ന സൂചന. സംഭവത്തിൽ ഇതുവരെ പോലീസ് കേസെടുത്തിട്ടില്ല.
ആക്രമണത്തിന് പിന്നിലുള്ള പ്രകോപനം എന്താണെന്ന് അറിയില്ലെന്ന് ലക്ഷ്മി സിംഗ് പറഞ്ഞു. പ്രകോപനം ഉണ്ടായാൽതന്നെ ഒരാളെ കൊല്ലാൻ ശ്രമിക്കാമോ അത് ശരിയാണോയെന്നും അവർ ചോദിച്ചു.ആനന്ദ് സിംഗും ഗണേഷും തമ്മിൽ മുന്പ് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇരുവരും നല്ല സുഹൃത്തുക്കളായിരുന്നു.
എന്നാൽ, അടുത്തയിടെ നടന്ന കോണ്ഗ്രസ് നിയമസഭാകക്ഷി യോഗത്തിനിടെ ഭീമാ നായിക്ക് എംഎൽഎയുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നുവെന്ന് ഭർത്താവ് തന്നോട് പറഞ്ഞിരുന്നു. തന്റെ സഹോദരനും ബന്ധുക്കളും ആശുപത്രിയിലുണ്ട്. എന്നാൽ അദ്ദേഹത്തോട് സംസാരിക്കാൻ തനിക്ക് ഇതുവരെ കഴിഞ്ഞില്ലെന്നും അവർ പറഞ്ഞു. നിരവധി തവണ ഫോണിൽ വിളിച്ചുവെങ്കിലും അദ്ദേഹം ഉറങ്ങുകയാണെന്ന മറുപടിയാണ് ലഭിച്ചത്. ഭർത്താവിന്റെ ആരോഗ്യസ്ഥിതിയെപ്പറ്റി തനിക്ക് വ്യക്തമായ ധാരണയില്ല.
മന്ത്രി ഡി.കെ ശിവകുമാറുമായി തന്റെ മകൻ സംസാരിച്ചിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് മന്ത്രി പറഞ്ഞുവെന്നും ലക്ഷ്മി സിങ് മുംബൈയിൽ മാധ്യമങ്ങളോട് വെളിപ്പെടുത്തി. ബിജെപി കുതിരക്കച്ചവടത്തിന് ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് കോണ്ഗ്രസ് എംഎൽഎമാരെ നേതൃത്വം റിസോർട്ടിലേക്ക് മാറ്റിയത്. എന്നാൽ നെഞ്ച് വേദനയെത്തുടർന്ന് ആനന്ദ് സിംഗ് സ്വയം ആശുപത്രിയിൽ പോയതാണെന്നായിരുന്നു കോൺഗ്രസിന്റെ ആദ്യ പ്രതികരണം. പിന്നീട് റിസോർട്ടിൽ ചില പ്രശ്നങ്ങൾ ഉണ്ടായതായി കോൺഗ്രസ് നേതൃത്വം സമ്മതിച്ചു.