തോളില്‍ കയ്യിടാന്‍ ശ്രമിച്ച പാര്‍ട്ടി പ്രവര്‍ത്തകന്റെ കരണത്തടിച്ച് കര്‍ണാടക പിസിസി ആധ്യക്ഷന്‍ ഡികെ ശിവകുമാര്‍. ഇതിന്റെ വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
മാണ്ഡ്യയില്‍ വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. മുന്‍ മന്ത്രി ജി മഡേഗൗഡയെ സന്ദര്‍ശിക്കുന്നതിന് മാണ്ഡ്യയില്‍ എത്തിയതായിരുന്നു ശിവകുമാര്‍.
പ്രവര്‍ത്തകര്‍ക്കൊപ്പം നടന്നു പോകുന്നതിനിടെ സമീപത്തുണ്ടായിരുന്ന ഒരാള്‍ തോളില്‍ കൈയിടാന്‍ ശ്രമിച്ചതാണ് ശിവകുമാറിനെ പ്രകോപിപ്പിച്ചത്.
ഉടന്‍ തന്നെ ശിവകുമാര്‍ കൈ തട്ടിമാറ്റുകയും പ്രവര്‍ത്തകന്റെ കരണത്തടിക്കുകയുമായിരുന്നു. ഇത് വീഡിയോയില്‍ കാണാം. മാധ്യമ പ്രവര്‍ത്തകര്‍ അടക്കമുള്ളവരുടെ മുന്നില്‍ വെച്ചായിരുന്നു സംഭവം.
ദൃശ്യങ്ങള്‍ പകര്‍ത്തി എന്നറിഞ്ഞ ശിവകുമാര്‍ അവ ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടു. സാമൂഹിക അകലം പാലിക്കാത്തതിനാലാണ് താന്‍ അത്തരത്തില്‍ പ്രതികരിച്ചതെന്നും അദ്ദേഹം പിന്നീട് പറഞ്ഞു.
സംഭവത്തെ വിമര്‍ശിച്ച് ബിജെപി നേതാവ് സിടി രവി രംഗത്തെത്തി. ബെംഗളൂരുവിലെ ഗുണ്ടയായ കോട്വാള് രാമചന്ദ്രയുടെ പഴയ ശിഷ്യനായ ശിവകുമാര്‍ എങ്ങനെയാണ് പാര്‍ട്ടി പ്രവര്‍ത്തകരോട് ഇടപെടുന്നതെന്ന് ഈ സംഭവത്തിലൂടെ വ്യക്തമാണെന്ന് രവി പറഞ്ഞു.
ശിവകുമാറിന് അക്രമം കാണിക്കാനുള്ള അനുമതി ആരാണ് നല്‍കിയതെന്നും അദ്ദേഹം ചോദിച്ചു.