മംഗളൂരു: കര്‍ണാടകയിലെ ശക്തനായ കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിനെ വീഴ്ത്താനായി കേന്ദ്രസര്‍ക്കാരിന്റെ താത്പര്യത്തോടെ ആദായനികുതി വകുപ്പ് ഒരുക്കിയ കുരുക്കിലാണു കഫേ കോഫി ഡേ സ്ഥാപകന്‍ വി.ജി. സിദ്ധാര്‍ഥ പെട്ടുപോയതെന്നു സൂചന. ശിവകുമാറുമായി ബന്ധമുള്ള സ്ഥാപനങ്ങളില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിലാണ് സിദ്ധാര്‍ഥയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍ ലഭിച്ചത്.
ഈ രേഖകളെ പിന്തുടര്ന്നെത്തിയ അന്വേഷണം സിദ്ധാര്‍ഥയുടെ സ്ഥാപനങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. വളരെയടുത്ത രാഷ്ട്രീയ ബന്ധങ്ങളുണ്ടായിട്ടും എന്നും രാഷ്ട്രീയത്തില്‍നിന്നും വിവാദങ്ങളില്‍നിന്നും കൃത്യമായ അകലം പുലര്‍ത്തിയിരുന്ന സിദ്ധാര്‍ഥയെ കേസുകളിലേക്കു വലിച്ചിഴയ്ക്കാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നാണ് ആദായ നികുതി ഉദ്യോഗസ്ഥര്‍ പറയുന്നത്.
2017ല്‍ ശിവകുമാറിന്റെയും സഹായികളുടെയും വീട്ടില്‍ നടത്തിയ റെയ്ഡില്‍ കഫേ കോഫി ഡേയുടെ അക്കൗണ്ടില്‍നിന്ന് 20 കോടിയോളം രൂപ ശിവകുമാറുമായി ബന്ധമുള്ള അക്കൗണ്ടിലേക്കു കൈമാറിയതിന്റെ രേഖകള്‍ ലഭിച്ചിരുന്നു. ഇതില്‍ ഇടനിലക്കാരനായി നിന്ന സിംഗപ്പുര്‍ പൗരന് രജനീഷ് ഗോപിനാഥിന്റെ വീട്ടില്‍നിന്നു രേഖകളില്ലാതെ 1.2 കോടി രൂപ പിടിച്ചെടുക്കുകയും ചെയ്തു. ഇതു സിദ്ധാര്‍ഥയുടെ പണമാണെന്നാണ് രജനീഷ് മൊഴി നല്‍കിയത്.
രജനീഷിന്റെ സഹോദരന് മുനീഷ് ഗോപിനാഥ് കഫേ കോഫി ഡേയുടെ ഡയറക്ടറാണ്. ഈ സഹോദരങ്ങള്‍ക്ക് ഹവാല ഇടപാടുകളുമായി ബന്ധമുള്ളതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇക്കാര്യങ്ങളില്‍ നടത്തിയ തുടരന്വേഷണമാണ് സിദ്ധാര്‍ഥയുടെ സ്ഥാപനങ്ങളിലും റെയ്ഡ് നടക്കുന്നതില്‍ കൊണ്ടെത്തിച്ചത്.
എസ്.എം. കൃഷ്ണയുടെ അനുയായിയായി രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ ശിവകുമാറുമായി സിദ്ധാര്‍ഥ വളരെ അടുത്ത ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. കൃഷ്ണ പിന്നീട് ബിജെപിയിലെത്തിയിട്ടും ഈ ബന്ധത്തില്‍ ഉലച്ചിലൊന്നും ഉണ്ടായില്ല. രാജ്യത്തെ ഏറ്റവും സമ്പന്നരായ രാഷ്ട്രീയനേതാക്കളില്‍ ഒരാളായി അറിയപ്പെടുന്ന ശിവകുമാറുമായി സിദ്ധാര്ഥയ്ക്കു നിരവധി സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നതായാണ് സൂചന. ഈ ഇടപാടുകളുടെ പൂര്‍ണ വിവരങ്ങള്‍ പലതും രഹസ്യസ്വഭാവമുള്ളവയായിരുന്നു.
കർണാടകയിലെ രാഷ്ട്രീയ കുതിരക്കച്ചവടങ്ങളുമായി പോലും കൂട്ടിവായിക്കാവുന്ന രഹസ്യങ്ങള്‍ വെളിപ്പെടുത്തി ശിവകുമാറിനെ കുരുക്കിലാക്കാന്‍ സിദ്ധാര്‍ഥയുടെ മേല്‍ കടുത്ത സമ്മര്‍ദമുണ്ടായിരുന്നതായാണ് സൂചന.
എന്നാല്‍, ബിസിനസിലെ വിശ്വാസ്യതയ്ക്ക് എന്നും പ്രാധാന്യം നല്‍കിയിരുന്ന സിദ്ധാര്‍ഥ ഒരിക്കലും അതിന് വഴങ്ങിയില്ല. ഇതോടെ സിദ്ധാര്‍ഥയുടെ എല്ലാ സാമ്പത്തിക ഇടപാടുകളും ആദായനികുതി വകുപ്പിന്റെ കര്‍ശനമായ നിരീക്ഷണത്തിലായി. ബിസിനസില്‍ ഒരടി മുന്നോട്ടുപോകാന്‍ അനുവദിക്കാത്ത വിധം കുരുക്ക് മുറുക്കുകയും ചെയ്തു.