ന്യൂഡൽഹി: കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് ജയ്ഹിന്ദ് ചാനലിലുള്ള നിക്ഷേപത്തിന്റെ വിവരങ്ങൾ തേടി സിബിഐ നോട്ടീസ്. ശിവകുമാറുമായി ബന്ധപ്പെട്ട അനധികൃത സ്വത്ത് സന്പാദന കേസിലാണ് ചാനലിനോട് സിബിഐ വിശദീകരണം തേടിയത്.
ഇതുമായി ബന്ധപ്പെട്ട രേഖകൾ സഹിതം ജനുവരി 11നു മുമ്പായി അന്വേഷണ ഏജൻസിയുടെ ബംഗളൂരു ഓഫീസിൽ ഹാജരാകാനാണ് മാനേജിംഗ് ഡയറക്ടർക്കു നൽകിയിട്ടുള്ള നിർദേശം.
ശിവകുമാറും ഭാര്യ ഉഷാ ശിവകുമാറും നടത്തിയിട്ടുള്ള എല്ലാ ഇടപാടുകളുടെയും രേഖകൾ ഹാജരാക്കണം. അദ്ദേഹത്തിന്റെ മകനും മറ്റു കുടുംബാംഗങ്ങളും ചാനലുമായി ബന്ധപ്പെട്ടു നടത്തിയ നിക്ഷേപങ്ങളുടെ രേഖകളും സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്.
ക്രമക്കേടുകൾ ഒന്നും കണ്ടെത്താനാകാതെ മുൻ കർണാടക സർക്കാർ അവസാനിപ്പിച്ച കേസാണിതെന്നും തികച്ചും രാഷ്ട്രീയ പ്രേരിതമാണ് ഈ അന്വേഷണമെന്നും ജയ്ഹിന്ദ് മാനേജിംഗ് ഡയറക്ടർ ബി.എസ്. ഷിജു വ്യക്തമാക്കി.