കര്‍ണാടകയില്‍ ഖനി മുതലാളിമാരുടെയും വന്‍കിട ഭൂമാഫിയമാരുടെയും പണക്കൊഴുപ്പില്‍ അധികാരത്തിലേറിയ യെദിയൂരപ്പയും ബിജെപിയും നാണംകെട്ട് താഴെയിറങ്ങി. നാലുവര്‍ഷത്തെ മോദി ഭരണത്തില്‍ ബിജെപിക്കു മുന്നില്‍ കോണ്‍ഗ്രസ് തലയുയര്‍ത്തി പിടിച്ച് നിന്ന ഒരേയൊരു നിമിഷമെന്ന് ഈ അവസരത്തെ വിശേഷിപ്പിക്കാം. ശതകോടീശ്വരന്മാരുടെ പിന്‍ബലത്തിലും കേന്ദ്ര ഭരണത്തിന്റെ തണലിലും പ്രബലരായി നിന്ന യെദിയൂരപ്പയെയും സംഘത്തെയും ചങ്കുറ്റത്തോടെ നേരിട്ട കോണ്‍ഗ്രസിന്റെ പടനായകന് ആരാണ്? ഡി.കെ. ശിവകുമാര്‍ ചാണക്യന് തന്നെ. കര്‍ണാടക രാഷ്ട്രീയത്തില്‍ സൂപ്പര്‍ താരപരിവേഷമാണ് ഇപ്പോള്‍ ഡികെയ്ക്ക്.
ഡി.കെ. എന്ന പേര് കോണ്‍ഗ്രസ് അണികള്‍ക്കിടയില്‍ ആദ്യം ചര്‍ച്ചയാകുന്നത് ഗുജറാത്ത് രാജ്യസഭ തെരഞ്ഞടുപ്പ് കാലത്താണ്. അന്ന് അഹമ്മദ് പട്ടേലിനെ തോല്പിക്കാന് കോണ്‍ഗ്രസ് എംഎല്‍എമാരെ ചാക്കിട്ടു പിടിക്കാന്‍ കോടികളുമായി ബിജെപി പാഞ്ഞു നടന്നപ്പോള്‍ രക്ഷകനായത് ശിവകുമാറായിരുന്നു. രാത്രിക്കു രാത്രി ഗുജറാത്തില്‍ നിന്ന് എംഎല്‍എമാരെ ബംഗളൂരുവില്‍ എത്തിച്ചു.
കര്‍ണാടകയിലെത്തിയ എംഎല്‍എമാരെ പാട്ടിലാക്കാന്‍ ബിജെപി പഠിച്ച പണി പതിനെട്ടും നടത്തിയിട്ടും ശിവകുമാറിന് മുന്നില്‍ പിടിച്ചു നില്ക്കാന് അവര്‍ക്കായില്ല. അത്രയ്ക്കു ശക്തനാണ് ഡികെ എന്ന് അണികള്‍ വിളിക്കുന്ന ഈ അന്പത്താറുകാരന്. കര്‍ണാടകയിലെ കോളജുകളും ഹോട്ടലുകളും ഖനികളുമടക്കം കോടിക്കണക്കിന് രൂപയുടെ സമ്പാദ്യമാണ് ഡികെയ്ക്കുള്ളത്.
ഡി.കെ. രാഷ്ട്രീയത്തില്‍ മത്സരിക്കാനിറങ്ങുന്നത് 1985ല്‍ ആണ്. അന്ന് സന്തനൂര്‍ മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് ജനവിധി തേടുമ്പോള്‍ എതിരാളി മുന്‍പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡ. ശക്തമായ പോരാട്ടത്തിനൊടുവില്‍ ഡി.കെ. തോറ്റു. എന്നാല്‍ ഗൗഡ ലോക്സഭയിലേക്ക് മത്സരിക്കാന്‍ രാജിവച്ചതോടെ ശിവകുമാര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇവിടെ നിന്ന് ജയിച്ചുകയറി.
പിന്നീട് പിടിച്ചാല്‍ കിട്ടാതെ പറക്കുന്ന നേതാവായി വളരുന്നതാണ് കണ്ടത്. 1989ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ വീണ്ടും ഗൗഡയ്ക്കെതിരേ മത്സരിച്ചു. ഇത്തവണയും തോല്‍വിയായിരുന്നു ഫലം. പക്ഷേ പാര്‍ട്ടിയില്‍ ശക്തനാകാന്‍ അദേഹത്തിനായി. 94ലെ തെരഞ്ഞെടുപ്പില്‍ എച്ച്.ഡി കുമാരസ്വാമിയോട് തോറ്റെങ്കിലും ബെംഗളൂരു മേഖലയില്‍ കുടുതല്‍ കരുത്തനാകാന്‍ ശിവകുമാറിനായി.
2013ല്‍ ഒരുലക്ഷത്തിലേറെ വോട്ടിന് കനകപുരയില്‍ നിന്ന് ജയിച്ച് മന്ത്രിയായി. സിദ്ധരാമയ്യ കഴിഞ്ഞാല്‍ കോണ്‍ഗ്രസിലെ രണ്ടാമനാണ് ശിവകുമാര്‍. ഇത്തവണ ജെഡിഎസിന്റെ നേതൃത്വത്തില്‍ ഭരണം പിടിച്ചാല്‍ ഉപമുഖ്യമന്ത്രി സ്ഥാനവും. ഡി.കെയെ ബിജെപിയിലെത്തിക്കാന്‍ അമിത് ഷാ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടുണ്ട്. എന്നാല്‍ താനെന്നും കോണ്‍ഗ്രസുകാരനായിരിക്കുമെന്നാണ് അദേഹം പറയുന്നത്.
സ്വന്തം ബിസിനസ് സ്ഥാപനങ്ങളിലും ബന്ധുക്കളുടെ വീടുകളിലും അടിക്കടി റെയ്ഡുകള്‍ നടത്തിയെങ്കിലും കുലുങ്ങിയില്ല ഡി.കെ. ഇത്തവണ ബിജെപി ചാക്കിട്ടു പിടുത്തവുമായി ഇറങ്ങിയപ്പോള്‍ സിദ്ധരാമയ്യ പോലും ഒന്നു വിരണ്ടു. എന്നാല്‍ കോണ്‍ഗ്രസിന്റെ രക്ഷക റോളിലേക്ക് ഡികെ വരുന്നതാണ് പിന്നെ കണ്ടത്. സാമ്പത്തികവും രാഷ്ട്രീയവുമായി ബിജെപിക്ക് തിരിച്ചടി നല്കിയ ഡി.കെയെ കൂടുതല്‍ വലിയ റോളില്‍ പ്രതീക്ഷിക്കാം.