കൊച്ചി: ലഹരി ഉപയോഗത്തെ തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് വിദ്യാർഥികൾ ആശുപത്രിയിൽ ചികിത്സ തേടിയ സംഭവത്തിൽ എക്സൈസും പോലീസും അന്വേഷണം ആരംഭിച്ചു.
മൂവാറ്റുപുഴയിൽ വാലന്റൈൻ ദിനത്തോടനുബന്ധിച്ച് ഒരുസംഘം കോളജ് വിദ്യാർഥികൾ നടത്തിയ ഡ്രഗ് പാർട്ടിയിൽ പങ്കെടുത്തവർക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. എൽഎസ്ഡി പോലെയുള്ള ലഹരി വസ്തുക്കൾ പാർട്ടിയിൽ ഉപയോഗിച്ചിരുന്നുവെന്നാണ് സൂചന.
ദേഹാസ്വാസ്ഥ്യം അനുഭപ്പെട്ടതിനെത്തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് വിവിധ വിദ്യാർഥി സംഘടനകൾ ആവിശ്യപ്പെട്ടു.
നഗരത്തിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഹോസ്റ്റൽ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിൽ ലഹരി വസ്തുക്കളുടെ ഉപയോഗം ഗണ്യമായി വർധിച്ചതായി പോലീസ് കണ്ടെത്തി.
കഴിഞ്ഞ ഒരു മാസത്തിനിടെ കഞ്ചാവുമായി പത്ത് വിദ്യാർഥികൾ പിടിയിലായിരുന്നു. അടുത്തിടെ നഗരത്തിലെ ഒരു ഹോസ്റ്റലിൽ കഞ്ചാവ് ഉപയോഗവും വിൽപനയും തടയാൻ നാട്ടുകാർ നടത്തിയ ശ്രമം സംഘർഷങ്ങൾക്ക് ഇടയാക്കിയിരുന്നു.
യുവാക്കളും ഇതരസംസ്ഥാന തൊഴിലാളികളുമാണ് ലഹരി പദാർഥങ്ങളുടെ പ്രധാന ഉപഭോക്താക്കളെന്നതിനാൽ വിദ്യാലയങ്ങളെയും ഇതരസംസ്ഥാന തൊഴിലാളി ക്യാന്പുകളെയും കേന്ദ്രീകരിച്ചാണ് വിൽപന പൊടിപൊടിക്കുന്നത്.
പിടിക്കപ്പെടുന്ന സാഹചര്യമുണ്ടായാൽ റാക്കറ്റിന്റെ മുകളിലെ കണ്ണി വരെ അന്വേഷണം എത്തിക്കാൻ പോലീസിന് കഴിയാത്ത തരത്തിൽ പഴുതുകളടച്ചാണ് സംഘങ്ങൾ പ്രദേശത്ത് വിൽപന സജീവമാക്കുന്നത്.
ചെറിയ അളവിൽ കഞ്ചാവുമായി പിടിക്കപ്പെട്ടാൽ കോടതിയിൽനിന്നു ജാമ്യം ലഭിക്കുന്നതിനാൽ വീണ്ടും ഇതാവർത്തിക്കപ്പെടുകയാണ്. ഇതരസംസ്ഥാനങ്ങളിൽനിന്നു സംസ്ഥാനത്തെത്തുന്ന ഉത്പന്നങ്ങളിൽ അധികവും ഇടുക്കി ജില്ലയിലെ വിവിധ ചെക്ക് പോസ്റ്റുകൾ കടന്നാണ് എത്തുന്നത്.
ഇടുക്കി ജില്ലയിലെ കുമളി അടക്കമുള്ള ചെക്ക് പോസ്റ്റുകളിലും ഇടുക്കി-എറണാകുളം ജില്ലകളുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ചാത്തമറ്റം, തലക്കോട്, കരിമണൽ തുടങ്ങിയ ചെക്ക് പോസ്റ്റുകളിലും പരിശോധന കർശനമാക്കാത്തതാണ് കഞ്ചാവും കഞ്ചാവ് ഓയിലും അടക്കമുള്ള ലഹരി വസ്തുക്കൾ വൻ തോതിൽ ജില്ലയുടെ കിഴക്കൻ മേഖലയിലേക്ക് എത്തുന്നതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
പെട്ടിക്കടകളും തട്ടുകടകളും കേന്ദ്രീകരിച്ച് നടക്കുന്ന ലഹരി ഉൽപ്പന്നങ്ങളുടെ വിൽപന തടയാൻ അധികൃതർക്കാവാത്തതും നഗരപ്രദേശങ്ങളിൽ കച്ചവടക്കാരുടെ എണ്ണം വർധിപ്പിക്കുന്നു. കൂടാതെ ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളിലെ ചില വീടുകൾ കേന്ദ്രീകരിച്ചും കഞ്ചാവ് വിൽപന നടക്കുന്നുണ്ടെന്നു പറയപ്പെടുന്നു.
വീടുകളിൽ ചെറു പൊതികളിലാക്കി സൂക്ഷിച്ച് വിൽപന നടത്തുന്ന കഞ്ചാവിന്റെ ഉപഭോക്താക്കളുടെ എണ്ണവും ക്രമാതീതമായി വർധിക്കുകയാണ്.
20 ഗ്രാമിൽ താഴെ കഞ്ചാവുമായി പിടികൂടുന്ന കുറ്റവാളികൾ ചെറിയ ശിക്ഷയോടെ കേസിൽ നിന്നു രക്ഷപ്പെടുമെന്നത് വിദ്യാർഥികളടക്കമുള്ളവരെ ലഹരി ഉത്പന്നങ്ങളുടെ വിൽപനയ്ക്കു പ്രേരിപ്പിക്കുന്നതായി വിലയിരുത്തപ്പെടുന്നു.
ഗ്രാമപ്രദേശങ്ങളിലെ ചെറുകിട വ്യാപാര സ്ഥാപനങ്ങളിൽ പോലും ലഹരി ഉത്പന്നങ്ങൾ സുലഭമായി വിറ്റഴിക്കപ്പെടുന്നുവെന്നത് പരിശോധന കർശനമാക്കാത്തതിനാലാണെന്ന പരാതിയും ഉയരുന്നുണ്ട്.