നവവധു ടാങ്കർ ലോറി ഓടിച്ചു വരനുമായി ഹാളിലേക്കെത്തിയത് ചടങ്ങിനെത്തിയവർക്ക് കൗതുകമായി. നവവധു ഡലീഷയാണ് മനസമ്മതം കഴിഞ്ഞ് വരൻ ഹേൻസനുമായി ടാങ്കർ ലോറി ഓടിച്ച് ഹാളിലെത്തിയത്.
കാരമുക്ക് പൊറുത്തൂർ പള്ളിക്കുന്നത്ത് ഡേവീസ് – ട്രീസാ ദന്പതികളുടെ മകളാണ് ഡലീഷ. കാഞ്ഞിരപ്പിള്ളി ആനയ്ക്കൽ മേലോത്ത് പരേതരായ മാത്യു – ഏത്തമ്മ ദന്പതികളുടെ മകൻ ഹേൻസനാണ് വരൻ. ഇരുവരും വിദേശത്ത് ടാങ്കർ ലോറി ഡ്രൈവർമാരാണ്.
ടാങ്കർ ലോറി ഡ്രൈവറായ പിതാവ് ഡേവിസിനൊപ്പം ഒഴിവു സമയങ്ങളിൽ ഡലീഷ കൂടെ സഞ്ചരിക്കുന്നത് പതിവായിരുന്നു.
ഇതോടെ ഡലീഷയ്ക്ക് ഡ്രൈവിംഗ് പഠിക്കണമെന്ന മോഹം ഉണ്ടായി. ഇതോടെ ഡ്രൈവിംഗ് പഠിക്കുകയും ലൈസൻസ് എടുക്കുകയും ചെയ്തു.
ടാങ്കർ ലോറി ഓടിക്കാൻ പിതാവിനൊപ്പം ചേർന്ന ഡലീഷ പിന്നീട് പിതാവ് ഇല്ലാതെ ടാങ്കർ ലോറി ഓടിച്ച് കൊച്ചിയിൽ നിന്നും പെട്രോൾ എടുത്ത് മലപ്പുറം പന്പിൽ എത്തിക്കുക പതിവായി.
ഇതോടെ മാധ്യമശ്രദ്ധ നേടിയ ഡലീഷയ്ക്ക് തൊഴിൽ വാഗ്ദാനവുമായി ഗൾഫ് കന്പനികൾ എത്തി.
ഗൾഫിൽ ടാങ്കർ ലോറി ഡ്രൈവറായി തൊഴിൽ ചെയ്തു വരവേയാണ് ജർമൻ കന്പനിയിൽ ടാങ്കർ ലോറി ഡ്രൈവറായ ഹേൻസനുമായി പരിചയപ്പെടുന്നതും പിന്നീട് വിവാഹത്തിലേക്ക് എത്തിയതും.
വടക്കേ കാരമുക്ക് സെന്റ് ആന്റണീസ് ദേവാലയത്തിൽ ഇന്നലെ ഉച്ചയ്ക്കായിരുന്നു മനസമ്മത ചടങ്ങ് നടന്നത്.
ചടങ്ങുകൾ അവസാനിച്ച് വേണ്ടപ്പെട്ടവരുമായുള്ള ഫോട്ടോ ഷൂട്ടിനും ശേഷം ടാങ്കർ ലോറിയിൽ കയറി നവദന്പതികൾ ഹാളിലേക്ക്. അകന്പടിയായി നാസിക് ഡോളുമായി മേളക്കാരും.
ഒന്പതിന് കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് ദേവാലയത്തിൽ ഉച്ചതിരിഞ്ഞ് നാലിന് നടക്കുന്ന ചടങ്ങിൽ ഹേൻസൻ ഡലിഷയുടെ കഴുത്തിൽ താലിചാർത്തും.