കൊച്ചി: എറണാകുളം കാക്കനാട്ടെ ഡിഎല്‍എഫ് ഫ്ളാറ്റില്‍ ഛര്‍ദിയും വയറിളക്കവുമായി 350 പേര് ചികിത്സ തേടി. കുടിവെള്ളത്തില്‍ നിന്നാണ് രോഗം പടര്‍ന്നതെന്ന് സംശയം. ജൂണ്‍ ആദ്യമാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. ജൂണ്‍ ഒന്ന് മുതല്‍ ഇതുവരെ ഫ്ളാറ്റില്‍ താമസക്കാരായ 340 പേര് ചികിത്സ തേടിയതായാണ് വിവരം. അഞ്ച് വയസില്‍ താഴെയുള്ള ഇരുപതിലധികം കുട്ടികള്‍ക്ക് രോഗബാധയുണ്ടായി.
ആരോഗ്യ വകുപ്പ് സ്ഥലത്തെത്തി ജലത്തിന്റെ വിവിധ സാമ്പിളുകള്‍ ശേഖരിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ പരിശോധനകളും ക്ലോറിനേഷന് അടക്കമുള്ള നടപടികളും ഉണ്ടാകും. പരിശോധനയില്‍ ഫ്ളാറ്റിലെ ഒരാളില്‍ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇതു തന്നെയാണോ ഇത്രയും പേര്‍ക്ക് അസുഖം വരാന്‍ കാരണമെന്ന് ഇപ്പോള്‍ വ്യക്തമല്ല.
ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീനയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം തുടങ്ങി. സംഭവത്തിൽ ജില്ലാ കളക്ടർ ഡിഎംഒയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.15 ടവറുകളിലായി 1268 ഫ്ളാറ്റുകളില്‍ 5000ത്തിലധികം ആളുകളാണ് ഇവിടെ താമസിക്കുന്നത്. ഫ്ളാറ്റിലെ കിണറുകള്‍, മഴവെള്ള സംഭരണി, ബോര്‍വെല്‍, വാട്ടര്‍ അതോറിറ്റി കണക്ഷന് തുടങ്ങിയവയാണ് ഫ്ളാറ്റിലെ പ്രധാന ജല സ്രോതസുകള്‍.
ഇവയില്‍ ഏതില്‍ നിന്നാണ് രോഗം പടര്‍ന്നതെന്ന് വിശദമായി പരിശോധിച്ചുവരുകയാണ്. നിലവില്‍ ഈ സ്രോതസുകള്‍ എല്ലാം അടച്ച് ടാങ്കര്‍ വഴി വെള്ളം എത്തിച്ചാണ് ഫ്ളാറ്റിലെ ജല ഉപയോഗം നടത്തുന്നത്.പ്രായമായവരും കുട്ടികളും ഉള്‍പ്പെടെ 50 പേര് കാക്കനാട് സണ്‍ റൈസ് ആശുപത്രിയിലാണ് ചികിത്സ തേടിയത്. നിലവില്‍ അഞ്ചു പേരാണ് ചികിത്സയിലുള്ളത്.
ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടും കൃത്യമായ മുന്നറിയിപ്പ് നല്‍കിയില്ലെന്ന് അസോസിയേഷനെതിരേ പരാതിയുണ്ട്. മേയ് 27, 28 തീയതികളിലെ വെള്ളപ്പൊക്കം മൂലം, ഭൂനിരപ്പില്‍ നിന്ന് താഴെ നിര്മ്മിച്ചിരിക്കന്ന ഡിഎല്‍എഫിലെ വലിയ ജലസംഭരണി മലിനമായിരുന്നു. ഈ ഫ്ളാറ്റ് സമുച്ചയത്തിന്റെ തൊട്ടടുത്തുള്ള ദര്ശന് നഗറില്‍ വെള്ളപ്പൊക്ക ദിവസങ്ങളില്‍ വീടുകള്‍ക്കുള്ളില്‍ വരെ വെള്ളം കയറിയിരുന്നു.