കൊച്ചി: കാക്കനാട് ഡിഎല്‍എഫ് ഫ്ളാറ്റിലെ താമസക്കാര്‍ അസുഖബാധിതരായ സംഭവത്തില്‍ ഫ്ളാറ്റ് അസോസിയേഷന് ഭാരവാഹികളുടെ ഭാഗത്തു നിന്നുണ്ടായ അനാസ്ഥ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പോലീസില്‍ പരാതി. ഫ്ളാറ്റിലെ താമസക്കാരായ മെല്വിന് ജോസും ഭാര്യയുമാണ് ഇതുസംബന്ധിച്ച് ഇന്‍ഫോപാര്‍ക്ക് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുന്നത്.
500ലേറെ പേര്‍ക്ക് ഛര്‍ദിയും വയറിളക്കവും പിടിപെട്ടത് കുടിവെള്ളത്തില്‍ കോളിഫോം ബാക്ടീരിയകള്‍ കലര്‍ന്നതിനെ തുടര്‍ന്നാണെന്ന് റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു.മെല്‍വിന്റെ രണ്ടു വയസുള്ള മകന് ഒരാഴ്ചയും 74കാരനും ഹൃദ്രോഗിയുമായ പിതാവ് അഞ്ച് ദിവസവും അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടി.
15 ടവറുകളിലെ 1268 ഫ്ളാറ്റുകളിലായി 5000ത്തിലേറെ താമസക്കാരാണ് ഇവിടെയുള്ളത്. വെളളത്തില്‍ കോളിഫോം ബാക്ടിരീയയുടെ സാന്നിധ്യമുണ്ടെന്ന് അറിഞ്ഞിട്ടും ഇക്കാര്യങ്ങള്‍ മറച്ചുവച്ചുവെന്നും 15 ദിവസം കഴിഞ്ഞിട്ടാണ് ഇക്കാര്യം പുറത്തു പറയാന്‍ അസോസിയേഷന് ഭാരവാഹികള്‍ തയാറായതെന്നും പരാതിയില്‍ പറയുന്നു.
ഇത്രയുമധികം പേരുടെ ജീവന് വച്ച് പന്താടുന്ന സമീപനമാണ് അസോസിയേഷന് ഭാരവാഹികളുടെ പക്കല്‍ നിന്നുണ്ടായിട്ടുള്ളതെന്നും അതിനാല്‍ അന്വേഷണം വേണമെന്നുമാണ് പരാതിയിലെ ആവശ്യം. പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി ഇന്‍ഫോപാര്‍ക്ക് പോലീസ് ഇന്‍സ്പെക്ടര്‍ അറിയിച്ചു.